Calicut CRIME

എന്‍ഫീല്‍ഡ് ഷോറൂമിലെ കവര്‍ച്ച: പ്രതി മുങ്ങി.

img

കോഴിക്കോട്:

നഗരത്തിലെ എന്‍ഫീല്‍ഡ് ഷോ റൂമില്‍ കവര്‍ച്ച നടത്തിയത് മലപ്പുറം തിരൂര്‍ താലൂക്കിലെ ഒഴൂര്‍ സ്വദേശി നൗഫലാണെന്ന് തിരിച്ചറിഞ്ഞു. ഇതു സംബന്ധിച്ച തെളിവുകള്‍ പോലീസിന് ലഭിച്ചു. കവര്‍ച്ച നടത്തിയ ശേഷം ബൈക്കുമായാണ് പ്രതി നാട്ടില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് പോലീസ് പറയുന്നു.

വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളുടെയും മൊബൈല്‍ ലൊക്കേഷന്‍റെയും അടിസ്ഥാനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അരീക്കോട്ടെ പെട്രോള്‍ പമ്പിലെ സിസിടിവിയിലും പ്രതിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇവിടെ നിന്നും 1000 രൂപയുടെ പെട്രോളടിച്ചാണ് പ്രതി യാത്ര തുടര്‍ന്നത്. പ്രതി സഞ്ചരിക്കുന്ന സ്ഥലങ്ങള്‍ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ തിരിച്ചറിഞ്ഞു.

തൃശൂര്‍ ചാവക്കാട് വരെ പ്രതി എത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചാവക്കാട് പോലീസുമായി ബന്ധപ്പെട്ട് ഈ മേഖലയില്‍ പരിശോധനയും നിരീക്ഷണവും ഊര്‍ജിതമാക്കി.
നിരവധി മോഷണക്കേസുകളില്‍ പ്രതിയായ നൗഫൽ ശിക്ഷയനുഭവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഫ്രാന്‍സിസ് റോഡിലെ എന്‍ഫീല്‍ഡ് ഷോറൂമില്‍ കവർച്ച നടന്നത്. വിപണിയിലിറക്കാനിരുന്ന പുതിയ മോഡല്‍ ക്ലാസിക് എക്‌സ് ബൈക്കാണ് നഷ്ടപ്പെട്ടത്.

ഷോറൂമിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 1,60,000 രൂപയും മോഷണം പോയി. 1,72,000 രൂപ വിലയുള്ളതാണ് ബൈക്ക്.
മോഷ്ടാവിന്‍റെ ദൃശ്യങ്ങള്‍ ഷോറൂമിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സൗത്ത് അസിസ്റ്റന്‍റ്കമ്മീഷണര്‍ എ.ജെ.ബാബുവിന്‍റെ കീഴിലുള്ള പ്രത്യേക സ്‌ക്വാഡും ടൗണ്‍ എസ്ഐ ബിജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.