അനില്‍ അംബാനിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയില്‍ സുപ്രിംകോടതി വിധി ഇന്ന്

ദില്ലി: റിലൈന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഉടമ അനില്‍ അംബാനിക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജിയില്‍ സുപ്രിംകോടതി ഇന്ന് വിധി പ്രസ്താവിക്കും. കോടതി ഉത്തരവ് ഉണ്ടായിട്ടും 550 കോടി രൂപ നല്‍കിയില്ല എന്ന് ആരോപിച്ച്‌ എറിക്‌സണ്‍ ഇന്ത്യ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് വിധി. ജസ്റ്റിസ്മാരായ റോഹിങ്ടന്‍ നരിമാന്‍, വിനീത് ശരണ്‍ എന്നിവര്‍ ആണ് വിധി പ്രസ്താവിക്കുന്നത്. രാവിലെ 10.30 നാണ് വിധി പ്രസ്താവം.

കോടതി അലക്ഷ്യ ഹര്‍ജിയില്‍ ജസ്റ്റിസ് മാരായ റോഹിങ്ടന്‍ നരിമാന്‍, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ജനുവരി 7 ന് പുറപ്പെടുവിച്ച വിധിയില്‍ തിരിമറി നടത്തി എന്ന് സംശയിക്കുന്ന രണ്ട് കോടതി ജീവനക്കാരെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നേരത്തെ പിരിച്ച്‌ വിട്ടിരുന്നു. കോടതി അലക്ഷ്യ ഹര്‍ജിയില്‍ വാദം നടന്ന രണ്ട് ദിവസവും അനില്‍ അംബാനി സുപ്രിംകോടതിയില്‍ ഹാജരായിരുന്നു.

സ്വിസ്സ് കമ്ബനിയായ എറിക്‌സണ് നല്‍കാനുള്ള പണം നല്‍കാന്‍ ശ്രമിച്ചിരുന്നു എന്നും എന്നാല്‍ കമ്ബനി പാപ്പരായതിനാല്‍ ആണ് നേരത്തെ ഉറപ്പ് നല്‍കിയ പണം നല്‍കാന്‍ കഴിയാത്തത് എന്നും റിലൈന്‍സ് സുപ്രിംകോടതിയില്‍ വാദിച്ചിരുന്നു.