കുല്‍ഭൂഷന്‍ ജാദവ് കേസ്: അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പാക്കിസ്ഥാന്റെ വാദം ഇന്ന്

ദില്ലി: കുല്‍ഭൂഷന്‍ ജാദവ് കേസില്‍ അന്ത്രാഷ്ട്ര നീതിന്യായ കോടതിയില്‍ പാക്കിസ്ഥാന്റെ വാദം ഇന്ന്. ഇന്ത്യയുടെ വാദം ഇന്നലെയായിരുന്നു അവസാനിച്ചത്. ചാരവൃത്തി ആരോപിച്ച്‌ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്ഥാന്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത് നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഇന്ത്യയുടെ വാദം. പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഇന്ത്യക്ക് വേണ്ടി ഇന്നലെ ഹാജരായത്.

പാകിസ്ഥാന്‍ സൈനിക കോടതി കുല്‍ഭൂഷണ്‍ ജാദവിന്റെ വിചാരണ നടത്തി വധ ശിക്ഷ വിധിച്ചത് സുതാര്യത ഇല്ലാത്ത നടപടികളിലൂടെയാണെന്നും വധ ശിക്ഷ റദ്ദാക്കണമെന്നും ഇന്ത്യ വാദിച്ചു. എന്നാല്‍ ചാര വൃത്തിയില്‍ ജാദവിന്റെ പങ്ക് തെളിയിക്കുന്ന ഒരു രേഖയും പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ലെന്നും ഇന്ത്യ അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ നടന്ന വാദത്തില്‍ വ്യക്തമാക്കി.

ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ആണ് കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ പാകിസ്ഥാന്റെ നിലപാടുകള്‍ ഖണ്ണിക്കുന്ന വാദം നിരത്തിയത്. വിയന്ന ഉടമ്ബടി പ്രകാരം ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കാണാന്‍ ജാദവിന് അവകാശം ഉണ്ട്. എന്നാല്‍ ജാദവിന്റെ മനുഷ്യ അവകാശങ്ങള്‍ പാകിസ്ഥാന്‍ നിഷേധിച്ചു. മൂന്ന് വര്‍ഷം ആയി കുല്‍ഭൂഷണ്‍ അനുഭവിക്കുന്ന യാതന അവസാനിപ്പിക്കണം എന്ന് സാല്‍വെ അന്താരാഷ്ട്ര നീതിന്യായ കോടതിയോട് ആവശ്യപ്പെട്ടു.