
ന്യൂഡല്‍ഹി :
ഇരട്ട പൗരത്വം സംബന്ധിച്ച വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ് . ഇന്ത്യന്‍ പൗരത്വത്തിന് പുറമെ ബ്രിട്ടീഷ് പൗരത്വവും രാഹുലിനുണ്ടെന്ന് ചൂണ്ടിക്കാണിച്ച് രാജ്യസഭ എം.പി സുബ്രഹ്മണ്യന് സ്വാമി നല്കിയ പരാതിയിന്മേലാണ് മന്ത്രാലയം രാഹുലിന് നോട്ടീസ് നല്‍കിയത് .
നോട്ടീസിന്മേല് രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബ്രിട്ടണ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാക് ഡ്രോപ്സ് കമ്പനി ലിമിറ്റഡിന്റെ സെക്രട്ടറിയും ഡയറക്ടര്‍മാരിലൊരാളുമാണ് രാഹുല്‍ ഗാന്ധി . കമ്പനി രേഖകളില്‍ രാഹുലിന് ബ്രിട്ടീഷ് പൗരത്വമാണ് ഉള്ളതെന്ന് പറയുന്നതായും ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസില്‍ പറയുന്നു .
ഈ മാസമാദ്യം രാഹുലിന്റെ ഇരട്ട പൗരത്വം സംബന്ധിച്ചുള്ള രേഖകള്‍ ബി.ജെ.പിയും പുറത്ത് വിട്ടിരുന്നു . ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബാക്ഡ്രോപ്സ് ലിമിറ്റഡിന്റെ പ്രധാന ഡയറക്ടര്‍മാരിലൊരാളാണ് രാഹുല്‍ . കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ രാഹുലിന് ബ്രിട്ടീഷ് പൗരത്വമാണെന്നാണ് കാണിച്ചിരിക്കുന്നത് .
രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെങ്കില്‍ , സ്വാഭാവികമായും ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടും . 1955ലെ സിറ്റസണ്‍ഷിപ്പ് ആക്ട് പ്രകാരം ഇന്ത്യ ഇരട്ട പൗരത്വം അനുവദിക്കുന്നില്ല .
അമേഠിയില്‍ രാഹുലിന്റെ നാമനിര്‍ദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ പ്രശ്നവും ഉണ്ടായിരിക്കുന്നത് .