
ആണ്ടിപ്പെട്ടി :
ടി.ടി.വി.ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെ (എ.എം.എം.കെ) ഓഫീസില്‍ നിന്ന് ഒന്നരക്കോടി രൂപ കണ്ടെത്തിയതായി റിപ്പോര്‍ട്ട് . ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന പണം കണ്ടെത്തിയത് .
94 ചാക്കുകളിലായി കെട്ടിവെച്ച നിലയിലാണ് പണം കണ്ടെത്തിയത് . ചാക്കിന് പുറത്ത് മണ്ഡലത്തിലെ വാര്‍ഡുകളുടെ നമ്പറും വോട്ടര്‍മാരുടെ എണ്ണവും രേഖപ്പെടുത്തിയിരുന്നു .
ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ ഉപതെരഞ്ഞെടുപ്പും നടക്കുന്ന ആണ്ടിപ്പെട്ടി മണ്ഡലത്തില്‍ നിന്നാണ് അനധികൃതമായി പണം കണ്ടെത്തുന്നത് .
വോട്ടര്‍മാര്‍ ഒരാള്‍ക്ക് 300 രൂപ വീതം നല്‍കാനായിരുന്നു പദ്ധതിയെന്ന് പരിശോധനക്ക് ശേഷം അധികൃതര്‍ അറിയിച്ചു .
എന്നാല്‍ പരിശോധനക്കെത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ എ.എം.എം.കെ പ്രവര്‍ത്തകര്‍ തടയുകയും തുടര്‍ന്ന് പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു .
ഫ്ളയിംഗ് സ്ക്വാഡിന്റെ സഹായത്തോടെയാണ് പരിശോധന പൂര്‍ത്തിയായത് . 4 എ.എം.എം.കെ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് .
കഴിഞ്ഞ ദിവസം വെല്ലൂരിലെ ഡി.എം.കെ സ്ഥാനാര്‍ത്ഥിയുടെ പക്കല്‍ നിന്നും കണക്കില്‍ പെടാത്ത പണം പിടികൂടിയതിനെ തുടര്‍ന്ന് വെല്ലൂര്‍ ലോക്സഭ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു .