
പതിനഞ്ചുദിവസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് യാത്ര തിരിക്കുമ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍ ഹസ്സന് മുന്നിലുണ്ടായിരുന്ന ലക്ഷ്യം 620 കിലോമീറ്ററാണ് .
റോഡ് യാത്രയ്ക്ക് ഏകദേശം 15 മണിക്കൂറിന് മുകളില്‍ സമയം ആവശ്യപ്പെടുന്ന യാത്ര . കേരളം മുഴുവന്‍ ഒന്നിച്ചു നിന്നാല്‍ ആ യാത്ര 10-12 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പ്രതീക്ഷയോടെ പറഞ്ഞത് .
ട്രാഫിക് സിനിമയില്‍ നിന്ന പ്രചോദനം ഉള്‍ക്കൊണ്ട് കേരളം ആ യാത്രക്ക് പിന്തുണ പ്രഖ്യാപിച്ച് ഒന്നിച്ചു നിന്നു . കുഞ്ഞിനെ സംബന്ധിച്ച് ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന് മനസ്സിലാക്കി ആരോഗ്യവകുപ്പ് പ്രശ്നത്തില്‍ ഇടപെട്ടു .
ഇത്രയും ദൂരം യാത്ര ചെയ്ത കുഞ്ഞിനെ ശ്രീചിത്രയില്‍ കൊണ്ടു വരുന്നത് അപകടമായതിനാല്‍ കുഞ്ഞിനെ കൊച്ചി അമൃത ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍ പ്രവേശിപ്പിക്കാനും ഹൃദ്യം പദ്ധതി പ്രകാരം ചികിത്സ സൗജന്യമായി ചെയ്തു കൊടുക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു . ഒരു വലിയ ആധിക്ക് അറുതി നല്‍കുന്നതായിരുന്നു ആ തീരുമാനം .
എയര്‍ ആംബുലന്‍സിലാണെങ്കില്‍ ഒരു മണിക്കൂറില്‍ എത്താവുന്ന ദൂരത്തേക്കാണ് ജീവന് കൈയില്‍ പിടിച്ച് ആവുന്ന വേഗതയില്‍ 15 ദിവസം പ്രായമുളള കുഞ്ഞിനെയും വഹിച്ച് ആ ആംബുലന്‍സ് പാഞ്ഞത് .
ഔദ്യോഗികമായി ഉദ്ഘാടനം നടന്നിട്ടും പദ്ധതികള്‍ സജീവ ചര്‍ച്ചയില്‍ ഉണ്ടായിരുന്നിട്ടും എയര്‍ ആംബുലന്‍സ് എന്ന ലക്ഷ്യത്തിലേക്ക് കേരളം എത്താന്‍ വൈകുന്നത് എന്തുകൊണ്ടെന്ന ചര്‍ച്ച സജീവമാകുന്നത് ഈ സാഹചര്യത്തിലാണ് .
ആരോഗ്യ മേഖലയില്‍ ലോകത്തിന് തന്നെ മാതൃകയാണ് കേരളം . നിപയെന്ന മഹാമാരിയെ നേരിട്ടു കൊണ്ട് നാമത് ഒരിക്കല്‍ കൂടി തെളിയിച്ചതാണ് . പിന്നെന്തുvകൊണ്ട് ലോകം മുഴുവന്‍ നിലവിലുള്ള എയര്‍ ആംബുലന്‍സ് സര്‍വീസ് നമുക്ക് അപ്രാപ്യമാകുന്നു . ഇക്കാര്യത്തിലും നാം തന്നെയല്ലേ മാതൃകയാകേണ്ടത് .
അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കാവശ്യമായ അവയവങ്ങള്‍ കൊണ്ടു:പോകുന്നതിനും അത്യാസന്ന നിലയിലുള്ള രോഗികളെ ഒരു ആശുപത്രിയില്‍ നിന്നും മറ്റൊന്നിലേക്ക് മാറ്റേണ്ടി വരുന്ന സന്ദര്‍ഭങ്ങളിലും ആണ് എയര്‍ ആംബുലന്‍സിന്റെ സേവനം നമുക്ക് ആവശ്യമായി വരുന്നത് . കേരളത്തില്‍ അഞ്ചില്‍ താഴെ ആശുപത്രികളില്‍ മാത്രമേ എയര്‍ ആംബുലന്‍സ് ഇറക്കാനുള്ള സംവിധാനമുള്ളൂ എന്നുള്ളതാണ് ഈ പദ്ധതി നേരിടുന്ന ഒരു വെല്ലുവിളി . പക്ഷേ ലാന്‍ഡ് ചെയ്യുന്നതോ ഹെലിപാഡ് ഇല്ലാത്തതോ എയര്‍ ആംബുലന്‍സിന് ഒരു തടസ്സമാണെന്ന് പറയാന്‍ സാധിക്കില്ല . ആശുപത്രിയില്‍ ഇറക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതേ ജില്ലയില്‍ ഇറക്കാന്‍ കഴിയുന്ന മറ്റിടങ്ങളില്‍ ഇറക്കി അവിടെ നിന്ന് റോഡ് മാര്‍ഗം ആശുപത്രിയില്‍ എത്തിക്കുകയാണെങ്കില്‍ പോലും ഇപ്പോള്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാന്‍ സാധിക്കും .
