തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ ‘തിരിച്ചുവരവ്’; പോയന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്ത് കേരളം

ഇനിയെങ്ങാന്‍ ബ്ലാസ്റ്റേഴ്‌സ് വിജയ വഴിയിലേക്ക് തിരിച്ചെത്തിയോ എന്ന് സംശയിച്ച ആരാധകര്‍ക്ക് അധികം ആകാംക്ഷ നല്‍കാതെ കേരളം വീണ്ടും തോറ്റു. ഗോവയുമായുള്ള മത്സരത്തിലും ബ്ലാസ്‌റ്റേഴ്‌സ് ദയനീയമായാണ് പരാജയപ്പെട്ടത്. പോയന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ചെന്നൈയിനെ മൂന്ന് ഗോളിന് പരാജയപ്പെടുത്തി ഗോവയുടെ മുന്നില്‍ ചെന്നുപെട്ട ബ്ലാസ്റ്റേഴ്‌സും എതിരില്ലാത്ത മൂന്ന് ഗോളിനാണ് പരാജയപ്പെട്ടത്.

കോറോ, എഡു ബേഡിയ, ഹ്യൂഗോ ബോമസ് എന്നിവരാണ് ഗോവയ്ക്കായി ഗോളുകള്‍ നേടിയത്. ജയത്തോടെ ഗോവ സെമി ഫൈനലിലേക്ക് യോഗ്യത നേടി. പോയന്റ് പട്ടികയില്‍ ബെംഗളുരുവിനെ പിന്നിലാക്കിയതും ഗോവയ്ക്ക് നേട്ടമായി.

ആദ്യ പകുതിയിലാണ് ഗോവ രണ്ട് ഗോളുകള്‍ അടിച്ചത്. കഴിഞ്ഞ കളിയിലെ ‘പുലി’കളെല്ലാം കളിമറന്നുകളിച്ചു. ഗോവന്‍ പടയ്ക്കുമുന്നില്‍ ഒരവസരത്തിലും ബ്ലാസ്‌റ്റേഴ്‌സ് വെല്ലുവിളി ഉയര്‍ത്തിയില്ല.

പതിവുപോലെ ധീരജ് സിംഗ് അമിതജോലി ചെയ്തതാണ് ബ്ലാസ്‌റ്റേഴ്‌സ് കൂടുതല്‍ നാണക്കേടിലേക്ക് പോകാതിരുന്നതിന്റെ കാരണം. ഇന്നത്തെ കളിയോടെ ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് എത്തിച്ചേര്‍ന്നു. ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്.