NATIONAL POLITICS

ചീഫ് ജസ്റ്റിസിനെതിരായ ആരോപണം; വെളിപ്പെടുത്തലിൽ അന്വേഷണം ഉണ്ടായേക്കും..

img

ന്യൂഡൽഹി:

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരായ ലൈംഗികാരോപണത്തെ തുടർന്നുള്ള അഭിഭാഷകന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച് അധിക സത്യവാങ്മൂലം സമർപ്പിച്ചു. ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് അഭിഭാഷകനായ ഉത്സവ് സിങ് ബെയിൻസ് ഇന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിനു മുമ്പാകെ നൽകിയതെന്നാണ് സൂചന. ഗൂഢാലോചന ആരോപണം സംബന്ധിച്ച് അന്വേഷണം വേണമോ എന്ന കാര്യത്തിൽ ഉച്ചയ്ക്കു ശേഷം രണ്ടു മണിക്ക് കോടതി തീരുമാനം അറിയിക്കും.

അഭിഭാഷകന്റെ സത്യവാങ്മൂലം തെളിവായി സ്വീകരിക്കാനാകുമോ എന്ന കാര്യത്തിലാണ് ഇന്ന് കോടതിയിൽ വാദം നടന്നത്. തെളിവായി സ്വീകരിക്കാൻ കഴിയില്ല എന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്. എന്നാൽ തെളിവു നിയമപ്രകാരം ഏത് രേഖയും കോടതിയ്ക്ക് പരിഗണിക്കാം എന്ന നിലപാടാണ് ജസ്റ്റിസ് ഗോവിന്ദൻ നരിമാന്റേത്. പരാതിക്കാരിയുടെ ആരോപണത്തെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലായിരിക്കരുത് കോടതി പ്രഖ്യാപിക്കുന്ന അന്വേഷണം എന്ന് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തിനു പിന്നിൽ ഒരു കോർപറേറ്റ് സ്ഥാപനവും കോടതിയിലെ ചില ജീവനക്കാരും ആണെന്ന ഉത്സവ് സിങ് ബെയിന്റെ ആരോപണമാണ് അന്വേഷിക്കുന്നതെന്നും ലൈംഗികാരോപണം സംബന്ധിച്ച് നേരത്തെ നിയോഗിച്ച കമ്മിറ്റി അന്വേഷിക്കുമെന്നും കോടതി വ്യക്തമാക്കി.

കോടതി നടപടികളെ സ്വാധീനിക്കാനുള്ള ശ്രമം വളരെ ഗൗരവത്തോടെ കാണണമെന്നും നീതിന്യായ സംവിധാനത്തിന്റെ നിലനിൽപിനെ ബാധിക്കുന്ന വിഷയമാണിതെന്നും ജസ്റ്റിസ് അരുൺ മിശ്ര നിരീക്ഷിച്ചു. സുപ്രീം കോടതിയെ റിമോട്ട് കൺട്രോളിലൂടെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ഒരു കാരണവശാലും അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

ചീഫ് ജസ്റ്റിസിന്റെ പേരിലുള്ള ലൈംഗികാരോപണത്തിനുപിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ അതിന്റെ അടിവേരുവരെ അന്വേഷിച്ചുകണ്ടെത്തുമെന്നും ഉത്സവ് സിങ് ബെയിൻസ് മുദ്രവെച്ച കവറിൽ സമർപ്പിച്ച വിവരങ്ങൾ അതിഗൗരവമുള്ളതാണെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. തുടർന്ന് ബെയിൻസിനോട് അധിക തെളിവുകൾ സമർപ്പിക്കാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. സി.ബി.ഐ., ഇന്റലിജൻസ് ബ്യൂറോ, ഡൽഹി പോലീസ് എന്നിവയുടെ മേധാവികളെ വിളിച്ചുവരുത്തി ചേംബറിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

എറിക്സൺ കമ്പനിക്ക് 550 കോടി രൂപ നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ ആർകോം മേധാവി അനിൽ അംബാനിയെ കോടതിയിൽ വിളിച്ചുവരുത്താനുള്ള ജനുവരി ഏഴിലെ ഉത്തരവ് തിരുത്തിയതിന് കോർട്ട് മാസ്റ്റർമാരായ മാനവ് ശർമ, തപൻ ചക്രവർത്തി എന്നിവരെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പുറത്താക്കിയിരുന്നു. പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന സൂചനയാണ് അഡ്വ. ബെയിൻസ് നൽകുന്നത്.

കൂടാതെ, സുപ്രീംകോടതിയിൽനിന്നുണ്ടായ ഉത്തരവുകൊണ്ട് അടുത്തിടെ ഒരു കോർപ്പറേറ്റ് വ്യക്തിക്ക് ഭീമമായ നഷ്ടമുണ്ടായെന്നും ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനയിലേക്ക് അതു നയിച്ചെന്നും ബെയിൻസ് പറയുന്നു.

%d bloggers like this: