WAYANAD

തൊവരിമല ഭൂസമരം ശക്തമാകുന്നു.. പന്ത്രണ്ടാം ദിവസം കളക്ട്രേറ്റ് സമരം സംഘർഷാത്മകം..

img

തൊവരിമല:

കലക്ടറേറ്റ് പടിക്കൽ നടക്കുന്ന തൊവരിമല ഭൂസമരം പന്ത്രണ്ട് ദിവസം പിന്നിട്ടപ്പോള്‍ സംഘര്‍ഷാത്മകമായ സ്ഥിതിഗതികളിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

ഭൂസമരസമിതിയുടെ സംസ്ഥാന കണ്‍വീനറും സി.പി.ഐ. (എം.എല്‍) റെഡ് സ്റ്റാര്‍ കേന്ദ്ര കമ്മറ്റിയംഗവുമായ കുഞ്ഞിക്കണാരനെ അറസ്റ്റു ചെയ്തിരുന്നു. അദ്ദേഹത്തിനു സര്‍ക്കാര്‍ വാദത്തെ തുടര്‍ന്ന് ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് അദ്ദേഹം വൈത്തിരി സബ് ജയിലില്‍ നിരാഹാരസമരം തുടങ്ങി.

അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കല്‍പ്പറ്റ ടൗണില്‍ പ്രകടനം നടന്നു. പ്രകടനത്തില്‍ വിവിധ കോളനികളിൽ നിന്നും വന്ന നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. മാര്‍ച്ചിന് എ.എം. അഖിൽ കുമാർ, വെളിയൻ, പി. ജാനകി, ബിനു ജോൺ, ആതിര, ഒണ്ടൻ എന്നിവർ നേതൃത്വം കൊടുത്തു.

സമരത്തിന് വിവിധ സംഘടനകൾ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നിരവധി വ്യക്തികളും സംഘടനകളും സമരപ്പന്തലിലെത്തി അഭിവാദ്യം ചെയ്തു.

പൗരാവകാശ സംഘടനയായ പി.യു.സി.എല്ലിന്‍റെ സംസ്ഥാന സെക്രട്ടറി അഡ്വ: പി.എ. പൗരൻ സെൽവകുമാർ, കെ.എസ് .മല്ലിക, സി.പി.ഐ(എംഎൽ) റെഡ് സ്റ്റാർ സെക്രട്ടറിയേറ്റ് അംഗം കെ.ശിവരാമൻ എന്നിവർ സംസാരിച്ചു.

ആദിവാസി ഭൂനിയമം അട്ടിമറിക്കാൻ നിയമ ഭേദഗതി കൊണ്ടുവന്ന സർക്കാർ തൊവരിമല ഭൂസമരത്തെ അവഗണിക്കുന്നത് സ്വാഭാവികമാണെന്ന് അഡ്വ. പൗരന്‍ പറഞ്ഞു. ഇന്ന് ഹാരിസനെ പോലുള്ള കുത്തകകളെ സംരക്ഷിക്കാനാണ് തൊവരിമല സമരത്തെ അവഗണിക്കുന്നത്. ശക്തമായ സമരം കൊണ്ടേ സർക്കാരിന്റെ ധാർഷ്ട്യത്തെ നേരിടാനാകൂ എന്നും പൗരൻ പ്രസ്താവിച്ചു.

സമരവേദിയില്‍ അട്ടപ്പാടിയിലെ ‘ആദി’ എന്ന ആദിവാസി സംഘടനയുടെ പ്രവർത്തകർ കലാപരിപാടികൾ അവതരിപ്പിച്ചു.

ചിത്രം: കല്‍പ്പറ്റ ടൗണില്‍ നടന്ന പ്രകടനം.

%d bloggers like this: