Ernamkulam POLITICS

ഉപതിരഞ്ഞെടുപ്പ്: മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ എറണാകുളത്ത് ‘യൂത്ത് കോണ്‍ഗ്രസ്’ പോസ്റ്റര.

img

ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയ്ക്കായുള്ള ചർച്ചകൾ പുരോഗമിക്കവേ മുതിർന്ന നേതാക്കളെ വെട്ടാൻ ലക്ഷ്യമിട്ട് എറണാകുളത്ത് പോസ്റ്റർ.

തുടർച്ചയായി മത്സരിക്കുന്നവരും അധികാരത്തിലിരിക്കുന്നവരും മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസിന്റെ പേരിലുള്ള പോസ്റ്റർ. എറണാകുളത്തെ സ്ഥാനാർഥിത്വം ലക്ഷ്യമിട്ട് കെ.വി.തോമസ് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ഡിസിസി ഓഫീസിനു മുന്നിൽ ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

മണ്ഡലത്തിലെ സിറ്റിങ് എംപിയായിരുന്ന കെ.വി.തോമസിന് കഴിഞ്ഞ ഹൈബി ഈഡനുവേണ്ടി വഴിമാറി കൊടുക്കേണ്ടിവന്നിരുന്നു. ഹൈബി എംപിയായ ഒഴിവിലാണ് എറണാകുളത്ത് ഉപതിരഞ്ഞെടുപ്പ് വരുന്നത്. കെ.വി.തോമസിനൊപ്പം ഡിസിസി പ്രസിഡന്റ് ടി.ജെ.വിനോദിനെ കൂടി ലക്ഷ്യമിട്ടാണ് പോസ്റ്റർ. ഡിസിസി പ്രസിഡന്റ് സ്ഥാനത്തിന് പുറമേ കൊച്ചി നഗരസഭാ മേയർ സ്ഥാനം കൂടി വഹിക്കുന്നുണ്ട് ടി.ജെ.വിനോദ്. ഇത്തവണ സ്ഥാനാർഥിയായി സജീവ ചർച്ചയിലുള്ള ആളാണ് വിനോദ്. ഇവരെ കൂടാതെ ടോണി ചമ്മണി, ഡൊമിനിക് പ്രസന്റേഷൻ എന്നിവർക്കായി എ ഗ്രൂപ്പും രംഗത്തുണ്ട്. എ-ഐ ഗ്രൂപ്പുകളുടെ വടംവലിയാണ് പോസ്റ്ററുകൾക്ക് പിന്നിലെന്ന് ആരോപണമുണ്ടെങ്കിലും തുടർച്ചയായി ഒരേ ആളുകൾക്ക് തന്നെ സ്ഥാനം ലഭിക്കുന്നതിന് എതിരെയാണ് തങ്ങളുടെ നീക്കമെന്ന് യൂത്ത് കോൺഗ്രസിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. കൊച്ചിയുടെ വളർച്ചയ്ക്ക് യുവാക്കൾക്ക് അവസരം നൽകണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, പോസ്റ്റർ പതിച്ചതിനോട് പ്രതികരിക്കാൻ ഡിസിസി നേതൃത്വം തയ്യാറായില്ല.