
പനാജി: ഗോവയിലെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി(എംജിപി) തീരുമാനിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസിനെ പിന്തുണക്കുമെന്നും പാർട്ടി അധ്യക്ഷൻ ദീപക് ധാവലിക്കർ അറിയിച്ചു. ഗോവയിൽ ഏപ്രിൽ 23നാണ് തിരഞ്ഞെടുപ്പ്.
അന്തരിച്ച മനോഹർ പരീക്കറുടെ പിൻഗാമിയായി അധികാരമേറ്റ പ്രമോദ് സാവന്ത് സർക്കാരിൽ എംജിപി നേതാവ് സുധിൻ ധവാലിക്കറെ ഉപമുഖ്യമന്ത്രിയാക്കി. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ എംജിപിയെ പിളർത്തി രണ്ട് എംഎൽഎമാരെ ബിജെപി പാർട്ടിയിൽ ചേർത്തു. പിന്നാലെ സുധിൻ ധവാലിക്കറെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കി. ഇതോടെയാണ് എംജിപി ബിജെപി ബന്ധം ഉപേക്ഷിച്ചത്.