GENERAL NATIONAL POLITICS

കേരള രാഷ്ട്രീയത്തിലെ അതികായനായ മാണി അന്തരിച്ചു..

img

കേരള രാഷ്ട്രീയത്തിലെ 50 വർഷത്തെ സജീവ സാന്നിദ്ധ്യമായ അതികായനും, കേരള കോൺഗ്രസ് (എം) ചെയർമാനും മുൻ ധനമന്ത്രിയുമായ കെ.എം.മാണി (86) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മുൻപ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ശേഷം ഡിസ്ചാർജ് ചെയ്തിരുന്നെങ്കിലും ഗുരുതര ശ്വാസതടസ്സത്തെ തുടർന്നു കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയെന്ന അപൂർവ ബഹുമതിക്ക് ഉടമയാണ് അദ്ദേഹം. ഭാര്യ: കുട്ടിയമ്മ. മക്കൾ: ജോസ് കെ.മാണി, എൽസമ്മ, ആനി, സ്മിത, ടെസ്സി, സാലി.

4. 57 PMനായിരുന്നു അന്ത്യം…

രാഷ്ട്രീയ അതികായൻ..

മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപിള്ളിയിൽ കരിങ്ങോഴയ്‌ക്കൽ തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933ൽ ജനിച്ചു. മരങ്ങാട്ടുപള്ളി സെന്റ് തോമസിലും കടപ്ലാമറ്റം സെന്റ് ആന്റണീസിലും കുറവിലങ്ങാട് സെന്റ് മേരീസിലും പാലാ സെന്റ് തോമസിലുമൊക്കെയായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. സ്‌കൂൾ വിദ്യാർഥിയായിരിക്കെ ഉത്തരവാദഭരണ പ്രക്ഷോഭത്തിൽ പങ്കാളിയായി. തിരുച്ചിറപ്പിള്ളി സെന്റ് ജോസഫ്‌സിലും തേവര സേക്രഡ് ഹാർട്ട്‌സിലുമായിരുന്നു കോളജ് വിദ്യാഭ്യാസം. പ്രസംഗവേദികളിൽ പിന്നീട് പ്രസിദ്ധമായ ആ വാഗ്‌ധോരണി കലാലയ നാളുകളിലെ മത്സര പ്രസംഗങ്ങളിൽ തുടങ്ങിയതാണ്. മദ്രാസ് ലോ കോളജിൽനിന്ന് 1955ൽ നിയമബിരുദം നേടി.

രാഷ്ട്രീയത്തിലേക്ക് എത്തിയപ്പോൾ കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് സ്ഥാനമായിരുന്നു ആദ്യം മാണിയെ തേടിയെത്തിയത്. 1959ൽ ആദ്യം കെപിസിസി അംഗമായി. അന്നുമുതൽ കേരള കോൺഗ്രസ് ഉണ്ടാകുന്നതുവരെ കെപിസിസി അംഗമായിരുന്നു. 1964ൽ കോട്ടയം ഡിസിസിയുടെ സെക്രട്ടറിയായി. അതേവർഷമാണ് പി.ടി. ചാക്കോയുടെ വിയോഗം. പാർട്ടി ചാക്കോയോട് അനീതിയാണു കാട്ടിയതെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ഉറച്ചു വിശ്വസിച്ചു. കെ.എം. ജോർജിന്റെ നേതൃത്വത്തിൽ 15 എംഎൽഎമാർ കോൺഗ്രസ് വിട്ടു. 1964ൽ തിരുനക്കരയിൽ മന്നത്തു പത്മനാഭൻ കേരള കോൺഗ്രസിനു തിരിതെളിച്ചു. കോട്ടയം ഡിസിസി ഏതാണ്ട് അതേപടി കേരള കോൺഗ്രസിന്റെ ജില്ലാക്കമ്മിറ്റിയായി.

1965ൽ കേരള കോൺഗ്രസിന്റെയും കെ.എം. മാണിയുടെയും പാലാ എന്ന പേരിലുള്ള നിയോജകമണ്ഡലത്തിന്റെയും ആദ്യ തിരഞ്ഞെടുപ്പ്. അന്നുമുതലിന്നോളം ഈ ത്രിത്വം ഒന്നായി തുടർന്നു. ധനകാര്യം, ആഭ്യന്തരം, റവന്യൂ, ജലസേചനം, നിയമം, ഭവനം, വിദ്യുച്‌ഛക്‌തി അങ്ങനെ പലവകുപ്പിലും മന്ത്രിയായിട്ടുണ്ട്. 1975 ഡിസംബർ 21നാണ് കെ.എം. മാണി ആദ്യം മന്ത്രിയാകുന്നത്. ധനകാര്യവകുപ്പിൽ തുടങ്ങി. അടിയന്തരാവസ്‌ഥയെ തുടർന്നുള്ള മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായി.

പാലായുടെ രാഷ്‌ട്രീയ ഭൂപടത്തിന്റെ ശിൽപഗോപുരം മാത്രമല്ല, വിഭജനരേഖയും കെ.എം. മാണി തന്നെയായിരുന്നു. മാണിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും- അതായിരുന്നു ഇത്രകാലം പാലായുടെ രാഷ്‌ട്രീയം. കേരളകോൺഗ്രസിലെ എണ്ണമറ്റ പിളർപ്പിൽ മിക്കതിലും ഒരു തലയ്‌ക്കൽ കെ.എം. മാണിയായിരുന്നു. മാണിയെ എതിർക്കാം, വിമർശിക്കാം, പക്ഷേ, അദ്ദേഹത്തെ അവഗണിക്കാൻ കേരള രാഷ്‌ട്രീയത്തിന് ഒരിക്കലും കഴിഞ്ഞിട്ടില്ല.

റെക്കോർഡുകളുടെ തമ്പുരാൻ..

ഏറ്റവും കൂടുതൽ കാലം എംഎൽഎയായതിന്റെ റെക്കാർഡ് 2014 മാർച്ച് 12നു തന്നെ മാണി സ്വന്തമാക്കിയിരുന്നു. തിരു – കൊച്ചി നിയമസഭ മുതൽ അംഗമായ കെ.ആർ.ഗൗരിയമ്മയുടെ റെക്കാർഡാണു മാണി തകർത്തത്. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രിസ്‌ഥാനം വഹിച്ചതും (23 വർഷം), ഏറ്റവും കൂടുതൽ മന്ത്രിസഭകളിൽ (12) അംഗമായതും മാണി തന്നെ. ഏറ്റവും കൂടുതൽ തവണ മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌തതിന്റെയും (13 തവണ) ഏറ്റവും കൂടുതൽ നിയമസഭകളിൽ മന്ത്രിയായിട്ടുള്ളതിന്റെയും (ഏഴ്) റെക്കോർഡും മാണിയുടെ പേരിലാണ്.

കേരളത്തിൽ കൂടുതൽ ബജറ്റ് (12) അവതരിപ്പിച്ച ധനമന്ത്രി, കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ധനവകുപ്പും (11 വർഷം) നിയമവകുപ്പും (20 വർഷം) കൈകാര്യം ചെയ്‌ത മന്ത്രി, ഒരേ മണ്ഡലത്തിൽനിന്ന് ഏറ്റവും കൂടുതൽ തവണ ജയിച്ച എംഎൽഎ തുടങ്ങിയ റെക്കോർഡുകളും മാണിക്കു സ്വന്തം. മാണിയുടെ സ്വന്തം പാലാ മണ്ഡലത്തിന്റെ പേരിലും ഒരു റെക്കോർഡുണ്ട്: 1964ൽ രൂപീകൃതമായശേഷം പാലാ മണ്ഡലത്തിൽനിന്നു മറ്റാരും നിയമസഭയിലെത്തിയിട്ടില്ല…

മാണിസാറിന് ദി കേരള ഓൺലൈൻ സാരഥികളുടെ അശ്രു ബാഷ്പങ്ങൾ…

%d bloggers like this: