ട്രംപ് ഉപയോഗിക്കുന്നത് പ്രസിഡന്റിന്റെ പ്രത്യേക അധികാരം; മറ്റ് ഫണ്ടുകളില്‍ നിന്നും മതിലിനായി പണമെടുക്കും

അനധികൃത കുടിയേറ്റം നടത്തുന്നവരുടെ കടന്നാക്രമണമാണ് അതിര്‍ത്തിയില്‍ നടക്കുന്നതെന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ട് ട്രംപ് പറഞ്ഞു. അതു തടയാനുള്ള പ്രതിജ്ഞ പാലിക്കുമെന്നും അതിനു വേണ്ടിയാണ് മതില്‍ നിര്‍മ്മാണമെന്നും ട്രംപ് വ്യക്തമാക്കി.

ട്രഷറി സ്തംഭനം അവസാനിപ്പിക്കാനായി കോണ്‍ഗ്രസ് അംഗങ്ങള്‍ അംഗീകരിച്ച ബില്ലില്‍ അതിര്‍ത്തി സുരക്ഷക്കായി ട്രംപ് ആവശ്യപ്പെട്ടതിന്റെ നാലിലൊന്നു പണം മാത്രമാണ് നീക്കി വെച്ചത്. ഈ സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ മതിലിനുള്ള ഫണ്ട് ലഭ്യമാക്കാനുള്ള ട്രംപിന്റെ തീരുമാനം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ മറികടന്ന് ഫണ്ട് ലഭ്യമാക്കാന്‍ പ്രസിഡന്റിന് പ്രത്യേക അധികാരം ലഭിക്കുന്നു. മിലിറ്ററിയുടെ നിര്‍മ്മാണ ഫണ്ടില്‍ നിന്നും മയക്കുമരുന്നിനെതിരെ നടപടിയെടുക്കാനുള്ള ഫണ്ടില്‍ നിന്നും മതിലിനായുള്ള പണം വകയിരുത്തുമെന്നും ട്രംപ് വ്യക്തമാക്കി.

ഇതിനകം തന്നെ ട്രംപിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി ഡെമോക്രാറ്റുകള്‍ രംഗത്തെത്തിക്കഴിഞ്ഞു. ഫണ്ട് ഉപയോഗിക്കാനുള്ള അധികാരം പ്രസിഡന്റിനുണ്ടെങ്കിലും അതും കോണ്‍ഗ്രസിന്റെ വഴിയിലൂടെ മാത്രമേ നടക്കൂ. അതു കൊണ്ടു തന്നെ ഇതുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റുകളില്‍ നിന്ന് ട്രംപിന് നിയമ പ്രശ്‌നവും നേരിടേണ്ടി വരും. നിയമ പ്രശ്‌നങ്ങളുണ്ടായാല്‍ സുപ്രീം കോടതിയുടെ ഇടപെടലും വേണ്ടിവന്നേക്കാം. ഇല്ലാത്ത പ്രതിസന്ധി ഉണ്ടെന്നു പറഞ്ഞ് നിയമവിരുദ്ധമായി നടത്തിയതാണ് ഈ അടിയന്തരാവസ്ഥാ പ്രഖ്യാപനമെന്ന് സ്പീക്കര്‍ നാന്‍സി പെലോസിയും സെനറ്റ് മൈനോറിറ്റി നേതാവ് ചക്ക് ഷൂമറും പ്രതികരിച്ചു.

ഭരണഘടനയോടുള്ള അതിക്രമമാണിത്. മിലിറ്ററി ഫണ്ട് വകമാറ്റുന്നതിലൂടെ രാജ്യത്തിന്റ സുരക്ഷയേയും അത് ബാധിക്കുമെന്ന് ഡെമോക്രാറ്റുകള്‍ കുറ്റപ്പെടുത്തി. കോടതിയിലും പൊതുജന മധ്യത്തിലും ഭരണഘടനാപരമായ അധികാരത്തെ സംരക്ഷിക്കാനായി കോണ്‍ഗ്രസ് പോരാടുമെന്നും ഇരുവരും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളും ട്രംപിനെതിരെ രംഗത്തെത്തി.

ഇനി കോടതിയില്‍ കാണാമെന്നാണ് പ്രൂട്ടോ റിക്കന്‍ ഗവര്‍ണര്‍റിക്കാഡോ റോസെല്ലോ ട്രംപിന്റെ പ്രഖ്യാപനത്തോട് ട്വിറ്ററില്‍ പ്രതികരിച്ചത്. എന്തായാലും അതിര്‍ത്തിയില്‍ മതിലു കെട്ടുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം ഏതു വിധേനയും നടപ്പാക്കാനുള്ള തീരമാനത്തിലാണ് ഡോണാള്‍ഡ് ട്രംപ്.