KERALA

അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ സംഘ പരിവാറിനൊപ്പം നിന്ന പൊന്യം ചന്ദ്രനോട് പ്രതിഷേധിച്ച് അവാർഡ് നിഷേധിച്ച് ചിത്രകാരി സിന്ധു ദിവാകരൻ..

img

ഇന്നലെ നടന്ന അശാന്തൻ അവാർഡ് ദാന സമ്മേളനത്തിൽ പങ്കെടുത്ത് അവാർഡു നിരാകരിച്ച സിന്ധു ദിവാകരന്റെ വിശദീകരണക്കുറിപ്പ്.
ശക്തമായ നിലപാടാണ് സിന്ധുവിന്റേത്.ബാങ്ക് അധികാരികളെ നേരത്തെ ഇക്കാര്യങ്ങൾ അറിയിച്ചിരുന്നുവെന്നാണ് സിന്ധു വിശദീകരിക്കുന്നത്.

പൊന്യം ചന്ദ്രൻ പങ്കെടുത്താൽ താൻ അവാർഡു നിരസിക്കുമെന്ന് ബാങ്ക് പ്രസിഡണ്ട് ഇഗ്നേഷ്യസിനോട് നേരിട്ട് പറഞ്ഞതായി സിന്ധു വെളിപ്പെടുത്തി. എന്നിട്ടും പൊന്യം ചന്ദ്രനെ പരിപാടിയിൽ പങ്കെടുപ്പിക്കുമെന്ന വാശിയിലായിരുന്നു ബാങ്ക്. അവാർഡുദാനത്തെ 25000 രൂപ നൽകുന്ന ഒരു ബാങ്ക് ഇടപാടു മാത്രമായാണ് ബാങ്ക് കണ്ടത്. ഒരു കലാകാരി എന്ന നിലയിൽ സിന്ധു സ്വീകരിച്ച രാഷ്ട്രീയമായ നിലപാട് അവർക്ക് സ്വീകാര്യമായില്ല.തന്റെ നിലപാടിൽ ഉറച്ചു നിന്നു കൊണ്ടാണ് അവാർഡ് സിന്ധു നിരസിച്ചത്.അത് ശരിയുമായിരുന്നു. ഞാൻ ഈ അടുത്ത കാലത്ത് കേട്ട ഏറ്റവും വൃത്തികെട്ട താൻപോരിമ നിറഞ്ഞ അശ്ലീലമായിരുന്നു ഇന്നലത്തെ പൊന്യം ചന്ദ്രന്റെ പ്രസംഗം.ആ പ്രസംഗം കേട്ട ആത്മാഭിമാനമുള്ള ആരും ആ വേദിയിൽ വെച്ച് ഒരവാർഡു സ്വീകരിക്കില്ല’ ഇന്നലെ സിന്ധു ഉയർത്തിപ്പിടിച്ചത് കേരളത്തിലെ ചിത്രമെഴുത്തുകാരുടെ ആത്മാഭിമാനമാണ്.സിന്ധുവിന്റെ കുറിപ്പ്:അശാന്തൻ അവാർഡ്‌ ഞാൻ നിരസിച്ചു. അശാന്തന്റെ മൃതദേഹത്തെ അപമാനിച്ചവനാണ് പൊന്ന്യം ചന്ദ്രൻ.
ഇവിടെ വീണ്ടും അശാന്തന്റെ ” ഓർമ്മകൾ ” ഒരിക്കൽ കൂടി അപമാനിക്കപ്പെട്ടു. അശാന്തന്റെ ഓർമ്മകൾ തുടിക്കുന്ന ഈ മണ്ണിൽവച്ച് അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് സ്വീകരിക്കുവാൻ എനിക്ക് അതിയായ സന്തോഷമുണ്ടായിരുന്നു,
എന്നാൽ വർഗീയ വാദികൾക്കൊപ്പം നിന്ന് അശാന്തന്റെ മൃതദേഹത്തെ അപമാനിച്ച ചന്ദ്രൻ ഈ അവാർഡ് സമർപ്പണ ചടങ്ങിൽ പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ചു കൊണ്ട് ഞാൻ തീവ്രമായ ദുഖത്തോടെ പ്രഥമ അശാന്തൻ അവാർഡ്‌, അവാർഡ്‌ സമർപ്പണ ചടങ്ങിൽ വച്ച് നിരസിച്ചുഎനിക്ക് ഇടപ്പള്ളി വടക്കുംഭാഗം സർവ്വീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ പ്രഥമ അശാന്തൻ പുരസ്കാരം ലഭിച്ചതിൽസന്തോഷവും അഭിമാനമുണ്ട്. എന്നാൽ അശാന്തന്റെ മൃതദേഹത്തെ നിഷ്ക്കരുണം അപമാനിച്ച ഒരാൾ പുരക്കാര സമർപ്പണ ചടങ്ങിൽ ആശംസിക്കാൻ എത്തുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ്. മരണശേഷം അപമാനിക്കപ്പെട്ട ഒരു കലാകാരനാണ് അശാന്തൻ. ദളിതനായി പിറന്നത്‌ കൊണ്ട് മാത്രം അപമാനിതനായ കലാകാരൻ. അശാന്തന്റെ മൃതദേഹത്തെ അപമാനിച്ചത് വർഗ്ഗീയ വാദികളും ലളിതകലാ അക്കാഡമി സെക്രട്ടറി ചന്ദ്രനും ചേർന്നായിരുന്നു. അശാന്തൻ നിരന്തരം വന്നിരിക്കാറുണ്ടായിരുന്ന ലളിതകലാ അക്കാഡമിയിൽ അദ്ദേഹത്തിന്റെ മൃതദേഹം പ്രദർശനത്തിന് വക്കണമെന്ന് സുഹൃത്തുക്കൾ എല്ലാവരും ചേർന്ന് തീരുമാനിക്കുകയും അതംഗീകരിക്കുകയും ചെയ്തു. മൃതദേഹം പ്രദർശനത്തിന് ഡർബാർ ഹാളിലേക്ക് കൊണ്ടു വന്നപ്പോൾ വർഗ്ഗീയ വാദികൾ തടഞ്ഞു. അക്കാഡമിയുടെ അധികാര പരിധിയിലുള്ള ഡർബാർ ഹാൾ ഗ്യാലറിയിൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശം ലളിതകലാ അക്കാഡമിയിൽ മാത്രം നിക്ഷിപ്തമായിരിക്കെ അശാന്തന്റെ മൃതദേഹത്തെ സംഘപരിവാർ നിർദ്ദേശപ്രകാരം പിൻവാതിലിലൂടെ കൊണ്ടുവന്ന് കിഴക്കേ വരാന്തയിൽ കിടത്തുകയായിരുന്നു…. വർഗീയവാദികളുടെ ആജ്ഞക്ക് കീഴടങ്ങുകയായിരുന്നു നികൃഷ്ടനായ അക്കാഡമി സെക്രട്ടറി പൊന്യൻ ചന്ദ്രൻ. സംഘപരിവാറിനൊപ്പം നിന്ന് അശാന്തന്റെ മൃതദേഹത്തെ അപമാനിച്ച ചന്ദ്രന്റെ നിലപാടിനെതിരെ സമൂഹത്തിന്റെ നാനാ മേഖലകളിൽ നിന്നും അന്ന് പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. സർക്കാർ തലത്തിൽ നിന്നുപോലും വിമർശനം ഉയർന്ന നടപടിയാണ് ചന്ദ്രന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഡർബാർ ഹാളിന്റെ മുറ്റത്ത് തന്നെയാണ് ഈ മനുഷ്യത്വരഹിതമായ പ്രവർത്തിക്കെതിരെ ആദ്യ പ്രതിഷേധം നടന്നത്. അശാന്തനെ അപമാനിച്ച നീചനെതിരെ ബഹുമാനപ്പെട്ട സാനുമാഷും. സഖാവ് പി. രാജീവും, സത്യപാൽ സാറും, ശ്രീ രവിക്കുട്ടനും, ശ്രീ ജോഷി ഡോൺബോസ്‌കോയും, ശ്രീ സേവ്യർ പുൽപ്പാടും, ശ്രീമതി കവിതാ ബാലകൃഷ്ണനും പ്രതിഷേധസ്വരം ഉയർത്തി കൊണ്ടു പ്രസംഗിച്ചു.
ഈ യോഗത്തിൽ വച്ചാണ് അക്കാഡമിസെക്രട്ടറി പൊന്ന്യം ചന്ദ്രന്റെ ഹീന നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട് ലളിതകലാ അക്കാഡമി എക്സിക്യുട്ടീവ് അംഗത്വം ബഹുമുഖ പ്രതിഭയായ ശ്രീമതി കവിതാ ബാലകൃഷ്ണൻ രാജി വച്ചത്. അന്ന് നൂറുകണക്കിന് കലാകാരൻമാർ ഡർബാർ ഹാൾ അങ്കണനത്തിൽ ചിത്രം വരച്ചു തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. പിന്നീട് നിരവധി പ്രതിക്ഷേധയോഗങ്ങൾ സംസ്ഥാനത്തുടനീളം നടന്നു. അശാന്തന്റെ മൃതദേഹത്തെ അപമാനിക്കുന്നതിന് കൂട്ടാളിയായി പ്രവർത്തിച്ച പൊന്യൻ ചന്ദ്രനെ അശാന്തം പുരസ്കാരസമർപ്പണ വേളയിൽ ആശംസ പ്രസംഗത്തിന് ക്ഷണിച്ചതിലൂടെ അശാന്തന്റെ തുടിച്ച് നിൽക്കുന്ന ഓർമ്മകളെക്കൂടി അപമാനിക്കുകയാണ്. ഈ നിലപാടിനെതിരെ ഞാൻ പ്രതിഷേധിക്കുന്നു, അവാർഡ്‌ നിരസിക്കുന്നു. അവാർഡ് ഏർപ്പെടുത്തിയ ബാങ്ക് അധികാരികക്ക് ഇതിൽ പങ്കില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു….
എന്നാൽ ദളിതരോട് പകയുമായി നടക്കുന്ന കുറ്റവാളിയെ വെള്ള പൂശുവാനുള്ള, ഭിക്ഷാംദേഹികളായ ചിലരുടെ താപ്പര്യമാണ് ഇതിനു പിന്നിൽ. ചിത്രഭാഷയെന്തന്നറിയാത്ത, വിഷ്വൽ സെൻസിബിലിറ്റി തൊട്ടു തീണ്ടിയിട്ടില്ലാത്ത, ചിത്രകാരൻ ചമഞ്ഞു നടക്കുന്ന, സി പി എമ്മിൽ വിഭാഗീയത കളിച്ചു പാർട്ടിയെ പിന്നിൽനിന്ന് നന്നായി കുത്തിയ മണിയടിവീരനായ ഒരു നീലക്കുറുക്കാനാണ് ബാങ്ക്‌ ഭരണാധികളെ കബളിപ്പിച്ചു ഹീനനായ പൊന്ന്യം ചന്ദ്രനെന്ന കൂറ്റവാളിയെ, മാമോദീസ മുക്കാൻ അവാർഡ്‌ സമർപ്പണ ചടങ്ങിലേക്ക് ക്ഷണിച്ചു വരുത്തിയത്. അശാന്തനെ പൊന്ന്യം ചന്ദ്രൻ അപമാനിച്ച ചരിത്ര മറിയാവുന്ന മന്ത്രിയുൾപ്പെടെയുള്ള വിശിഷ്ടരായ അതിഥികൾ ചടങ്ങിൽ നിന്നും വിട്ടുനിന്നു. ബാങ്ക്‌ അമിതമായി വിശ്വാസം അർപ്പിച്ച കുളംതോണ്ടിയാണ് ശകുനി വേഷം കെട്ടി അവാർഡ്‌ സമർപ്പണ ചടങ്ങ്
അലംകോലമാക്കിയതിലെ ഒന്നാം പ്രതി. പൊന്ന്യം ചന്ദ്രൻ എന്ന അശ്ലീലം അവാർഡ്‌ സമർപ്പണ വേദി കുമ്പസാര കൂടാക്കി മാറ്റി.
എനിക്ക് ലഭിച്ച അവാർഡ് തുകയായ 25000 രൂപ അശാന്തന്റെ വീടു പണിയുന്നതിനുള്ള സഹായനിധിയിലേക്കു നൽകുവാൻ ഞാൻ തീരുമാനിച്ചിരുന്നു, അത് ബാങ്ക് അധികാരികളെ അറിയിക്കുകയും ചെയ്തിരുന്നു, എന്നാൽ അത് സാധ്യമാകാത്ത നിലയിലേക്ക് മേൽ സൂചിപ്പിച്ച കപടചിത്രകാരൻ കാര്യങ്ങൾ കൊണ്ടു ചെന്നെത്തിച്ചു.
പ്രഥമ അശാന്തൻ പുരസ്കാരം ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനമുണ്ട്. ബാങ്കിനോടുള്ള നന്ദി ഞാൻ ഒരിക്കൽക്കൂടി രേഖപ്പെടുത്തുന്നു…….പ്രത്യേകിച്ച് ബാങ്ക് ചെയർമാൻ സഖാവ് ഇഗ്നേഷ്യസിനോട്.
ദളിതരെ അപമാനിക്കുന്നത് വിനോദമാക്കിയവരെ ആദരിക്കുന്ന സംസ്കാരം വടക്കേ ഇന്ത്യയുടേതാണ് കേരളത്തിന്റേതല്ല….
ഞാൻ അവാർഡ്‌ നിഷേധിക്കേണ്ട നിലയിലേക്ക്, ചരിത്രം മറന്നു നിലപാടുകൾ സ്വീകരിച്ചവരെ ഓർത്തു ഞാൻ ലജ്ജിച്ചു തല കുനിക്കുന്നു. എന്റെ നിലപാടിനു പിൻതുണ അറിയിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.സ്നേഹപൂർവ്വം
സിന്ധു ദിവാകരൻ
21- 9 – 2019