Kavitha

*നിഴലായ്ഊർമ്മിള*

img

ഇതു രാജകഥയല്ലിതെന്റെ ജീവിതം
മിഥിലാ പുരിയിലെ നിഴലായവൾ ഞാൻ..
അമ്മയ്ക്ക് പേര് സുനൈന..
ജനകന്റെ പുത്രിയാകിലും, ചൊൽ വീണതൂർമ്മിള..
സീതം പകുത്തുറവായ സോദരിക്കായ്,
ജനകീപദവും, മൈഥിലീ നാമവും ത്യജിച്ചവൾ..
വൈകിയെത്തിയോൾ, എന്നും കാത്തിരിപ്പോൾ..
രാജപുത്രിയാകിലും, സ്വപ്നം പോലുമന്യമായവൾ..

നിഴലിൽ നിലാവിലെൻ നിശകൾ മറഞ്ഞു പോയ് രാവന്തിയോളവും ഉടയാത്ത മൗനമായ്…

രാമബാണങ്ങൾ നെഞ്ചിലേറ്റസുരനെപ്പോൽ…
ചെന്നു വീണതാ ദീപ്ത യൗവനകരങ്ങളിൽ…
അവൻ പേര് ലക്ഷ്മണൻ, സുമിത്രാസുതൻ
പോരാളി, രാമന്നു നിഴലായി മാറിയോൻ…
സീതയ്ക്കു നിഴലായ ഊർമ്മിളയ്ക്കിമ്പമായ്
രാമന്റെ നിഴലെന്നു കാലം കൽപിക്കയാം..

കൈകൂപ്പി നിന്നു, നെഞ്ചം തുടിച്ചു മദിക്കവേ
കടക്കോണിലൊന്നേ കണ്ടൂ ലക്ഷ്മണകുമാരനെ,
വിറയ്ക്കും കരങ്ങളാൽ വരണമാല്യം വീഴ്കേ..
ഉച്ഛാസമുറഞ്ഞതും, നിഴലായ് നിറഞ്ഞതും..
ഇക്ഷ്യാകുവംശത്തിന്റെ മതിൽ കെട്ടിലേയ്ക്കന്നായ് നാലാം നിഴൽ വലതുകാൽ വച്ചു മറകൊണ്ടു..
കരിങ്കൽ കൊട്ടാരത്തിൻ ഇടനാഴിയിൽ പിന്നെ, അവന്റെ നിഴലായി ഒഴുകി നടന്നവൾ..
പട്ടാഭിഷേകം നാടിനാഘോഷമുണരുന്നൂ,രാമ രാമേതി നാമം അഷ്ടദിക്കലയുന്നു,
കനിവിൻ കണമില്ലാതമ്മയാം കൈകേയിയോ,
രാമന്നു ചതുർദശി വനവാസവും നൽകി..

നിഴലായ് അനുഗമിക്കാൻ പോയ കാന്തന്നു, തണലായൊഴുകാനായ് നെഞ്ചം തുടിച്ചാർത്തു..
രാമം ദശരഥം വിദ്ധിം മാംവിദ്ധിം ജനകാത്മജാം, അയോധ്യാ മടവിം വിദ്ധിം ഗച്ഛതാത യഥാ സുഖം..

അമ്മയാം സുമിത്രക്കു പോയതായൊരേ വാക്യം തനിക്കു നഷ്ടമപ്പോൾ തപ്തമാം തൻ യൗവനം.
എങ്കിലും പ്രതീക്ഷയാൽ വിടരും മൗനങ്ങളാൽ നിശ്വാസമുതിരിട്ടു നോക്കവേ കുമാരനും,
അരുതെന്ന വാക്കിനാൽ തമ്മിൽ പിരിഞ്ഞിടാൻ വഴിയെത്തി നിന്ന നിഴൽ മാത്രമായന്നു ഞാൻ..

ഒരു നൂറ്റിയെണ്പത്തിരണ്ടു വെളുത്ത വാവും
ഇരുളാണ്ടുപോയ സുഗന്ധ പുഷ്പമോ ഞാൻ..
കനിവറ്റ കാലമൊരേ നിലയ്ക്കായ്, നിഴൽ പറ്റി നിന്ന പിൻവിളക്കായ് ഊർമ്മിളായനം…

കഥ ചൊല്ലിയാടാനെവിടെയുമണഞ്ഞില്ല, വാൽമീക ഭൗമൻ
ജാതകം മാറ്റിയെഴുതുതാൻ വന്നില്ലഭദ്രനും.. *
വനതാരിൽ ദേഹിയായ് വൈദേഹിയലയവേ,
വ്യഥയാർന്നിതംഗദനെയും, ചന്ദ്രഭാനുവിനെയും വളർത്തവേ.. ജര കയറുമുടലാകെ കാലം രചിയ്ക്കവേ
ജഡയാർന്ന മനസുമായ് നിന്നവൾ ഊർമ്മിള..
ഒരുവിലാതാരു പിളർന്നൊരുവൾ മറയവേ, പലവട്ടം ഭൂമിയോളമമർന്ന സർവ്വംസഹയെ നോക്കിയേതോ കവി പാടി

“വൈകിയോ തമ്മിൽ കാണാൻ ഓമനേ
മിഥിലയിൽ, മൈഥിലി
മറന്നിട്ട കളിപ്പാട്ടമാം നിന്നെ?”

* ഭദ്രൻ, സീതയെ രാമൻ ഉപേക്ഷിക്കാൻ കാരണഭൂതനായവൻ..

*പ്രദീപ് ശിവശങ്കർ*

%d bloggers like this: