
കിഫ്ബിയുടെ മസാല ബോണ്ടുകൾ ലണ്ടനിൽ പുറത്തിറക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിക്ക് ക്ഷണം. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ മസാല ബോണ്ടുകൾ പൊതുവിപണിയിലിറക്കുന്ന ചടങ്ങിലേക്കാണ് മുഖ്യമന്ത്രിക്ക് ക്ഷണം കിട്ടിയിരിക്കുന്നത്. മെയ് 17-നാണ് ചടങ്ങ്.
ഇത് ആദ്യമായാണ് ഏതെങ്കിലും ഒരു സംസ്ഥാന സർക്കാർ ഇറക്കുന്ന ബോണ്ട് ലണ്ടൻ സ്റ്റോക്ക് എക്സ് ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെടുന്നതും അതിന്റെ വിൽപനയുടെ തുടക്കം ചടങ്ങായി നടത്തുന്നതും.
ഒരു പക്ഷേ ഇതിലൂടെ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയ്ക്ക് ജനങ്ങൾക്കിടയിലുണ്ടാകുന്ന മേൽക്കൈ തിരിച്ചറിഞ്ഞ പ്രതിപക്ഷം ഇതിനെ മറികടക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. ലാവ്ലിനുമായി വിഷയത്തെ കൂട്ടിക്കെട്ടാനും സർക്കാരിന്റെ മോഡി കുറക്കാനുമുള്ള ആദ്യ ശ്രമങ്ങൾ ചെന്നിത്തല തന്നെ തുടങ്ങിക്കഴിഞ്ഞു.
മെയ് 17-നാണ് മുഖ്യമന്ത്രി ലണ്ടൻ സ്റ്റോക് എക്ചേഞ്ചിലെ മണി മുഴക്കി വിൽപനയ്ക്ക് ഔദ്യോഗിക തുടക്കമിടുന്നത്. സാധാരണ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ പുതിയ ബോണ്ടുകളും ഓഹരികളും അവതരിപ്പിക്കുമ്പോൾ മണിമുഴക്കിയാണ് ഔദ്യോഗികമായി തുടക്കം കുറിയ്ക്കുന്നത്.
പ്രധാനപ്പെട്ട ഓഹരികളുടേയും ബോണ്ടുകളുടേയും വിൽപന മാത്രമാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ചടങ്ങായി നടത്താറുള്ളത്. നേരത്തെ കേന്ദ്രസർക്കാരിന്റെ ബോണ്ട് വിൽപനയുടെ തുടക്കവും ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയെ ക്ഷണിച്ച് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് നടത്തിയിരുന്നു. എന്നാൽ ഇങ്ങനെയൊരു ചടങ്ങിൽ ഒരു മുഖ്യമന്ത്രിക്ക് ക്ഷണം കിട്ടുന്നത് ആദ്യമായിട്ടാണ്. ചടങ്ങിൽ പങ്കെടുക്കാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമുണ്ട്. അനുമതി കിട്ടിയാൽ മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകുമെന്നാണ് വിവരം.
കിഫ്ബിയുടെ മസാല ബോണ്ടുകള്‍ ലണ്ടന്‍ പുറമേ സിംഗപ്പൂർ സ്റ്റോക്ക് എക്സേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനോടകം 2150 കോടി രൂപക്ക് വിവിധ സ്വകാര്യ കമ്പനികള്‍ മസാല ബോണ്ടുകള്‍ വാങ്ങിക്കഴിഞ്ഞു.