
ന്യൂഡൽഹി :
സൈനിക സേവനത്തിന്റെ ഭാരങ്ങൾ ഇറക്കി വച്ചു,ഇനി വേണ്ടത് അൽപ്പം വിശ്രമം , സ്നേഹം . ഒരിയ്ക്കൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി ശത്രുക്കൾക്കെതിരെ വർദ്ധിത വീര്യത്തോടെ പോരാടിയ സൈനിക നായ്ക്കളെ ദത്ത് നൽകാനുള്ള പദ്ധതി തയ്യാറാകുന്നു .
സൈനിക സേവനത്തിനു ശേഷം വിരമിച്ച നായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിൽ കൊണ്ടു പോകാതെ പരിപാലിക്കാൻ തയ്യാറാകുന്നവർക്ക് നൽകാനാണ് പുതിയ തീരുമാനം .
മുൻ സൈനിക മേധാവിയായ രോഹിത് അഗർവാളാണ് ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തത് . ഒപ്പം സൈനിക നായ്ക്കളുടെ ചിത്രവും അദ്ദേഹം പങ്കു വച്ചിരുന്നു .
‘ ഇവ ഏഴു വർഷത്തോളം രാജ്യത്തെ സേവിച്ചു കഴിഞ്ഞു . നിങ്ങൾക്ക് ഇവരെ സ്നേഹം പകർന്നു നൽകുന്ന ഒരു വീട്ടിലേയ്ക്ക് ക്ഷണിയ്ക്കാം , ഒരു അപേക്ഷ മാത്രം നൽകിയാൽ മതി ‘ ഇതായിരുന്നു ട്വീറ്റ് .
അതിനായി ആർ.വി.സി സെന്ററിന്റെ ഡൽഹി ഓഫീസുമായി ബന്ധപ്പെടാനും അദ്ദേഹം നിർദേശിച്ചിട്ടുണ്ട് . വളരെ ആവേശത്തോടെയാണ് സോഷ്യൽ മീഡിയ ഈ ട്വീറ്റിനോട് പ്രതികരിച്ചിരിക്കുന്നത് . പലരും നായ്ക്കളെ ദത്തെടുക്കാൻ അപേക്ഷയും നൽകിയിട്ടുണ്ട് .