COVER STORY

എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ 73 ആം ജന്മ ദിനം ഇന്ന്…

img

ഗായകൻ, സംഗീത സംവിധായകൻ, നടൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്, നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തനായ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ 73 ആം ജന്മവാർഷിക ദിനം ഇന്ന് 04/06/2019ൽ.

മദ്രാസ് പ്രവിശ്യയിൽ ഉൾപ്പെട്ടിരുന്ന ആന്ധ്രപ്രദേശിലെ നെല്ലൂരിൽ 1946 ജൂൺ 4 ന് ജനനം.
ശ്രീപതി പന്ധിതരാധ്യുള ബാലസുബ്രഹ്മണ്യം എന്ന എസ്.പി.ബാലസുബ്രഹ്മണ്യം സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം അനന്തപുരിലെ എഞ്ചിനീയറിംഗ് കോളേജിൽ ചേർന്നുവെങ്കിലും അസുഖം വന്നതിനാൽ പഠനം തുടരാൻ കഴിഞ്ഞില്ല.

പിന്നീട് ചെന്നൈ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ്‌ എഞ്ചിനീയറിംഗിൽ അസ്സോസിയേറ്റ് മെമ്പർ ആയി ചേർന്നു. ആ കാലയളവിൽ പല സംഗീത മത്സരങ്ങളിലും പങ്കെടുത്തു സമ്മാനങ്ങൾ നേടി. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന തെലുങ്ക് കൾച്ചറൽ സൊസൈറ്റി നടത്തിയ സംഗീത മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. പിന്നണി ഗായകരെ തിരഞ്ഞെടുക്കുന്നതിനായി അക്കാലത്തെ പ്രശസ്ത സംഗീതജ്ഞനായിരുന്ന കോദണ്ഡപാണിയും ഘണ്ടശാലയും വിധികർത്താക്കളായി നടത്തിയ മത്സരത്തിൽ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു.

1966ൽ “ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ” എന്ന തെലുങ്ക് ചിത്രത്തിൽ പാടാൻ അവസരം ലഭിച്ചത് എസ്.പി യുടെ ജീവിതത്തിൽ വഴിത്തിരിവായി. എട്ട് ദിവസം കഴിഞ്ഞപ്പോൾ “നക്കരെ അഡ സ്വർഗ്ഗ “എന്ന കന്നഡ ചിത്രത്തിലും പിന്നീട് “ഹോട്ടൽ രംഭ” എന്ന തമിഴ് ചിത്രത്തിലും പാടാൻ അവസരം ലഭിച്ചു.

എന്നാൽ 1969 ൽ എം.ജി.ആർ.ന്റെ “അടിമൈപ്പെൺ ” എന്ന ചിത്രത്തിന് വേണ്ടി പാടിയ ആയിരം നിലവെ വാ….. എന്ന ഗാനത്തോട് കൂടി തമിഴകത്തിൽ അദ്ദേഹം പ്രശസ്തനായി. അതേ വർഷം തന്നെ മലയാളത്തിൽ കടൽപ്പാലം എന്ന ചിത്രത്തിലും പാടി.

ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടില്ലാത്ത എസ്.പി. യെക്കൊണ്ട് കർണ്ണാടക സംഗീതം ഉൾപ്പെടുത്തി തെലുങ്കിൽ കെ. വി. മഹാദേവൻ സംഗീതം ചെയ്ത “ശങ്കരാഭരണ”ത്തിലെ ഗാനങ്ങൾ പാടിച്ചു. ചിത്രവും ഗാനങ്ങളും തെലുങ്കിലും ഇതര ഭാഷകളിലും വമ്പൻ ഹിറ്റായി മാറി.1980ലെ ഏറ്റവും മികച്ച ഗായകനുള്ള ദേശീയ അവാർഡും അദ്ദേഹത്തിന് ലഭിച്ചു. അടുത്ത വർഷം 1981ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത “ഏക് ദുജേ കേലിയെ “എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും പാടി. അതിലെ ഗാനങ്ങൾക്ക് ആ വർഷത്തെ ദേശീയ അവാർഡും ലഭിച്ചു.

പിന്നീട് 1983ലും (സാഗര സംഗമം )1986ലും (സ്വാതിമുത്യം )1988ലും (രുദ്രവീണ ) ദേശീയ അവാർഡുകൾ ലഭിച്ചു. ഇന്ത്യൻ സിനിമാ ലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചു 2016 എൻ.റ്റി.രാമറാവു ദേശീയ അവാർഡും നൽകി. ആന്ധ്ര, തമിഴ് നാട്‌ സംസ്ഥാന അവാർഡുകൾ വേറെയും.
ഇന്ത്യയിലെ 16 ഭാഷകളിലായി 40000 ഗാനങ്ങൾ പാടിയ അദ്ദേഹത്തിൻറെ പേര് ആ നിലയിൽ തന്നെ ഗിന്നസ് ബുക്കിലും ഇടം പിടിച്ചു. 2012ൽ.
2001ൽ പത്മശ്രീ പുരസ്കാരവും 2011ൽ പത്മഭൂഷൺ പുരസ്കാരവും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

പ്രീയ ഗായകന് പിറന്നാൾ
🌹🙏ആശംസകൾ 🙏🌹

%d bloggers like this: