
രാജ്യം ഭീമമായ പ്രതിസന്ധിയിലേക്ക് വീഴുമ്പോള്‍ ഒരു നാഷണല്‍ പാര്‍ക്കില്‍ സിനിമാ ചിത്രീകരണം തുടരുന്ന, അടുത്തതായി എന്തുചെയ്യണമെന്ന തീരുമാനം സൈന്യത്തിന് വിടുകയാണെന്ന് പിന്നീട് അനായാസമായി പ്രഖ്യാപിക്കുകയും ചെയ്യുന്ന- ആണവശക്തിയായ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയെ, നമുക്ക് നിലനിര്‍ത്താന്‍ ആകില്ല.
മുന്‍ ഇന്ത്യന്‍ സര്‍ക്കാരുകള്‍ പതിറ്റാണ്ടുകളോളം ഏറെക്കുറെ അത്ഭുതകരമായി നടപ്പാക്കിക്കൊണ്ടിരുന്നത് എന്താണോ അതിനെയാണ് പാകിസ്താനിലെ ബാലാകോട്ടില്‍ നടത്തിയ വീണ്ടുവിചാരമില്ലാത്ത ‘പ്രീ എംപ്റ്റീവ്’ വ്യോമാക്രമണത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇല്ലാതാക്കിയത്.
1947 മുതല്‍ക്ക് തന്നേ, കശ്മീരിലെ സംഘര്‍ഷം അന്താരാഷ്ട്ര മധ്യസ്ഥതയിലൂടെ പരിഹരിക്കാമെന്ന ഏതൊരു നിര്‍ദ്ദേശത്തോടും അമര്‍ഷത്തോടെയാണ് ഇന്ത്യന്‍ ഭരണകൂടം പ്രതികരിച്ചിരുന്നത്; കശ്മീരിലേത് ‘ആഭ്യന്തര വിഷയം’ ആണ് എന്ന് ഇന്ത്യ ഊന്നിപ്പറഞ്ഞുകൊണ്ട്. പാകിസ്താനെ തിരിച്ചടിയ്ക്കാന്‍ പ്രേരിപ്പിച്ചതിലൂടെ, ചരിത്രത്തില്‍ ആദ്യമായി പരസ്പരം ബോംബാക്രമണം നടത്തുന്ന രണ്ട് ആണവ ശക്തികളായി ഇന്ത്യയേയും പാകിസ്താനേയും മാറ്റിത്തീര്‍ത്തതിലൂടെ, മോഡി കശ്മീര്‍ തര്‍ക്കത്തെ അന്താരാഷ്ട്രവല്‍ക്കരിച്ചു. ഭൂമിയിലെ ഏറ്റവും അപകടകരമായ ഇടമാണ് കശ്മീരെന്നും ആണവയുദ്ധത്തിന്റെ അനിയന്ത്രിതമായ ഒരു കേന്ദ്രമാണ് അതെന്നും മോഡി ലോകത്തെ കാണിച്ചുകൊടുത്തു. ആണവയുദ്ധത്തേക്കുറിച്ച് ആശങ്കപ്പെടുന്ന എല്ലാ മനുഷ്യര്‍ക്കും രാജ്യങ്ങള്‍ക്കും സംഘടനകള്‍ക്കും അവരുടെ അധികാരം ഉപയോഗിച്ച് ആണവയുദ്ധത്തിനെതിരെ ഇടപെടാനും അതിനെ തടയാനും അവകാശമുണ്ട്.
ആയിരങ്ങള്‍ ‘അപ്രത്യക്ഷരായി’, പതിനായിരങ്ങള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു, നൂറ് കണക്കിന് ചെറുപ്പക്കാര്‍ അംഗഭംഗം വന്നവരാകുകയും, പെല്ലറ്റ് തോക്കുകളാല്‍ കാഴ്ച്ചയില്ലാത്തവരാക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ 12 മാസത്തെ മരണസംഖ്യ 2009ന് ശേഷം ഏറ്റവും ഉയര്‍ന്നതാണ്. ഏകദേശം 570 പേര്‍ക്ക് ജീവന് നഷ്ടമായെന്ന് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അവരില്‍ 260 പേര് തീവ്രവാദികളും, 160 സാധാരണക്കാരും, കൃത്യനിര്‍വ്വഹണത്തിനിടെ മരിച്ച 150 ഇന്ത്യന്‍ സായുധ ജവാന്മാരും ഉള്‍പ്പെടുന്നു.
ഈ സംഘര്‍ഷത്തെ നോക്കിക്കാണുന്ന വീക്ഷണകോണ് അനുസരിച്ച് വിമത പോരാളികള്‍, ‘ഭീകരന്മാര്’, ‘തീവ്രവാദികള്‍’, ‘സ്വാതന്ത്ര്യ യോദ്ധാക്കള്‍’ അല്ലെങ്കില്‍ ‘മുജാഹിദുകള്‍’ എന്നിങ്ങനെ വിളിക്കപ്പെടുന്നു. കശ്മീരികള്‍ ഭൂരിഭാഗം പേരും അവരെ ‘മുജാഹിദുകള്‍’ എന്നാണ് വിളിക്കുന്നത്. അവര്‍ കൊല്ലപ്പെടുമ്പോള്‍ നൂറ് ആയിരക്കണക്കിന് ആളുകള്‍, അവരുടെ രീതിയോട് യോജിപ്പുണ്ടെങ്കിലും ഇല്ലെങ്കിലും അവര്‍ക്ക് വേണ്ടി വിലപിക്കാനും യാത്ര പറയാനും സംസ്കാരചടങ്ങുകള്ക്കെത്തുന്നു. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട സാധാരണക്കാരില്‍ ഭൂരിഭാഗം പേരും പട്ടാളത്താല്‍ വളയപ്പെട്ട തീവ്രവാദികളെ രക്ഷിക്കാന്‍ സ്വന്തം ജീവനും ദേഹവും ഇട്ടുകൊടുത്തവരാണ്.
ഇതു തന്നെയാണ് തന്റെ പൊള്ളയായ, നാടകീയമായ മാര്‍ഗത്തിലൂടെ നരേന്ദ്ര മോഡി നടപ്പാക്കിയിരിക്കുന്നത്. നമ്മുടെ ഭാവിയുടെ ഗതി നിശ്ചയിക്കാനുള്ള അധികാരം മോഡി അവര്‍ക്ക് സമ്മാനിക്കുകയാണ് യഥാര്‍ത്ഥത്തിലുണ്ടായത്. പുല്‍വാമയിലെ ചെറുപ്പക്കാരനായ ബോംബര്‍ ഇതില്‍ കൂടുതല്‍ ആഗ്രഹിച്ചിട്ടുണ്ടാകില്ല.

ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള തങ്ങളുടെ സ്വാതന്ത്ര്യസമരത്തെ ധീരോദാത്തമാക്കുകയും അത് നയിച്ചവരെ ആരാധിക്കുകയും ചെയ്യുന്ന ഇന്ത്യക്കാര്‍ അതേ ഒന്നിന് വേണ്ടി പോരാടുന്ന കശ്മീരികളോട് വിചിത്രപരമാം വിധം കണ്ണടയ്ക്കുന്നു. ‘ഇന്ത്യന്‍ ഭരണം’ എന്ന് ആളുകള്‍ കരുതുന്ന കശ്മീരിലെ സായുധ സമരത്തിന് ഏകദേശം മുപ്പത് വര്‍ഷം പ്രായമുണ്ട്. പാകിസ്താന് (ഒരിക്കല്‍ ഔദ്യോഗികമായും ഇപ്പോള്‍ കൂടുതലായി സര്‍ക്കാര്‍ ഇതര പ്രവര്‍ത്തകരിലൂടെയും) ആയുധവും ആളും മറ്റു സംഗതികളും നല്കി സമരത്തെ പിന്തുണയ്ക്കുന്നത് രഹസ്യമല്ല. യുദ്ധഭൂമിയായ കശ്മീരില്‍ പ്രാദേശിക വാസികളുടെ തുറന്ന പിന്തുണയില്ലാതെ ഒരു തീവ്രവാദിക്കും പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നതും രഹസ്യമല്ല. നരകസമാനമാംവിധം സങ്കീര്‍ണ്ണവും ക്രൂരവുമായ ഈ യുദ്ധം പരിഹരിക്കാന്‍, അല്ലെങ്കില്‍ ധൃതിപ്പെട്ട് നടപ്പിലാക്കുന്ന ഒരു നാടകീയ ‘സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ (പിന്നീട് അത്ര സര്‍ജിക്കല്‍ അല്ലെന്നാവുകയും ചെയ്തു) ലഘൂകരിക്കാനെങ്കിലും ആകുമെന്ന് സ്ഥിര ബുദ്ധിയുള്ള ഒരാള്‍ക്ക് ചിന്തിക്കാനാകുമോ? 2016ല്‍ ഉറിയിലെ ഇന്ത്യന്‍ സൈനിക ക്യാംപിന് നേര്‍ക്കുണ്ടായ ആക്രമണത്തിന് ശേഷം സംഭവിച്ച സമാനമായ ‘സ്ട്രൈക്കിന്’ ഒരു ബോളിവുഡ് ആക്ഷന്‍ ചിത്രത്തിന് പ്രേരണ നല്കി എന്നതിനേക്കാളും അല്പം കൂടി നേട്ടം മാത്രമാണുണ്ടാക്കാനായത്. ആ ബോളിവുഡ് ചിത്രത്തില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ടതാണ് ബാലാകോട്ട് ആക്രമണമെന്ന് തോന്നുന്നു. ബോളിവുഡില്‍ തങ്ങളുടെ അടുത്ത ചിത്രത്തിന്റെ പേര് ബാലാകോട്ട് എന്നിടാനുള്ള കോപ്പിറൈറ്റിനായി നിര്‍മ്മാതാക്കള്‍ അണിനിരന്നുകഴിഞ്ഞെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ആകപ്പാടെ നോക്കിയാല്‍ ഈ അസംബന്ധ നൃത്തം ‘പ്രീ എംപ്റ്റീവ്’ എന്നതിനേക്കാള്‍ ‘പ്രീ ഇലക്ഷന്’ ആണെന്ന് പറയേണ്ടി വരും.
ഈ രാജ്യത്തെ പ്രധാനമന്ത്രി അതിന്റെ ഉഗ്രമായ വ്യോമസേനയെ അപകടകരമായ നാടകം കളിക്കാന്‍ നിര്‍ബന്ധിതരാക്കുന്നത് അങ്ങേയറ്റം നിന്ദാകരമാണ്. വിരോധാഭാസമെന്തെന്നാല്‍, നമ്മുടെ ഉപഭൂഖണ്ഡത്തില്‍ നിരുത്തരവാദിത്തപരമായ, ആണവയുദ്ധത്തിന്റെ വക്കോളമെത്തിയ ഈ കളി നടന്നുകൊണ്ടിരിക്കെ ശക്തരായ അമേരിക്ക തങ്ങള്‍ 17 വര്‍ഷം നേര്‍ക്കുനേര്‍ യുദ്ധം ചെയ്തിട്ടുപോലും പരാജയപ്പെടുത്താനോ പുറത്താക്കാനോ പറ്റാത്ത താലിബാനുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്.
