
അഹമ്മദാബാദ് :ഗുജറാത്തിലെ ഗിര്‍ വനത്തിനുള്ളില്‍ തപസ് ചെയ്യുന്ന മെഹന്ത് ഭരത്ദാസ് എന്നയാള്‍ക്ക് വേണ്ടി മാത്രം ഒരു പോളിംഗ് ബൂത്തൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന് . ഒരൊറ്റ വോട്ടിന് വേണ്ടിയാണ് പോളിംഗ് ബൂത്തൊരുക്കിയത് .ഗിര്‍ വനത്തിനുള്ളില്‍ നിന്ന് ഏകദേശം 55 കിലോമീറ്ററോളം അകലെ സ്ഥിതി ചെയ്യുന്ന ബനേജ് എന്ന ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിലാണ് പോളിംഗ് ബൂത്തൊരുക്കിയത് . ബനേജ് തീര്‍ത്ഥം എന്ന അതിപുരാതനമായ ശിവ ക്ഷേത്രത്തിലാണ് വര്‍ഷങ്ങളായി മെഹന്ത് ഭരത്ദാസ് തപസിരിക്കുന്നത് .ജുനഗഡ് ലോക്സഭ മണ്ഡലത്തിലാണ് ബനേജ് സ്ഥിതി ചെയ്യുന്നത് . വിവിധയിനം കടുവകളും സിംഹങ്ങളുമുള്ള ഗിര്‍ വനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇങ്ങനെയൊരു പോളിംഗ് ബൂത്ത് ഒരുക്കിയത് .2004 , 2009 , 2014 വര്‍ഷങ്ങളില്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ മെഹന്ത് ഭരത്ദാസ് മുടങ്ങാതെ വോട്ട് ചെയ്തിട്ടുണ്ട് . കൂടാതെ , 2007-ലും 2012-ലും നടന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലും തന്റെ വോട്ട് രേഖപ്പെടുത്താന്‍ അദ്ദേഹം മറന്നില്ല .‘ ഒരു വോട്ടിനു വേണ്ടിയാണ് ഈ പോളിംഗ് ബൂത്തില്‍ സര്‍ക്കാര്‍ പണം ചിലവഴിക്കുന്നത് . ഞാന്‍ വോട്ട് രേഖപ്പെടുത്തിയതോടെ ഇവിടെ 100 ശതമാനമാണ് പോളിംഗ് .എല്ലാ സ്ഥലങ്ങളിലും 100 ശതമാനം വോട്ടിംഗ് രേഖപ്പെടുത്താന്‍ എല്ലാവരും വോട്ട് ചെയ്യണം’. വോട്ട് രേഖപ്പെടുത്തിയ ശേഷം മെഹന്ത് ഭരത്ദാസ് മാധ്യമങ്ങളോട് പറഞ്ഞു .ഇത്തവണ പശ്ചിമ ബംഗാളില്‍ ഒരു തെരഞ്ഞെടുപ്പ് സംഘം 4 ദിവസം കൊണ്ട് 400 കിലോമീറ്റര്‍ സഞ്ചരിച്ചാണ് മലോഗം എന്ന ഗ്രാമത്തിലെത്തിയത് . എന്നാല്‍ ആകെ 5 താമസക്കാര്‍ മാത്രമുള്ള ഇവിടെ വോട്ടര്‍ പട്ടികയിലുള്ളത് ഒരാള്‍ മാത്രമാണ് .