
ന്യൂഡല്‍ഹി :
36 വര്‍ഷത്തെ സേവനത്തിന് ശേഷം നാവിക സേനയുടെ പടക്കപ്പലായ ഐ.എന്‍.എസ് രഞ്ജിത്ത് സേനയില്‍ നിന്നും വിരമിക്കുന്നു . കപ്പലിന്റെ ഡീകമ്മീഷനിംഗ് മെയ് 6 തിങ്കളാഴ്ച നടക്കും .
റഷ്യന്‍ നിര്‍മിത കഷിന് ക്ലാസ് മിസൈല്‍ നശീകരണിയായിരുന്ന കപ്പല്‍ 1983ലാണ് സേനയുടെ ഭാഗമായത് . ഈ വിഭാഗത്തില്‍ പെട്ട അഞ്ച് കപ്പലുകളാണ് ഇന്ത്യ വാങ്ങിയത് .
1970ല്‍ ഉക്രൈനിലെ നികൊലെവിലാണ് കപ്പല്‍ നിര്‍മ്മിച്ചത് . രജപുത് ക്ലാസ് കപ്പലുകളാണ് ഇവ . ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈല്‍ ആദ്യമായി ഘടിപ്പിച്ച കപ്പലുകളാണ് രജപുത് ക്ലാസിലുണ്ടായിരുന്നത് .
സേനയുടെ കിഴക്കന്‍ , പടിഞ്ഞാറന്‍ കാവല്‍പ്പടയില്‍ ഉശിരനായിരുന്നു ഐ.എന്‍.എസ് രഞ്ജിത്ത് . രാഷ്ട്ര സുരക്ഷയുമായി ബന്ധപ്പെട്ട ധാരാളം സൈനിക നീക്കങ്ങളുടെ ഭാഗവുമായിരുന്നു 2004ല്‍ ഇന്ത്യന്‍ തീരത്ത് ആഞ്ഞടിച്ച സുനാമിയിലും 2014ലിലെ ഹുദ് ഹുദ് ചുഴലിക്കൊടുങ്കാറ്റിലും നാവിക സേനയുടെ രക്ഷാ പ്രവര്‍ത്തനത്തിന് കപ്പല്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു . 2003ല്‍ ആഫ്രിക്കന്‍ യൂണിയന് ഉന്നതതല യോഗത്തില്‍ സുരക്ഷയൊരുക്കാന്‍ മൊസാബിക്കിലും കപ്പല്‍ വിന്യസിച്ചിരുന്നു ഐ.എന്‍.എസ് രഞ്ജിത് രാജ്യത്തിന് നല്കിയ സേവനങ്ങള്‍ പരിഗണിച്ച് 2004ലിലും 2010ലും നാവിക സേനയുടെ യൂണിറ്റ് സൈറ്റേഷനും നല്‍കിയിരുന്നു .
വിശാഖപട്ടണത്തെ നാവികസേനാ ആസ്ഥാനത്ത് വെച്ചാണ് കപ്പലിന്റെ ഡീകമ്മിഷന്‍ നടപടികള്‍ . അവിടെ വെച്ച് കപ്പലിലെ പതാക അഴിച്ച് മാറ്റും . മുന്‍ നാവിക സേനാ മോധാവിയും ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്: ഗവര്‍ണറുമായ അഡ്മിറല്‍ ദേവേന്ദ്ര കുമാറിന്റെ സാന്നിധ്യത്തിലാകും ഡീകമ്മിഷന്‍ നടപടികള്‍ .