എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം ആറ് നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം ആറ് നില കെട്ടിടത്തിന് തീപിടിച്ചു. പാരഗണ്‍ ഗോഡൗണിനാണ് വന്‍ തീപിടുത്തമുണ്ടായത്. രണ്ട് മണിക്കൂറായി ഫയര്‍ഫോഴ്‌സ് തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍, തീ നിയന്ത്രണ വിധേയമായിട്ടില്ല. സമീപ കെട്ടിടങ്ങളിലേക്ക് തീ പടരാനുള്ള സാധ്യതയും കൂടുതലാണ്.

കൂടുതല്‍ ഫയര്‍ഫോഴ്‌സ് സംഘം സംഭവ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. സമീപത്തുളള കെട്ടിടങ്ങളില്‍ ഉള്ളവരെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നഗരത്തില്‍ നിന്ന് കുടിവെള്ള ടാങ്കറുകളില്‍ അടക്കം വെള്ളമെത്തിച്ച്‌ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അഗ്‌നി ബാധ നിയന്ത്രിക്കാനായി സേനയുടെ സഹായം തേടിയിട്ടുണ്ട്.

രാവിലെ പതിനൊന്ന് മണിയോടെയാണ് കെട്ടിടത്തിന്റെ മധ്യ ഭാഗത്ത് അഗ്‌നി ബാധയുണ്ടായത്. റബ്ബര്‍ ഉല്‍പന്നങ്ങളാണ് തീ പിടിച്ച കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. കെട്ടിടത്തില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പ്രാഥമിക വിവരം. കെട്ടിടത്തില്‍ നിന്ന് ഉയരുന്ന കനത്ത പുക രക്ഷാപ്രവര്‍ത്തനത്തിന് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്