ഉപഭൂഖണ്ഡത്തില്‍ ചുഴിഞ്ഞുകൂടുന്ന ഈ സംഘര്‍ഷം നാം കാണുന്നതുപോലെ തന്നെ മാരകമാണെന്ന് തീര്‍ച്ച. പക്ഷെ അത് നേര്‍വഴിയില്‍ തന്നെയുള്ളതാണോ? ലോകത്ത് ഏറ്റവും കൂടുതല്‍ സൈനികവല്‍ക്കരിക്കപ്പെട്ട മേഖലയാണ് കശ്മീര്‍. അഞ്ച് ലക്ഷം ഇന്ത്യന്‍ സൈനികരെയാണ് അവിടെ നിയോഗിച്ചിരിക്കുന്നത്. ഇന്റലിജന്‍സ് ബ്യൂറോയെ കൂടാതെ, റോ, എന്‍ഐഎ-യൂണിഫോമിട്ട സേനകളായ കരസേന, ബിഎസ്എഫ്, സിആര്‍പിഎഫ്, ജമ്മു കശ്മീര്‍ പൊലീസ് എന്നിവരെല്ലാം തങ്ങളുടേതായ രീതിയില്‍ രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നു. ഇന്ഫോമര്മാരേയും ഡബിള്‍ ഏജന്റുമാരേയും ട്രിപ്പിള്‍ ഏജന്റുമാരേയും ഭയന്നാണ് ജനങ്ങള്‍ ജീവിക്കുന്നത്. അത് പഴയ സ്കൂള്‍കാല സുഹൃത്ത് മുതല്‍ കുടുംബാംഗങ്ങള്‍ വരെ ആരുമാകാം. ഈ സാഹചര്യങ്ങളില്‍ പുല്‍വാമയില്‍ സംഭവിച്ചതുപോലെ കനത്ത തോതിലുള്ള ആക്രമണം ഞെട്ടിക്കുന്നതിലും അപ്പുറത്താണ്. ഒരാള്‍ ട്വിറ്ററില്‍ പറഞ്ഞതുപോലെ ‘എങ്ങനെയാണ് ബിജെപിക്ക് 3 കിലോഗ്രാം ബീഫ് തെരഞ്ഞുപിടിക്കാനാകുകയും 350 കിലോ ആര്‍ഡിഎക്സ് കണ്ടുപിടിക്കാനാകാതിരിക്കുകയും ചെയ്യുക?
ആര്‍ക്കറിയാം?
ആക്രമണത്തിന് ശേഷം ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സംഭവത്തെ വിശേഷിപ്പിച്ചത് ‘ഇന്റലിജന്‍സ് പരാജയം’ എന്നാണ്. ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജമ്മു കശ്മീര്‍ പൊലീസ് അടിയന്തിര ജാഗ്രത നിര്‍ദ്ദേശിച്ചെന്ന വസ്തുത ഭയരഹിതരായ ചില മാധ്യമ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്തുകൊണ്ട് മുന്നറിയിപ്പ് അവഗണിച്ചു എന്നതിലും, ചെയിന്‍ ഓഫ് കമാന്‍ഡില്‍ എവിടെയാണ് വിടവുണ്ടായതെന്ന കാര്യത്തിലും മാധ്യമങ്ങള്‍ ആരും തന്നെ അതിയായ വിഷമം പ്രകടിപ്പിച്ചതായി കണ്ടില്ല.

ദാരുണമെങ്കിലും പുല്‍വാമ ആക്രമണം നരേന്ദ്ര മോഡിക്ക് ഏറ്റവും അനുയോജ്യമായ രാഷ്ട്രീയ അവസരമായി മാറി, അദ്ദേഹം ഏറ്റവും നന്നായി ചെയ്യുന്ന കാര്യം-കൈയടി വാങ്ങിക്കല്. ബിജെപിയ്ക്ക് രാഷ്ട്രീയപരമായ അടിത്തറ നഷ്ടപ്പെടുകയാണെന്നും തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ആകാശത്ത് നിന്ന് ഒരു ഇടിത്തീ കൊണ്ടുവരുമെന്നും ഞങ്ങളില്‍ പലരും പ്രവചിച്ചിരുന്നു. അത് യാഥാര്‍ത്ഥ്യമാകുന്നത് ഭീതിയോടെയാണ് കണ്ടത്. ഭരിക്കുന്ന പാര്‍ട്ടി പുല്‍വാമ ദുരന്തത്തെ കേവലം വില കുറഞ്ഞ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സമര്‍ത്ഥമായി ഉപയോഗിക്കുന്നത് നാം കണ്ടു.
പുല്‍വാമ ആക്രമണത്തിന്റെ അനന്തരഫലമായി കലിപൂണ്ട ആള്‍ക്കൂട്ടം ഇന്ത്യന്‍ മുഖ്യഭൂമിയില്‍ പഠിക്കുകയും ജോലി ചെയ്യുകയുമായിരുന്ന കശ്മീരികളെ ആക്രമിച്ചു. ഒരക്ഷരം പോലും മിണ്ടാതിരുന്ന മോഡി, കശ്മീരികളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് സുപ്രീം കോടതി പറഞ്ഞതിന് ശേഷം മാത്രമാണ് പ്രതികരിച്ചത്. പക്ഷെ വ്യോമാക്രമണത്തിന് ശേഷം ക്രെഡിറ്റ് നേടിയെടുക്കാന്‍ ഉടനടി തന്നെ മോഡി ടിവിയില്‍ പ്രത്യക്ഷപ്പെട്ടു, താന്‍ നേരിട്ട് വിമാനം പറത്തിച്ചെന്ന് ബോംബിട്ടെന്ന തരത്തില്‍ ലോകത്തോട് പറയുന്ന തരത്തില്‍. അപ്പോള്‍ തന്നെ ഇന്ത്യയിലെ കുറഞ്ഞത് നാല് 24/7 ചാനലുകളെങ്കിലും, മിക്കവയും ഖേദം പ്രകടിപ്പിക്കാത്ത വിധം പക്ഷപാതപരമാര്ന്നത്, ഈ പ്രകടനത്തെ അവരുടെ സ്വന്തം ‘വിവരങ്ങള്‍’ വെച്ച് പൊലിപ്പിച്ചു. പഴയ ദൃശ്യങ്ങളും വ്യാജ വസ്തുതകളും ഉപയോഗിച്ച് വാര്‍ത്താ അവതാരകര്‍ യുദ്ധമുന്നണിയിലെ കമാന്‍ഡോയുടെ വേഷം കെട്ടി അലറി വിളിച്ചു. ദേശീയതാ ജയഘോഷത്തിന്റേതായ ഭ്രാന്തുപിടിച്ച ഒരു ലഹരിക്കൂത്ത് തന്നെ സംഘടിപ്പിച്ചു. അതില്‍ വ്യോമാക്രമണത്തിലൂടെ ജെയ്ഷെ മുഹമ്മദിന്റെ ‘ഭീകര ഫാക്ടറി’ തകര്‍ത്തെന്നും മൂന്നൂറിലധികം ‘ഭീകരന്മാരെ’ വധിച്ചെന്നും അവര്‍ അവകാശപ്പെട്ടു. പിറ്റേന്ന് രാവിലെ, ഏറ്റവും സമചിത്തതയുള്ള ദേശീയ പത്രങ്ങള്‍ പോലും പരിഹാസ്യവും ലജ്ജിപ്പിക്കുന്നതുമായ തലക്കെട്ടുകള്‍ അണിഞ്ഞാണ് ഇതിനെ പിന്തുടര്ന്നത്. ‘പാകിസ്താന്റെ അകത്ത് ഇന്ത്യ ഭീകരതയെ പ്രഹരിച്ചു’ എന്ന് ഇന്ത്യന്‍ എക്സ്പ്രസ് എഴുതി. അതേ സമയം പാകിസ്താനില്‍ ബോംബ് യഥാര്‍ത്ഥത്തില്‍ വീണ സ്ഥലത്തേക്ക് റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകനെ അയച്ചു. മരങ്ങള്‍ക്കും പാറക്കല്ലുകള്‍ മാത്രമാണ് കേടുപാടുകള്‍ സംഭവിച്ചതെന്നും ഒരു ഗ്രാമീണന് പരുക്ക് പറ്റിയെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അസോസിയേറ്റഡ് പ്രസും സമാനരീതിയില്‍ വാര്‍ത്ത നല്കി. ദ ന്യൂയോര്‍ക് ടൈംസ് ഇങ്ങനെ പറഞ്ഞു; ‘കശ്മീരിലെ ആക്രമണത്തിന് ശേഷം തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആണയിട്ടിരുന്നെന്നും അതിര്‍ത്തി പ്രദേശത്ത് ഏതെങ്കിലും ഭീകരവാദി ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ സമീപദിവസങ്ങളില്‍ അവര്‍ സ്ഥലം വിട്ടിരിക്കാമെന്നും അതിനാല്‍ ഇന്ത്യന്‍ വ്യോമാക്രമണത്തിന്റെ ലക്ഷ്യത്തേക്കുറിച്ച് വ്യക്തതയില്ലെന്നും ന്യൂഡല്‍ഹിയിലെ നയതന്ത്രജ്ഞരും വിശകലന വിദഗ്ദ്ധരും അറിയിച്ചു’.