OBITUARY Uncategorized

ഉറക്കം വന്നപ്പോൾ കാർ ഓരം ചേർത്തിട്ടു ; ഉറങ്ങിയോടിച്ചു വന്ന ലോറിക്കാരൻ ജീവനെടുത്തു ..

img

കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ബിനേഷ് മാത്യു കോട്ടയത്തേയ്ക്കുള്ള യാത്രയിലായിരുന്നു. കണ്ണൂരിൽ നിന്ന് രാത്രി പുറപ്പെട്ടതായിരുന്നു. തൃശൂർ പേരാമംഗലത്ത് എത്തിയപ്പോൾ ഉറക്കം വന്നു. വഴിയരികിൽ കാർ നിർത്തി ഉറങ്ങി.

തൊട്ടു മുൻപിൽ മറ്റൊരു ലോറിക്കാരനും നിർത്തിയിട്ടിരുന്നു. ഈ സമയം ഇതുവഴി വന്ന മിനി ലോറി നിയന്ത്രണം വിട്ട് കാറിനെ പുറകിലിടിച്ചു. രണ്ടു ലോറികൾക്കിടയിൽപ്പെട്ട കാർ ഞെരിഞ്ഞമർന്നു.

പൂർണമായും തകർന്ന കാറിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ബിനേഷിനെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ആശുപത്രിയിൽ എത്തിക്കുമ്പോൾത്തന്നെ ബിനീഷ് മരിച്ചിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി .

മടമ്പം പടേട്ട് കുടുംബാഗം സുനിത മേരിയാണ് ബിനീഷിൻറെ ഭാര്യ . മക്കൾ – അഭയ് , ആൽവിൻ , ആഗ്നസ് . ബിനീഷിന്റെ മൃതദേഹം തൃശ്ശൂർ അമല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് .


മിനി ലോറിക്കാരൻ ഉറങ്ങിയതാണ് അപകടത്തിന് കാരണം. ബിനേഷിന് 41 വയസായിരുന്നു. ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ കച്ചവടമായിരുന്നു.സ്ത്രീ സൗഹൃദ ഉത്പന്നമായ നാപ്കിൻ കത്തിച്ചു കളയുന്നതിനുള്ള ഇലക്ട്രോണിക് മെഷിൻ പുതിയതായി മാർക്കറ്റിലെത്തിച്ച് വിപണനം നടത്തുകയായിരുന്നു.

2014ൽ സൂര്യ ചാനലിൽ ടെലികാസ്റ്റ് ചെയ്ത “സ്ത്രീത്ത്വം” എന്ന സീരിയലിന്റെ സഹനിർമ്മാതാവായിരുന്ന ബിനേഷ് മാത്യു അതിൽ ഒരു വേഷം അഭിനയിച്ചിരുന്നു.
കേരള ഓൺലൈൻ പേജുകളിലുടെ ബിനേഷ് മാത്യുവിന്റെ ഉത്പന്നമായ Her’s Own പരസ്യം കേരള ഓൺലൈൻ വായനക്കാർക്കിടയിലും പ്രശസ്തമാണ്.കോട്ടയം ദേവലോകത്തായിരുന്നു ഓഫിസ്. കണ്ണൂരിൽ നിന്ന് കോട്ടയത്തെ ഓഫിസിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് ദാരുണമായ അന്ത്യം. ഉറക്കം വന്നപ്പോൾ വണ്ടി നിർത്തിയിട്ട ആൾക്ക് ജീവൻ വെടിയേണ്ടി വന്നു. എന്നാൽ, ഉറക്കം വന്നപ്പോൾ നിർത്താതെ വണ്ടിയോടിച്ച ലോറി ഡ്രൈവറാണ് വില്ലനായത്. രാത്രികാലങ്ങളിൽ വണ്ടിയോടിക്കുമ്പോൾ ഉറക്കം വന്നാൽ പ്രധാന റോഡിൽ നിന്ന് മാറ്റി നിർത്തിയിടണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.കേരള ഓൺലൈൻ എഡിറ്റോറിയൽ ബോർഡ് ബിനീഷ് മാത്യുവിന്റെ അകാല വിയോഗത്തിലുള്ള അനുശോചനം അറിയിയ്ക്കുന്നു

%d bloggers like this: