‘ജനിച്ചാലും ഈ കുട്ടി അരമണിക്കൂര്‍ മാത്രമാണ് ജീവിക്കുകയെന്ന് ഡോക്ടര്‍’; കുഞ്ഞിനെ മാസം തികഞ്ഞ് പ്രസവിച്ച്‌ അവയവങ്ങള്‍ ദാനം ചെയ്ത് അമ്മ

ഏഴാം മാസത്തില്‍ പരിശോധനയ്ക്ക് ചെന്ന ദമ്ബതികളോട് ഡോക്ടര്‍ പറഞ്ഞു, ‘നിങ്ങളുടെ കുഞ്ഞ് അത്യാസന്ന നിലയിലാണ്, ജനിച്ച്‌ മുപ്പത് മിനുട്ടുകള്‍ പോലും കുഞ്ഞ് ജീവിച്ചിരിക്കില്ല. മാസങ്ങള്‍ പൂര്‍ത്തിയാക്കി പ്രസവം നടത്തുന്നത് കൊണ്ട് യാതൊരു ഗുണവുമില്ല. കുഞ്ഞിനെ ജീവനോടെ ലഭിക്കണമെന്നുതന്നെയില്ല. അതിനാല്‍ ഇപ്പോള്‍ത്തന്നെ ഓപ്പറേഷന്‍ നടത്തി കുഞ്ഞിനെ പുറത്തെടുക്കാവുന്നതാണ്.’

23 വയസ്സ് മാത്രം പ്രായമുള്ള യുവതിയോടാണ് ഗര്‍ഭസ്ഥ ശിശുവിനെക്കുറിച്ച്‌ ഡോക്ടര്‍ ഇങ്ങനെ പറഞ്ഞത്. തലച്ചോറും തലയോട്ടിയും ഭാഗികമായി ഇല്ലാതെ പിറക്കുന്ന അവസ്ഥയായ അനെന്‍സിഫാലി എന്ന അപൂര്‍വ്വരോഗം ബാധിച്ച അവസ്ഥയിലായിരുന്നു കുഞ്ഞ്. കാത്തിരുന്ന തങ്ങളുടെ കുഞ്ഞിനെ താലോലിക്കാനും വളര്‍ത്താനും തങ്ങള്‍ക്ക് ഭാഗ്യമില്ലെന്ന യാഥാര്‍ത്ഥ്യം ക്രിസ്റ്റ-ഡെറി ദമ്ബതികള്‍ ഞെട്ടലോടെയാണ് കേട്ടത്.

കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്‌നങ്ങളുമായാണ് ഏഴുമാസം കഴിഞ്ഞത്. ഏഴാം മാസത്തില്‍ കുഞ്ഞ് മരിച്ചുകൊണ്ടിരിക്കുകയാണെന്ന് തിരിച്ചറിവ് നല്‍കിയ ആഘാതത്തില്‍ നില്‍ക്കുന്ന അവര്‍ക്ക് മുന്‍പില്‍ ഡോക്ടര്‍ രണ്ട് നിര്‍ദ്ദേശങ്ങളാണ് വെച്ചത്. വൈകല്യമുള്ള കുഞ്ഞായതിനാല്‍ കൂടുതല്‍ കാത്തുനില്‍ക്കാതെ ഇപ്പോള്‍ത്തന്നെ ഓപ്പറേഷന്‍ ചെയ്ത് കുഞ്ഞിനെ പുറത്തെടുക്കാം. അതല്ലെങ്കില്‍ മാസം പൂര്‍ത്തിയായ ശേഷം സാധാരണരീതിയിലുള്ള പ്രസവം നടത്തിയ ശേഷം കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യാം.

തകര്‍ന്നുപോയ സമയത്തും പരസ്പരം താങ്ങായ ദമ്ബതികള്‍ ഗര്‍ഭകാലം പൂര്‍ത്തിയാക്കി കുഞ്ഞിനെ പ്രസവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുഞ്ഞ് ജനിച്ച്‌ അരമണിക്കൂറിനകം മരിച്ചേക്കും എന്നറിയാവുന്നതിനാല്‍ ഇരുവരും ഒരായുസ്സില്‍ കൊടുക്കാനുള്ള സ്‌നേഹം മുഴുവനും കുഞ്ഞിന് നല്‍കി. പക്ഷേ അരമണിക്കൂര്‍ മാത്രം ജീവിക്കുമെന്ന് വിധിയെഴുതിയ കുഞ്ഞ് ഒരാഴ്ച ജീവിച്ചു. ആ സമയം മുഴുവനും ക്രിസ്റ്റയും ഡെറിയും ആശുപത്രിയില്‍ തന്നെയാണ് ചെലവഴിച്ചത്. കുഞ്ഞിന് റെയ്‌ലി എന്ന് പേരിടുകയും ചെയ്തു. മിടുക്കിയായ കുഞ്ഞ് അവസാന ദിവസങ്ങളില്‍ ഓക്‌സിജന്റെ കുറവ് മൂലം ശ്വാസം കിട്ടാതെ വന്നപ്പോള്‍ മാത്രമാണ് കരഞ്ഞതെന്ന് ദമ്ബതികള്‍ പറയുന്നു.

ഒടുവില്‍ ഒരാഴ്ചയ്ക്കു ശേഷം റെയ്‌ലി മരണപ്പെട്ടപ്പോള്‍ ക്രിസ്റ്റയും ഡെറിയും തങ്ങളുടെ കുഞ്ഞിന്റെ ഹൃദയവാല്‍വുകള്‍ രണ്ടു കുട്ടികള്‍ക്ക് വേണ്ടിയും ശ്വാസകോശം ഒരു ഗവേഷണ ആശുപത്രിയ്ക്ക് വേണ്ടിയും ദാനം ചെയ്തു. മകള്‍ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അവള്‍ മറ്റുള്ളവരിലൂടെ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നും ക്രിസ്റ്റ പറഞ്ഞു. ഒരാഴ്ച മകളെ താലോലിക്കാന്‍ കിട്ടിയത് ഭാഗ്യമെന്ന് തന്നെയാണ് കരുതുന്നതെന്നും ഇരുവരും പറയുന്നു.