NATIONAL POLITICS

എൻഡിഎ പിളർന്നു, ഇനി പുതിയ സാധ്യതകൾ’ എന്ന് ചവാൻ, ശിവസേനയെ പിന്തുണയ്ക്കുമോ കോൺഗ്രസ്.

മുംബൈ:

ശിവസേനയെ പിന്തുണച്ച് എങ്ങനെയെങ്കിലും സർക്കാരുണ്ടാക്കാൻ ശ്രമങ്ങൾ സജീവമാക്കുകയാണ് മഹാരാഷ്ട്ര കോൺഗ്രസ് നേതൃത്വം. 44 എംഎൽഎമാരിൽ 35 പേരെയും കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിലെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ് മഹാരാഷ്ട്ര പിസിസി നേതൃത്വം. അതേസമയം, കുതിരക്കച്ചവടം ഒഴിവാക്കാനാണെന്ന് തുറന്ന് പറഞ്ഞ് ശിവസേനയും 56 എംഎൽഎമാരെ മുംബൈയുടെ പ്രാന്തപ്രദേശമായ മലാഡിലെ റിസോർട്ടിലേക്ക് മാറ്റി. ഈ എംഎൽഎമാരെ ഉച്ചയോടെ ഉദ്ധവ് താക്കറെ കാണുമെന്നാണ് വിവരം. ഇന്നലെ രാത്രി മുഴുവൻ ഇവിടെ ആദിത്യ താക്കറെ ഇവിടെയാണ് ചിലവഴിച്ചത്. ഓരോ എംഎൽഎമാരെയും നേരിട്ട് കാണുകയായിരുന്നു ആദിത്യ.

സർക്കാരുണ്ടാക്കാൻ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയുടെ നിയമസഭാ കക്ഷിനേതാവ് ദേവേന്ദ്ര ഫട്നവിസിനെ ഗവർണർ ക്ഷണിച്ചുകഴിഞ്ഞു. എങ്ങനെയെങ്കിലും ഭൂരിപക്ഷം തെളിയിക്കാൻ നെട്ടോട്ടത്തിലാണ് ബിജെപി. നാളെ രാത്രി എട്ട് മണിക്കുള്ളിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണറുടെ നിർദേശം. ഇതിനായി പത്തൊമ്പതാം അടവുമായി എൻസിപിയെ കൂടെക്കൂട്ടാനാകുമോ എന്നാലോചിക്കുകയാണ് ബിജെപി.

എല്ലാ സാധ്യതകളും സജീവമായി പരിഗണിക്കുകയാണ് കോൺഗ്രസെന്ന് തെളിയിക്കുന്നതാണ് കോൺഗ്രസ് മുൻമുഖ്യമന്ത്രി പൃത്ഥ്വിരാജ് ചവാന്‍റെ വാക്കുകൾ. ശിവസേനയെ പിന്തുണയ്ക്കാൻ മടിയില്ല. ”ഒരു സർക്കാരുണ്ടാക്കുമ്പോൾ തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യം തന്നെയാണ് ആദ്യം കണക്കിലെടുക്കേണ്ടത്. പക്ഷേ, ഇവിടെ മഹാരാഷ്ട്രയിൽ ബിജെപി – ശിവസേന സഖ്യം തകർന്നടിഞ്ഞു കഴിഞ്ഞു. അതല്ലെങ്കിൽ ഏറ്റവും വലിയ രാഷ്ട്രീയപാർട്ടി സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കണം. അതുണ്ടായിട്ടില്ല. അപ്പോൾ ആ വഴിയും അടഞ്ഞു. അപ്പോൾ ഗവർണർക്ക് മൂന്നാമത്തെ സാധ്യത പരിഗണിക്കാം. അത് തെരഞ്ഞെടുപ്പിന് ശേഷം രൂപം കൊള്ളുന്ന സഖ്യങ്ങളാണ്. ഭരണത്തിലെത്താൻ വേണ്ട സംഖ്യയുണ്ടെങ്കിൽ ഇത് ഗവർണർ പരിഗണിക്കേണ്ടതാണ്. എൻസിപിയുമായി നിരന്തരം ചർച്ച നടത്തിയിരുന്നു. ശരദ് പവാറുമായി എന്തുവേണമെന്ന് വിശദമായ ചർച്ച നടത്തി. പക്ഷേ പാർട്ടിയ്ക്കുള്ളിൽ ബിജെപിയെ പുറത്താക്കണമെന്ന അഭിപ്രായം ശക്തമാണ്. അത്തരം വികാരം തന്നെയാണ് മുന്നണിക്കുള്ളിലുമുള്ളത്. എന്ത് വില കൊടുത്തും സർക്കാർ രൂപീകരണത്തിൽ നിന്ന് ബിജെപിയെ തടയും”, ചവാൻ വ്യക്തമാക്കുന്നു.