എയര്‍ ആംബുലന്‍സ് പ്രാഥമികമായ ഒരു ആവശ്യമല്ലെന്ന ചിന്താഗതിയും ഈ ലക്ഷ്യത്തില്‍ നിന്ന് കേരളത്തെ പിന്നിലേക്ക് വലിക്കുന്നുണ്ട് . സാധാരണ ആംബുലന്‍സ് തന്നെ ലഭ്യമാകുന്നില്ല അപ്പോഴാണോ എയര്‍ ആംബുലന്‍സ് അത് ഒരു ധാരാളിത്തമല്ലേ എന്നാണ് പലര്‍ക്കും സംശയം. എയര്‍ ആംബുലന്‍സ് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന ഭയവുമുണ്ട് . എന്നാല്‍ ഇക്കാര്യത്തില്‍ ഫണ്ട് സ്വരൂപിക്കാനോ , സ്പോണ്‍സര്‍ഷിപ്പ് ലഭിക്കാനോ യാതൊരു തടസ്സുമില്ലെന്ന് ഐ.എം എ സ്റ്റേറ്റ് സെക്രട്ടറി ഡോ. സുല്‍ഫി നൂഹു പറയുന്നു .
നയപരമായ ഒരു തീരുമാനം ഇക്കാര്യത്തില്‍ കൂടിയേ തീരൂ . വിമര്‍ശിക്കപ്പെടുമെന്ന ഭയം സ്വാഭാവികമായും എല്ലാ ഭരണകൂടങ്ങള്‍ക്കും ഉണ്ട് . പ്രാഥമികമായ ആവശ്യങ്ങളിലേക്കുള്ള കുതിപ്പില്‍ എയര്‍ ആംബുലന്‍സ് കൂടി ഉള്‍പ്പെടുത്താനുള്ള തുറന്ന മനസ്സുണ്ടാകണം .
തമിഴ്നാട് സ്വദേശി മുരുകന്റെ മരണം വലിയ ചര്‍ച്ചയായ സാഹചര്യത്തില്‍ എയര്‍ ആംബുലന്‍സിന് വേണ്ടിയുള്ള ആവശ്യം ഉയര്‍ന്നതാണ് . ഐ.എം.എ സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു .
ട്രോമകെയര്‍ പദ്ധതിയിലൂടെ വിപുലമായ രീതിയില്‍ ആംബുലന്‍സ് സംവിധാനം നടപ്പിലാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത് . ഇതില്‍ എയര്‍ ആംബുലന്‍സ് സംവിധാനം കൂടി ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കുകയാണ് ഇന്നത്തെ സാഹചര്യത്തില്‍ ആവശ്യം .
ആലപ്പുഴ , തിരുവനന്തപുരം , ജില്ലകളില്‍ മാത്രമാണ് സര്‍ക്കാരിന്റെ 108 ആംബുലന്‍സ് സൗകര്യം നിലവിലുള്ളത് .
അവയവദാനം അടക്കമുള്ള അടിയന്തര വൈദ്യ സഹായത്തിന് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ എയര്‍ ആംബുലന്‍സ് പദ്ധതി ആരംഭിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതാണ് . ഇതിനായി അവയവ ദാനത്തിനുള്ള സര്‍ക്കാര്‍ ഏജന്‍സിയായ മൃതസഞ്ജീവനിയും രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയുമായി സര്‍ക്കാര്‍ കരാറുണ്ടാക്കുകയും ചെയ്തിരുന്നു . പദ്ധതി ഉദ്ഘാടനം ചെയ്യുകയുമുണ്ടായി . 2014 ല്‍ ഏഴ് കോടി ചെലവില്‍ വാങ്ങിയ എട്ട് സീറ്റുള്ള വിമാനം എയര്‍ ആംബുലന്‍സിനായി ഉപയോഗിക്കാനായിരുന്നു ധാരണ .
എയര്‍ ആംബുലന്‍സായി ഉപയോഗിക്കുന്നതിന് മണിക്കൂറിന് 40,000 രൂപയാണ് രാജീവ് ഗാന്ധി അക്കാദമി ആവശ്യപ്പെട്ടിരുന്നത് . മറ്റ് സ്വകാര്യ കമ്പനികള്‍ മണിക്കൂറിന് രണ്ട് ലക്ഷം രൂപയും മാസം 40 മണിക്കൂര്‍ ഉപയോഗം ഗ്യാരണ്ടി ചെയ്യണമെന്നും ആവശ്യപ്പെട്ടിടത്തായിരുന്നു രാജീവ് ഗാന്ധി അക്കാദമി 40,000 രൂപ മാത്രം ചോദിച്ചത് . ഈ തുക പോലും നല്‍കാനാവില്ലെന്ന നിലപാടിലാണ് പുതിയ സര്‍ക്കാര്‍ പദ്ധതി വേണ്ടെന്ന് വെച്ചത് . എയര്‍ ആംബുലന്‍സ് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണെന്നും ചെലവ് സര്‍ക്കാരിന് താങ്ങാനാവത്തതിനാല്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാവില്ലെന്നുമാണ് അന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചത് .
അവയവമാറ്റ ശസ്ത്രക്രിയകള്‍ ഇന്ന് കേരളത്തില്‍ അപൂര്‍വമായി മാത്രം നടക്കുന്ന സംഗതിയല്ല . ഇതുമായി ബന്ധപ്പെട്ടും ഒരു സിസ്റ്റം ഇക്കാര്യത്തില്‍ എത്രയും പെട്ടെന്ന് ഉണ്ടാകേണ്ടതുണ്ട് . മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയില്‍ നിന്നുമുള്ള അവയവങ്ങള്‍ ആവശ്യക്കാരനിലേക്ക് നിശ്ചിത സമയത്തിനുള്ളില്‍ എത്തിക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ അവയയമാറ്റ ശസ്ത്രക്രിയയുടെ ആദ്യഘട്ടം വിജയകരമായി പൂര്ത്തിയാക്കാനാകൂ .
കേരളത്തിലെ നിലവിലെ ട്രാഫിക് സാഹചര്യങ്ങളില്‍ റോഡ് മാര്‍ഗം ഇത് എത്രത്തോളം പ്രാവര്‍ത്തികമാണെന്ന് നാം ചിന്തിക്കേണ്ടതുണ്ട് .
അടിയന്തിര ഘട്ടങ്ങളില്‍ എയര്‍ ആംബുലന്‍സ് സൗകര്യം രോഗികള്‍ക്ക് ലഭ്യമാക്കുന്നതിനായി സ്വകാര്യ കമ്പനികളെ ആശ്രയിക്കാമെങ്കിലും ചികിത്സാ ചെലവുകള്‍ക്ക് തന്നെ പണം കണ്ടെത്താന്‍ വിഷമിക്കുന്ന സാധാരണക്കാരനെ സംബന്ധിച്ച് അത് അപ്രാപ്യമാണ് .
നിലവില്‍ ചെന്നൈ , ഡല്‍ഹി , മുംബൈ എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് എയര്‍ ആംബുലന്‍സ് കൊണ്ടു വരുന്നത് . അതിന് ആറുലക്ഷം രൂപ മുതല്‍ ഈടാക്കുന്നുണ്ട് . ആംബുലന്‍സ് ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ ഷാജുദ്ദീന്‍ ചിറക്കല്‍ പറയുന്നു . എയര്‍ ആംബുലന്‍സ് സംവിധാനം സമ്പന്ന വിഭാഗത്തിന് മാത്രം ഉപയോഗിക്കാനാകുന്ന ഒരു സൗകര്യമാണെന്ന് ചുരുക്കം .
ജനിതക ഹൃദയ വൈകല്യവുമായി ജനിച്ച കുഞ്ഞിനെ അടിയന്തിര ശസ്ത്രക്രിയക്കായി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണപ്പെട്ട നിരവധി വാര്‍ത്തകള്‍ പത്രങ്ങളില്‍ തലക്കെട്ടുകളാകാതെ മാതാപിതാക്കളുടെ നെഞ്ചിലെ നീറ്റലായി മാത്രം ഒടുങ്ങിയിട്ടുണ്ട് . അത്തരം നിരവധി സംഭവങ്ങളുടെയും സമ്മര്‍ദ്ദങ്ങളുടെയും തുടര്‍ച്ചയായിരുന്നു ഹൃദ്യമെന്ന പദ്ധതിയെങ്കില്‍ 620 കിലോമീറ്റര്‍ ലക്ഷ്യം കണ്ട് തുടങ്ങിയ ഈ ആംബുലന്‍സ് യാത്രയുടെ ക്ലൈമാക്സ് 15 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ അതിജീവനത്തിനൊപ്പം കേരളത്തിന് ഒരു എയര്‍ ആംബുലന്‍സ് എന്ന ലക്ഷ്യത്തിന്റെ സാക്ഷാത്കാരം കൂടിയാകട്ടെ .