സൂറിച്ച്:

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് ഫുട്ബോൾ അടുത്ത വർഷം നവംബറിൽ ആരംഭിക്കും. നവംബർ രണ്ട് മുതൽ 21 വരെയായിരിക്കും ടൂർണമെന്റ് നടക്കുക. വിവിധ ടൂർണമെന്റുകൾക്കുവേണ്ടിയുള്ള ഫിഫയുടെ സംഘാടക സമിതി യോഗത്തിലാണ് തിയ്യതി സംബന്ധിച്ച അന്തിമ തീരുമാനമായത്.
എന്നാൽ, മത്സരങ്ങളുടെ വേദിയായ നഗരങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. മത്സരവേദികളായി ഇന്ത്യ തീരുമാനിച്ച അഞ്ച് സ്റ്റേഡിയങ്ങളുടെ പരിശോധന പൂർത്തിയാകാത്തതാണ് കാരണം.
കൊൽക്കത്ത, ഭുവനേശ്വർ, അഹമ്മദാബാദ്, ഗോവ, നവി മുംബൈ എന്നിവയാണ് ഫിഫ സംഘം പരിശോധന നടത്തിയ വേദികൾ. ഇതിന് പുറമെ മറ്റ് ഏതാനും നഗരങ്ങൾ കൂടി ഫിഫയുടെ പരിഗണനയിലുണ്ടെന്ന് ടൂർണമെന്റ് ഡയറക്ടർ റോമ ഖന്ന മാധ്യമങ്ങളോട് പറഞ്ഞു. ഈ വർഷം അവസാനമായിരിക്കും രണ്ടാംഘട്ട പരിശോധന.
▪
