ഓർമ്മച്ചിത്രങ്ങൾ...

ഇടയരാഗ രമണദു:ഖം.. പഴവിള രമേശന്റെ ഓർമ്മകളിൽ ജഗദീഷ് കോവളം എഴുതുന്നു..

img

ഞാൻ എന്റെ കാടുകളിലേക്ക്..

കവി പഴവിള രമേശൻ പടിയിറങ്ങുമ്പോൾ, ഇനിയും പൂർത്തീകരിക്കാനാവാത്ത ഒരു ദൗത്യം ബാക്കിയാവുന്നു. കൈരളി പഴവിളയെ മനഃപൂർവ്വം മറക്കാൻ ശ്രമിക്കുന്ന വേളയിൽ 2018 മേയ് മാസം 20 ന് അദ്ദേഹവുമായി ഞാൻ നടത്തിയ അഭിമുഖം ജനയുഗം വാരാന്ത്യത്തിൽ പ്രസിദ്ധീകരിച്ചു.

പഴവിള അനുവദിച്ച അവസാന അഭിമുഖവും അതുതന്നെയാണ്. നീണ്ട നാലുമണിക്കൂറുകളിൽ അദ്ദേഹം തന്റെ ജീവിതം തന്നെ എനിക്കുമുന്നിൽ വരച്ചുകാട്ടുകയായിരുന്നു. സംഭാഷണം അൽപ്പം പോലും ചോർന്നുപോകാതെ റെക്കോർഡ് ചെയ്യുമ്പോൾ എന്നെ അതിശയിപ്പിച്ച കാര്യം അദ്ദേഹത്തിന്റെ ഓർമ്മശക്‌തി തന്നെ.

കോൺഗ്രസ് കുടുംബാംഗമായ പഴവിള രമേശൻ ഇടത് ആശയങ്ങളിലേയ്ക്ക് ചേക്കേറുന്നതും, നിരീശ്വര വാദിയാകുന്നതും, പതിമൂന്നാം വയസ്സിൽ ആദ്യ കവിത പ്രസിദ്ധീകരിക്കുന്നതും, സ. പി.കൃഷ്ണപിള്ള പഴവിള തറവാട്ടിൽ ഒളിവിൽ താമസിക്കുന്നതും, പിയുടെ മരണത്തിൽ അദ്ദേഹം പുലർത്തിയിരുന്ന ആശങ്ക പങ്കുവച്ചതും, വിദ്യാർത്ഥി പ്രസ്‌ഥാനത്തിന്റെ അമരക്കാരനായി തലസ്‌ഥാന നഗരിയിൽ എത്തിച്ചേർന്നതും, ജയിൽ വാസവും, വിവാഹ ജീവിതവും ഉൾപ്പടെ വിവരിച്ചതും കൃത്യമായ ഓർമ്മശക്തിയുടെ തെളിവായിരുന്നു.

‘നേർരേഖ’ എന്ന ലേഖന സമാഹാരത്തിലൂടെ പാർട്ടിയിലെയും, സാഹിത്യ മേഖലയിലെയും പല വ്യക്തികളുടെയും തനിസ്വരൂപം വരച്ചുകാട്ടിയതും, പലരും പിന്തള്ളിയതും, അവഗണിച്ചതുമൊക്കെ അക്കമിട്ട് അദ്ദേഹം എന്നോട് വിവരിച്ചിരുന്നു. ആത്മ കഥ എഴുതാൻ ഉദ്ദേശമുണ്ടോ എന്ന ചോദ്യത്തിന് “അവശ്യത്തിലധികം ശത്രുക്കൾ ഇപ്പോൾതന്നെയുണ്ട്” എന്നായിരുന്നു മറുപടി. ആത്മകഥയിൽ ഉൾപ്പെടുത്താവുന്നവ ഭൂരിഭാഗവും ലേഖനങ്ങളായി ഇതിനകം പ്രസിദ്ധീകരിച്ചു കഴിഞ്ഞുവെന്നും, ബാക്കിയുള്ള പ്രസിദ്ധീകരണത്തിന് തയ്യാറായിരിക്കുന്നു എന്നും അദ്ദേഹം അറിയിച്ചു. മറ്റൊരു അഭിമുഖത്തിലും പങ്കുവയ്ക്കാത്ത കാര്യങ്ങൾ പലതും അദ്ദേഹം എന്നോട് പറയുകയുണ്ടായി.

അടുത്തിടെ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ട് സുഖവിവരങ്ങൾ തിരക്കുന്ന വേളയിൽ “സാറിന്റെ ജീവചരിത്രം എഴുതിയാൽ നന്നായിരിക്കും” എന്നൊരാഗ്രഹം ഞാൻ പങ്കുവച്ചു. “ആശാൻ ഇങ്ങോട്ടു വരൂ.. നമുക്ക് ആലോചിക്കാം.. ഏറെക്കുറെ കാര്യങ്ങൾ ആശാന്റെ കൈവശം ഉണ്ടല്ലോ” എന്നായിരുന്നു മറുപടി. പക്ഷേ അതിനു ശേഷം എനിക്കദ്ദേഹത്തെ നേരിൽ കാണാൻ സാധിച്ചില്ല. കനൽ വീഥികളിലൂടെ കൂസലന്യേ സഞ്ചരിച്ച ധീര വിപ്ലവകാരി പടിയിറങ്ങുമ്പോൾ.. ഏറെക്കാലത്തിനുശേഷം പഴവിള രമേശൻ എന്ന വിപ്ലവകാരിയെ, കവിയെ മലയാളത്തിന് വീണ്ടും ഓർമ്മിക്കാൻ തക്കവണ്ണം ഒരഭിമുഖം തയ്യാറാക്കി ജനയുഗത്തിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞതിലുള്ള അഭിമാനം ഞാൻ കാക്കുന്നു. കേന്ദ്രസാഹിത്യ അക്കാദമിയുടെ, സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരം അടുത്തിടെ അദ്ദേഹത്തിന്റെ വസതിയിൽ സമർപ്പിക്കുന്ന വേളയിലും പങ്കെടുക്കാൻ കഴിഞ്ഞില്ല. പുതിയ പുസ്തകവുമായി അദ്ദേഹത്തെ കാണാം എന്നുള്ള മോഹവും പൊലിയുന്നു. “കേറിവാ ആശാനേ.. രാധേ.. ചായയെടുക്ക്” എന്ന് ഉറക്കെ വിളിച്ചുപറയാൻ ഇനി പഴവിള രമേശൻ എന്ന പ്രതിഭയില്ല എന്നറിവ് വല്ലാതെ ഉള്ളുപൊള്ളിക്കുന്നു. അദ്ദേഹത്തിന്റെ പുസ്തകക്കൂമ്പാരത്തേയും, കരവിരുതിൽ വിടർന്ന ബുദ്ധനേയും, ഗുരുദേവനേയും ഉപേക്ഷിച്ച് പഴവിള സ്വന്തം കാടുകളിലേക്ക് മടങ്ങുന്നു..

ജഗദീഷ് കോവളം.

%d bloggers like this: