ആലപ്പുഴയില്‍ മകളെ ശല്യംചെയ്ത യുവാവിനെ പിതാവ് കുത്തിക്കൊന്നു

മകളെ ശല്യംചെയ്ത യുവാവിനെ പെണ്‍കുട്ടിയുടെ പിതാവ് കുത്തിക്കൊന്നു. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കല്‍ അറവുളശേരി വീട്ടില്‍ ബാബുവിന്റെ മകന്‍ കുര്യന്‍(20)ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പകല്‍ 12.30ഓടെ വാടക്കല്‍ ദൈവജനമാത പള്ളിക്ക് സമീപത്തായിരുന്നു സംഭവം. അയല്‍വാസി വാടക്കല്‍ വേലിയകത്ത് വീട്ടില്‍ സോളമന്‍(42)നെ സംഭവവുമായി ബന്ധപ്പെട്ട് പുന്നപ്ര പൊലീസ് അറസ്റ്റുചെയ്തു.

സോളമന്റെ മകളെ കുര്യന്‍ നിരന്തരം ശല്യം ചെയ്യുകയും പ്രേമാഭ്യര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു. ശല്യംകൂടിയതോടെ പെണ്‍കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു. കുട്ടിയെ ശല്യം ചെയ്യരുതെന്ന് പലതവണ താക്കീതുചെയ്തിരുന്നതായി സോളമന്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഇത് കൂട്ടാക്കാതെ കുട്ടി സ്‌കൂളില്‍ പോകുമ്ബോഴും മറ്റും ശല്യംചെയ്തുപോന്നു.

സംഭവദിവസം ബൈബിള്‍ ക്ലാസുകഴിഞ്ഞ് പള്ളിയില്‍നിന്നും മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ കുര്യന്‍ ശല്യം ചെയ്തു. ഇതറിഞ്ഞത്തിയ സോളമന്‍ കത്തികൊണ്ട് കുര്യനെ കുത്തുകയായിരുന്നു. വയറിന് കുത്തേറ്റ കുര്യനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ അഞ്ചോടെ മരിച്ചു.