READ ALSO  റബ്ബര്‍ വിപണനത്തിന് ഇ പ്ലാറ്റ്‌ഫോം : അപേക്ഷ ജൂലൈ 30 വരെ സമര്‍പ്പിക്കാം

കണക്കിലെ കളിയെന്ത്?

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകൾ. 288 അംഗങ്ങളുള്ള നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകൾ വേണം. ബിജെപിയും സേനയും ചേർന്നാൽ 161 പേരായി. എന്നാലിത് പൂർണമായും അടഞ്ഞ സ്ഥിതിയാണിപ്പോൾ.

കോൺഗ്രസിന് കിട്ടിയത് 44 സീറ്റുകളാണ്. എൻസിപിക്ക് 54 സീറ്റുകളുണ്ട്. ബഹുജൻ വികാസ് ആഖഡിയ്ക്ക് 3 സീറ്റ് കിട്ടി. മജ്‍ലിസ് ഇ-ഇത്തിഹാദുൽ മുസ്ലിമീൻ, പ്രഹർ ജനശക്തി പാർട്ടി, സമാജ്‍വാദി പാർട്ടി എന്നിവർക്ക് 2 സീറ്റുകൾ വീതം കിട്ടി. 13 സ്വതന്ത്രർ ജയിച്ചിട്ടുണ്ട്. സിപിഎമ്മടക്കം ഏഴ് പാർട്ടികൾക്ക് ഓരോ സീറ്റ് വീതവും കിട്ടി.

READ ALSO  ശിവശങ്കറിന് സൈബർ തീവ്രവാദികളുമായി അടുത്ത ബന്ധമോ?

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് വിഹിതം ഇടിഞ്ഞതാണ് ബിജെപിയ്ക്ക് ക്ഷീണമായത്. 2014-ൽ ബിജെപിയ്ക്ക് 47 ലക്ഷം വോട്ടുകളും 122 സീറ്റും കിട്ടിയെങ്കിൽ ഇത്തവണ 41 ലക്ഷം വോട്ടുകളും 105 സീറ്റുകളുമായി ഇ‍ടിഞ്ഞു.

ബിജെപിയുടെ ഈ ക്ഷീണം കണക്കിലെടുത്ത്, സഖ്യത്തിലെ ‘വല്യേട്ട’നോട് 50:50 ഫോർമുല വേണണമെന്ന് ശിവസേന വിലപേശിയതോടെയാണ് സഖ്യത്തിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. അഞ്ച് വർഷത്തിൽ രണ്ടരവർഷം വീതം മുഖ്യമന്ത്രിപദം തുല്യമായി വീതം വയ്ക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

സർക്കാരുണ്ടാക്കാനുള്ള സമയപരിധി നേരത്തേ അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് രാജി നൽകിയ ദേവേന്ദ്ര ഫട്‍നാവിസ്, ശിവസേനയ്ക്ക് എതിരെ ആഞ്ഞടിച്ചു. ഒരുപക്ഷേ, 2014-ന് ശേഷം ഒരിക്കലും ഇല്ലാതിരുന്ന തരത്തിലുള്ള കടുത്ത പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോലും വിമർശനമുന്നയിക്കാൻ മടിക്കാതിരുന്ന ശിവസേനയ്ക്ക് ഒപ്പം സഖ്യം തുടരണോ എന്ന കാര്യം ആലോചിക്കേണ്ടതുണ്ടെന്ന് ഫട്‍നവിസ് തുറന്നടിച്ചു.

READ ALSO  മന്ത്രിപുത്രനെന്തുമാകാം, പൊലീസുകാരിക്കെന്തിനു സ്വസ്ഥത?

%d bloggers like this: