സാഹിത്യം.

ജഹനാര എന്ന,മാനവ ഹൃദയ സ്പന്ദനവും  പ്രകൃതിയുടെ രമ്യമൂക  തുടിപ്പും ഇഴകിച്ചേര്‍ന്ന കാവ്യം.. ജസിന്താ മോറിസ് എഴുതുന്നു..

img

‘ജഹനാര.’

തലക്കെട്ടു കണ്ടാല്‍ രണ്ടാമതൊന്നു മസ്തിഷ്‌കത്തില്‍ ചികഞ്ഞുനോക്കും പലരും. എവിടെയെങ്കിലും ഈ കഥാപാത്രത്തെക്കുറിച്ചുള്ള അറിവ് മറഞ്ഞുകിടപ്പുണ്ടോ. ഒരു പക്ഷേ, ചുരുക്കം ചിലര്‍മാത്രം വിജയിക്കും.

മുഗള്‍വംശ ഭരണകാലത്ത് തടവില്‍ കഴിയേണ്ടിവന്ന സുന്ദരിയായ ജഹനാരയുടെ നെടുവീര്‍പ്പുകള്‍ അവിടെത്തന്നെ തളംകെട്ടി നിര്‍ത്തിക്കാതെ മലാളികളായ വായനക്കാരുടെ മനസിലേക്ക് ആവാഹിച്ചു പകരുകയാണ്. ഷാജഹാന്റെ പ്രിയപുത്രിയെ കാണാനും ആശ്വസിപ്പിക്കാനും സാധിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകും, ആ കവിത വായിക്കുമ്പോള്‍. .

തലക്കെട്ടിന് ഏറെ പ്രാധാന്യമുണ്ട്. ഒരു കാവ്യസമാഹാര ശീര്‍ഷകത്തിന്റെ മികവിലൂടെ പുതു കവയിത്രി ദീപാസോമന്‍ ദേവികൃപ അതാണ് ഈ കൃതിയിലൂടെ പ്രകടമാക്കിയത്. വായനക്കാര്‍ അറിയാതെതന്നെ കവിതാസമാഹാരത്തിലെ ഏതു താളിലാണ് ജഹനാരയെ കണ്ടെത്താനാകുകയെന്ന് തിരഞ്ഞുപോകും.

ദു:ഖത്തിന്റേയും ഏകാന്തതയുടേയും പീഡനങ്ങളുടേയും രോദനങ്ങള്‍ ‘മൗനത്തെ പറഞ്ഞയക്കാം’, ‘പീഡിതന്റെ സുവിശേഷം’, ‘വിഭ്രാന്തി’ മുതലായ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നു. കവികള്‍ എക്കാലവും വാനോളം പുകഴ്ത്തുന്ന പ്രണയത്തെക്കുറിച്ച് കവയിത്രി രചിച്ച കവിതകള്‍ വേറിട്ട ആവിഷ്‌ക്കാരമാണ്.

പ്രണയത്തിന്റെ ആഴക്കടലില്‍ മുങ്ങിത്താഴ്ന്ന് മുത്തുച്ചിപ്പികളും പല ആകൃതിയിലുള്ള കക്കത്തോടുകളുമെല്ലാം പെറുക്കി ശംഖുമാല തീര്‍ത്ത് അണിഞ്ഞും പ്രിയതമനെ അണിയിച്ചും ഉല്ലസിച്ചു. വിവേകം നഷ്ടപ്പെട്ടവളെന്ന് സമൂഹം വിധിച്ചപ്പോള്‍ കൂസാതെ പറവകളേപ്പോലെ മാനത്തേക്കു പാറിപ്പറന്നു. കവയിത്രിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ‘ചിരിച്ചും കരഞ്ഞും കവയിത്രിയായി.’
മധുരിക്കുന്ന അനുഭവങ്ങള്‍ മാത്രമല്ല പ്രണയം നമുക്കു സമ്മാനിക്കുന്നത് ഹൃദയനൊമ്പരങ്ങളും തേങ്ങലുകളും ഹൃദയഭേദകമായ ഏകാന്തതയുമാണ്. ‘പ്രണയമേ വിട’ എന്ന കവിതയിലൂടെ ദീപ വെളിപ്പെടുത്തുന്നത് അതാണ്.

സ്‌നേഹം! ആരും കൊതിക്കുന്ന അദൃശ്യമായ ഒരു വികാരം. വളരെ തീവ്രതയോടെത്തന്നെ പ്രവര്‍ത്തിയിലൂടെ സ്പഷ്ടമാകും. ‘സ്‌നേഹത്തിന്റെ സുഗന്ധം’ എന്ന കവിത അതാണു പറയുന്നത്.

