
കാസര്‍കോട് :
ലോക്സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതിന് തെളിവുകള്‍ പുറത്ത് . കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എ.യു.പി സ്കൂളിലെ 19ാം നമ്പര്‍ ബൂത്തിലാണ് കള്ള വോട്ട് നടന്നത് . ആറ് പേര് കള്ളവോട്ട് ചെയ്യുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ് ._
പ്രിസൈഡിംഗ് ഓഫീസറെ കാഴ്ചക്കാരനാക്കിയാണ് കള്ളവോട്ട് ചെയ്യുന്നത് . ആളുമാറി വോട്ട് ചെയ്യുന്നതും ഒരാള്‍ തന്നെ രണ്ട് തവണ വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ് .
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റ് ബൂത്തിലുള്ളവര്‍ വോട്ട് ചെയ്യുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട് .
കള്ള വോട്ട് ചെയ്തവരില്‍ വനിത പഞ്ചായത്ത് അംഗവും മുന്‍ അംഗവും ഉള്‍പ്പെട്ടിട്ടുണ്ട് .
പിലാത്തറക്ക് പുറമെ തൃക്കരിപ്പൂരിലും പയ്യന്നൂരിലും എരമംകുറ്റൂരും കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട് .
774ാം വോട്ടറായ പത്മിനി എന്ന സ്ത്രീ രണ്ട് തവണ വോട്ട് ചെയ്യാന്‍ എത്തിയിരുന്നു . ഇവര്‍ കയ്യില്‍ പുരട്ടിയ മഷി ഉടന്‍ തന്നെ തലയില്‍ തുടക്കുന്നതും ദൃശ്യങ്ങളിലുണ്ട് .
ഇവിടെ മണിക്കൂറുകളോളം ക്യൂ നിന്ന് എത്തിയ ഒരാള്‍ വോട്ട് ചെയ്യാനാകാതെ മടങ്ങുന്നതും കാണാം . മറ്റൊരാള്‍ തന്റെ പേരില്‍ വോട്ട് ചെയ്തെന്ന് വ്യക്തമായതോടെയാണ് ഇവര്‍ ബൂത്തില്‍ നിന്ന് മടങ്ങി പോകുന്നത് .
ഇതിന് പുറമെ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ചട്ട വിരുദ്ധമായി ബൂത്തില്‍ കയറി നില്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം . സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളാണ് ബൂത്തില്‍ കയറി നില്‍ക്കുന്നതെന്നാണ് സൂചന .
വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി:. കാസര്‍കോട് , കണ്ണൂര്‍ ജില്ല കളക്ടര്‍മാരും പോളിംഗ് ഉദ്യോഗസ്ഥരും മറുപടി നല്‍കണം . ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് തെര.ഓഫീസര്‍ വ്യക്തമാക്കി .
അതേ സമയം കണ്ണൂരിലെ കള്ളവോട്ട് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് കെ.സുധാകരന് ആരോപിച്ചു . കള്ളവോട്ട് നടക്കുന്നത് സി.പി.എം അനുഭാവമുള്ള ഉദ്യോഗസ്ഥരുടെ അറിവോടെ . ബൂത്ത് ഏജന്റുമാരെ ഭീഷണിപ്പെടുത്തിയാണ് സി.പി.എം പ്രവര്‍ത്തനം . കള്ളവോട്ട് നടന്ന കാര്യം കളക്ടറെ അറിയിച്ചിട്ടും നടപടികളുണ്ടായില്ല . കള്ളവോട്ടിനെതിരായ കേസുമായി മുന്നോട്ട് പോകുമെന്നും സുധാകരന് പറഞ്ഞു .
കണ്ണൂര്‍ കാസര്‍കോട് മണ്ഡലങ്ങളില്‍ ജനാധിപത്യ സംവിധാനം പൂര്‍ണ പരാജയമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് ആരോപിച്ചു .