CRIME

ഇബ്രാഹിംകുഞ്ഞിന് കുരുക്ക് മുറുകുന്നു; അറസ്റ്റിന് സാധ്യത. സ്പീക്കറെ അറിയിച്ചു.

img

തിരുവനന്തപുരം:

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ സാധ്യത. പാലം നിർമ്മാണ സമയത്ത് പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.ഒ സൂരജിന്റെ മൊഴിയാണ് ഇബ്രാഹിംകുഞ്ഞിന് എതിരായിരിക്കുന്നത്. ടി.ഒ സൂരജ് ഒപ്പിട്ട ഫയലുകൾ മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് കണ്ടിരുന്നുവെന്ന് വിജിലൻസ് സംഘത്തിന് ബോധ്യപ്പെട്ടു. ഇതിന് പുറമെ നിർണായകമായ ചില വിവരങ്ങളും വിജിലൻസിന് ലഭിച്ചതായാണ് വിവരം.

അറസ്റ്റ് കാര്യത്തിൽ ഉടൻ തന്നെ തീരുമാനമുണ്ടാകും. വി.കെ ഇബ്രാഹിംകുഞ്ഞിനെ നേരത്തെ ഒരുതവണ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യാനുമാണ് നീക്കമെന്നാണ് റിപ്പോർട്ട്. എംഎൽഎ ഹോസ്റ്റലിലാണ് ഇബ്രാഹിംകുഞ്ഞ് ഇപ്പോഴുള്ളത്. വിജിലൻസ് സംഘം സ്പീക്കറുടെ ഓഫീസിനെ എംഎൽഎയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന വിവരം ധരിപ്പിച്ചിട്ടുണ്ട്.

8.25 കോടി രൂപ മൊബിലൈസേഷൻ ഫണ്ട് പാലം നിർമ്മാണത്തിന് മുമ്പായി മുൻകൂർ അനുവദിച്ചതാണ് സൂരജിന്റെ അറസ്റ്റിലേക്ക് വഴിതെളിച്ചത്. പലിശ രഹിതമായി പണം അനുവദിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടതെന്നാണ് സൂരജിന്റെ മൊഴി. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി അശോക് കുമാർ വിജിലൻസ് ഡയറക്ടറെ കാണാനായി തിരുവനന്തപുരത്തെത്തി. കൊച്ചി മെട്രോ റെയിൽ എഡിയായ മുഹമ്മദ് ഹനീഷിനെതിരെയും ടി.ഒ സൂരജ് ആരോപണം ഉന്നയിച്ചിരുന്നു.