മനുഷ്യനില്‍നിന്നു നിര്‍ഗമിക്കുന്ന വികാരങ്ങള്‍ മാത്രല്ല, പ്രകൃതിയുടെ മര്‍മരങ്ങളും പച്ചപ്പും നിറയുന്ന കവിതകളും ദീപയുടെ തൂലികയില്‍നിന്നു നിര്‍ഗളിക്കുന്നു. ‘ഞാന്‍ കണ്ട മൂന്നാര്‍’, ‘മഴപ്പെണ്ണ്’, ‘മഴയിലേക്ക് ഒരു വേനല്‍ദൂരം’ എന്നിവ അത്തരം കവിതകളാണ്.

പ്രകൃതിയും മനോഹാരിതയും ഹൃദയത്തില്‍ സംഭരിച്ച് പ്രകൃതിയുടെ നിഴലാകുകയാണ് ഈ കന്നി എഴുത്തുകാരി. പ്രകൃതിയിലെ ചലനങ്ങളും മാറ്റങ്ങളും എന്തിനേറെ അതിന്റെ ഓരോ മുഖത്തുടിപ്പുമെല്ലാമുണ്ട്. മുത്തുച്ചിപ്പികള്‍ അതിന്റെ അകത്ത് അകപ്പെടുന്ന ചെറുകല്ലുകളെ സ്വന്തം ലായനിയില്‍ പൊതിഞ്ഞുവച്ച് മനോഹരങ്ങളായ മുത്തുകളാക്കുന്നതുപോലെ കവയിത്രി താന്‍ കേട്ട പ്രകൃതിയിലെ ഓരോ ‘സരളിവരിശ’കളും മനോഹരമായ കീര്‍ത്തനങ്ങളാക്കി മാറ്റിയിരിക്കുന്നു.
ഈശ്വര പരിപാലനയില്‍ ഉറച്ചു വിശ്വസിക്കുന്ന സന്ദേശമാണ് ‘എന്റെ ദൈവം വരുന്നു’ എന്ന കവിത. വിഷമങ്ങളും ക്‌ളേശങ്ങളും അറിയുന്ന ജഗദീശന്‍ ഒരിക്കലും കൈവിടില്ലെന്നു മാത്രമല്ല, സന്തോഷിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.

കുടുംബത്തിലെ കാര്‍ണവരായ മുത്തശ്ശന്‍ സമ്മാനിച്ച കോല്‍മിഠായിയുടെ മാധുര്യം ഓര്‍മകളുടെ മണിച്ചെപ്പു തുറന്ന് നുണയുകയാണ് എഴുത്തുകാരി. ആ വാല്‍സല്യം സ്മരിക്കുന്നതിനൊപ്പം ഭൂമിയിലെ ഏറ്റവും പരിപാവനവും ത്യാഗപൂര്‍ണവുമായ ജന്മമായ ‘അമ്മ’ യെ വാനോളം പുകഴ്ത്തുന്നു.

മാതൃഭാഷ എന്നും ശേഷ്ഠഭാഷയായി ഉള്‍ക്കൊള്ളുകയാണ് ‘മലയാള മധുരം’ എന്ന കവിതയില്‍.
‘കാകളി മധുരം ഞാന്‍ നുകരുന്നനേരം
ഒരു പൈങ്കിളി കൊഞ്ചല്‍ കേട്ടിടുന്നു
തുഞ്ചന്‍പറമ്പിലെ ഓമനത്തത്തേ
തുഞ്ചന്റെ പുകളുകള്‍ ഉണര്‍ന്നുപാടു’.

ഹാസ്യഭാവന നിറഞ്ഞ കവിതകള്‍ എന്നും മനുഷ്യന്റെ നര്‍മബോധത്തെ ഉത്തേജിപ്പിക്കും. അവയ്ക്കു സാഹിത്യത്തില്‍ മികച്ച സ്ഥാനവുമുണ്ട്. അത്തരം നര്‍മശരങ്ങള്‍ സാഹിത്യ ആവനാഴിയില്‍നിന്ന് തൊടുത്തുവിടാനും ഗ്രന്ഥകാരി മറന്നിട്ടില്ല. ‘ദിനേശ് ബീഡിയും അയാളും’ എന്ന കവിത നമ്മെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യും.

ചുരുക്കിപ്പറഞ്ഞാല്‍ ശിരസ്സിനു ചുറ്റും പുറംകണ്ണുകളും മനസിനുള്ളില്‍ ഹൃദയത്തോളം വലുപ്പമുള്ള അകക്കണ്ണുമായി ദീപാസോമന്‍ ദേവികൃപ സാഹിത്യത്തിന്റെ ദീപശിഖ കൈയിലേന്തി ദൈവകൃപയാല്‍ മുന്നേറുന്നു. ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെ.

ജസിന്ത മോറിസ്.

ജസിന്ത മോറിസ് ,ദീപാ സോമന്നൊപ്പം

%d bloggers like this: