ഗീതാ ഗോവിന്ദം നായിക ഇനി തമിഴിലേക്കും! കാര്‍ത്തിയുടെ നായികയായി രാഷ്മിക മന്ദാന

ഗീതാ ഗോവിന്ദത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത നായികയാണ് രാഷ്മിക മന്ദാന. വിജയ് ദേവരകൊണ്ടയുടെ നായികയായി ശ്രദ്ധേയപ്രകടനം തന്നെയായിരുന്നു നടി ചിത്രത്തില്‍ കാഴ്ചവെച്ചത്. ഗീതാ ഗോവിന്ദത്തിലെ ഇന്‍കേം ഇന്‍കേം എന്നു തുടങ്ങുന്ന പാട്ട് സമൂഹ മാധ്യമങ്ങളില്‍  തരംഗമായി മാറിയിരുന്നു.

തെലുങ്കിനു പുറമെ കന്നഡത്തിലും തിളങ്ങിയ നായികയാണ് രാഷ്മിക. 2016ല്‍ കന്നഡ ചിത്രം കിറിക്ക് പാര്‍ട്ടി എന്ന ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചിരുന്നത്. ഇപ്പോഴിതാ കന്നഡയും തെലുങ്കും കഴിഞ്ഞ് തമിഴകത്തേക്ക് എത്തുകയാണ് രാഷ്മിക. ദേവിനു ശേഷമുളള കാര്‍ത്തിയുടെ പുതിയ ചിത്രത്തിലാണ് രാഷ്മിക മന്ദാന നായികാ വേഷത്തിലെത്തുന്നത്.

വകാര്‍ത്തികേയന്റെ റെമോ സംവിധാനം ചെയ്ത ഭാഗ്യരാജ് കണ്ണനാണ് ചിത്രമൊരുക്കുന്നത്. ആക്ഷനും കോമഡിയും പ്രണയവും എല്ലാമുളള ഒരു മാസ് എന്റര്‍ടെയ്‌നര്‍ തന്നെയാകും ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യോഗി ബാബു,മന്‍സൂര്‍ അലി ഖാന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ് ആര്‍ പ്രഭുവാണ് സിനിമ നിര്‍മ്മിക്കുന്നത്. വിവേക് മെര്‍വിന്‍ സിനിമയ്ക്ക് സംഗീതമൊരുക്കുന്നു. മാര്‍ച്ചിലാണ് കാര്‍ത്തി-രാഷ്മിക ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്.