
കണ്ണൂര്‍ :
കണ്ണൂരില്‍ നിന്നും അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കി . എന്നാല്‍ ബോധപൂര്‍വ്വമാണ് യന്ത്രത്തകരാറുള്ള വിമാനം പറത്തിയതെന്ന് യാത്രക്കാര്‍ ആരോപിച്ചു .
ഇന്നലെ ഷാര്‍ജയിലേക്ക് പോകേണ്ടിയിരുന്ന വിമാനം യന്ത്രത്തകരാര്‍ മൂലം വൈകിയിരുന്നു . യാത്രക്കാര്‍ പ്രതിഷേധിച്ചതോടെ അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന വിമാനം ഷാര്‍ജയിലേക്ക് പറത്തിയെന്നും പകരം തകരാറുള്ള വിമാനത്തിലാണ് തങ്ങളെ കയറ്റിയതെന്നും യാത്രക്കാര്‍ പറഞ്ഞു .
യന്ത്രത്തകരാറിനെ തുടര്‍ന്ന് അബുദാബിയിലേക്കുള്ള വിമാനം തിരുവനന്തപുരത്ത് ഇറക്കി അറ്റകുറ്റപ്പണി നടത്തിയ ശേഷം ടേക്ക് ഓഫ് ചെയ്യുകയായിരുന്നെന്നും യാത്രക്കാര്‍ ആരോപിച്ചു .
നേരത്തേ ഷാര്‍ജക്ക് പോകേണ്ടിയിരുന്ന യന്ത്രത്തകരാറുള്ള വിമാനം തിരുവനന്തപുരത്തിറക്കി മറ്റൊരു വിമാനത്തില്‍ യാത്ര പുനരാരംഭിക്കാമെന്ന് എയര്‍ ഇന്ത്യ പറഞ്ഞിരുന്നെങ്കിലും യാത്രക്കാര്‍ അത് നിരസിക്കുകയായിരുന്നു . ഈ വിമാനമാണ് യാത്രക്ക് ഉപയോഗിച്ചതെന്നാണ് യാത്രക്കാര്‍ പറയുന്നത് .
183 യാത്രക്കാരടക്കം മൊത്തം 187 പേരാണ് വിമാനത്തിലുണ്ടായിരുന്നത് . എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല .