
തിരുവനന്തപുരം :
ചൊവ്വാഴ്ച നടക്കുന്ന 17 -ാം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു . സംസ്ഥാനത്തെ എല്ലാ പോളിംഗ് ബൂത്തുകളിലും പരിസരങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തിയതായും ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു . മറ്റ് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന 88 സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട് .
റേഞ്ച് ഐ.ജിമാര്‍ , സോണല്‍ എ.ഡി.ജി.പിമാര്‍ , സംസ്ഥാന പോലീസ് മേധാവി എന്നിവരുടെ നിയന്ത്രണത്തില്‍ എട്ടു കമ്പനി , നാലു കമ്പനി , 13 കമ്പനി സ്ട്രൈക്കിങ് സംഘങ്ങളെ തയ്യാറാക്കിയതായും ഡി.ജി.പി അറിയിച്ചു .
പ്രശ്ന സാധ്യതയുള്ള മേഖലകളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തിയതായും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ സഹായത്തോടെ കണ്ടെത്തിയ പ്രശ്നസാധ്യതയുള്ള 272 സ്ഥലങ്ങളിലും കമ്മ്യൂണിസ്റ്റ് ഭീകര ഭീഷണിയുള്ള 162 സ്ഥലങ്ങളിലും 245 ബൂത്തുകളിലും കേന്ദ്ര സായുധ പോലീസ് സംഘത്തെ വിന്യസിച്ചതായും അദ്ദേഹം പറഞ്ഞു . പ്രശ്ന ബാധിത ബൂത്തുകളില്‍ റിസര്‍വില്‍ ഉള്ള പൊലീസ് സംഘങ്ങളെ പോളിംഗ് ബൂത്തിന് സമീപം റോന്ത് ചുറ്റാന്‍ നിയോഗിക്കും .
ക്യാമറ സംഘങ്ങള്‍ നിരീക്ഷണം നടത്താത്ത പ്രശ്ന ബാധിത സ്ഥലങ്ങളില്‍ നിന്ന് വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു . ഇടുങ്ങിയതും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളില്‍ ഇരുചക്ര വാഹനങ്ങളില്‍ പൊലീസ് സംഘം പട്രോളിംഗ് നടത്തും .
പ്രശ്ന സാധ്യതയുള്ള 3,567 ബൂത്തുകളിലും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള 68 ബൂത്തുകളിലും തിരഞ്ഞെടുപ്പു പ്രക്രിയ സുഗമമാക്കുന്നതിനായി അധിക സുരക്ഷ ഏര്‍പ്പെടുത്തി .
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ അന്വേഷിക്കുന്നതിനായി 210 സബ് ഡിവിഷണല്‍ അന്വേഷണ സംഘങ്ങള്‍ക്ക് രൂപം നല്കി .
4,500 ചെറിയ വാഹനങ്ങള്‍, 500 ബസ്സുകള്‍ , 40 ബോട്ടുകള്‍ , 2,000 ഇരുചക്ര വാഹനങ്ങള്‍ എന്നിവ പോലീസ് സുരക്ഷയുടെ ഭാഗമായി ഉണ്ടാകും .
അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് ആവശ്യമെങ്കില്‍ സജ്ജരായിരിക്കാന്‍ മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .
വനിതാ വോട്ടര്‍മാര്‍ക്ക് സ്വതന്ത്രമായും നിര്‍ഭയമായും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കുന്നതിനായി 3500ലേറെ വനിതാ പൊലീസുകാരെ ഇത്തവണ നിയോഗിച്ചിട്ടുണ്ട് .
തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൂട്ടം കൂടി നില്‍ക്കുകയും സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് എതിരെ കര്‍ശനനടപടി സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ലാത്ത പരാതികള്‍ ഉള്‍പ്പടെ സ്വീകരിക്കുന്നതിന് എല്ലാ പൊലീസ് സ്റ്റേഷനുകളിലും പതിവ് സംവിധാനം ലഭ്യമായിരിക്കും .