
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിൽ വൻ കൃത്രിമത്വം നടന്നതായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആദ്യഘട്ട വോട്ടെടുപ്പിൽ നടന്നതുപോലുള്ള കൃത്രിമത്വം തുടരുകയാണെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത നഷ്ടപ്പെടുമെന്നും യെച്ചൂരി പറഞ്ഞു. ബംഗാളിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെസ്റ്റ് ബംഗാളിലടക്കമുള്ള സംസ്ഥാനങ്ങളിൽ നടന്ന ആദ്യഘട്ടത്തിലെ വോട്ടെടുപ്പിൽ വൻ കൃത്രിമമാണ് നടന്നത്. ത്രിപുരയിൽ പലഘട്ടങ്ങളിലായാണ് കൃത്രിമത്വം നടന്നത്. പോളിങ് കേന്ദ്രങ്ങളിൽ ആരും സന്ദർശിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തലാണ് ആദ്യ ഘട്ടം. ആരാണോ ബൂത്തുകളിൽ പ്രവേശിക്കുന്നത് അവരെ ഭീഷണിപ്പെടുത്തുകയും തിരിച്ചയക്കുകയും ചെയ്യുന്നു. അതിന് ശേഷം വോട്ട് രേഖപ്പെടുത്താൻ വരുന്നവരെ തിരിച്ചറിയുകയും അവർ മറ്റ് രാഷ്ട്രീയ പാർട്ടികളിലെ അംഗമാണെങ്കിൽ മർദ്ദിക്കുകയും ചെയ്യുന്നു. അവസാനമായി പോളിങ് കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിൽ ബൂത്തുകൾ അടച്ച് പൂട്ടും. എന്നാൽ എന്താണ് ഉള്ളിൽ നടക്കുന്നതെന്ന് ഞങ്ങൾക്ക് അറിയാം. പക്ഷെ, തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ ഇതിനെതിരെ നടപടി എടുക്കണം-യെച്ചൂരി പറഞ്ഞു.
ആന്ധ്രപ്രദേശ് എടുക്കുകയാണെങ്കിൽ, ഉച്ചയ്ക്ക് രണ്ടോ മൂന്നോ മണിക്കാണ് വോട്ടിങ് ആരംഭിച്ചത്. അത് പുലർച്ചവരെ തുടർന്നു. ആധുനിക സാങ്കേതികവിദ്യ വികസിച്ചിട്ടും യന്ത്രങ്ങൾ തകരാറിലായത് അപ്രതീക്ഷിതമാണ്. തെരഞ്ഞെടുപ്പിലെ കൃത്രിമത്വം സംബന്ധിച്ചുള്ള പരാതികൾ ഉന്നയിക്കുന്നതിന് ഇടതുപക്ഷ നേതാക്കൾ കമ്മീഷനുമായി തിങ്കളാഴ്ച്ച കൂടിക്കാഴ്ച്ച നടത്തും. രണ്ടാം ഘട്ട വോട്ടെടുപ്പിലും ഇത്തരത്തിൽ കൃത്രിമം നടക്കുകയാണെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്ന് കമ്മീഷനോട് പറയുമെന്നും യെച്ചൂരി വ്യക്തമാക്കി.