CINEMA ഓർമ്മച്ചിത്രങ്ങൾ...

പത്മരാജന്റെ കഥാപാത്രത്തെ നേരിൽ കണ്ടപ്പോൾ.. സ്റ്റീഫൻ ജോസ് എഴുതുന്നു.

img

തൂവാനത്തുമ്പികൾ എന്ന സിനിമ പത്മരാജന്റെ തൃശ്ശൂർ ജീവിതകാലത്തെ സൗഹൃദങ്ങളിലൊന്നായ പുതിയേടത്ത് ഉണ്ണി മേനോന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്തതാണ് എന്ന് വളരെ മുൻപേ കേട്ടിരുന്നു. വളരെ യാദൃശ്ചികമായാണ് പി ഉണ്ണിമേനോൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും ഞാൻ എന്നും യാത്ര ചെയ്യുന്ന വഴിയിലാണ് ആൾ താമസിക്കുന്നതെന്നും അറിയുന്നത്. എന്നാൽ ഒന്നു കണ്ട് കളയാം എന്ന് തീരുമാനിച്ച് ഒരു ഒഴിവ് ദിവസം വൈകുന്നേരം അവിടെ പോയി.

വീട് കണ്ടു പിടിക്കാൻ കുറച്ചു ബുദ്ധിമുട്ടിയെങ്കിലും അവസാനം കണ്ടെത്തി.ഗേറ്റിൽ P Unnimenon BA BL എന്ന് എഴുതിയിട്ടുണ്ട്. അൽപ്പം പേടിയോടെയാണ് അകത്ത് കയറി കോളിംഗ് ബെൽ അടിച്ചത്.ഒരു മിനിട്ടിന്റെ കാത്തിരിപ്പിന് ശേഷം ,സാക്ഷാൽ ഉണ്ണി മേനോൻ തന്നെ വാതിൽ തുറന്നു. കാണാൻ ഉള്ള താൽപ്പര്യത്തിൽ വന്നതാണെന്ന് പറഞ്ഞപ്പോൾ വളരെ സ്നേഹത്തോടെ വിളിച്ച് അകത്തേക്കിരുത്തി.ഏകദേശം ഒരു മണിക്കൂറോളം തന്റെ പഴയ കാല ജീവിതത്തെക്കുറിച്ച് വളരെ ആവേശത്തോടെ സംസാരിച്ചു.

തൃശ്ശൂർ ജില്ലയിലെ പെരുവല്ലൂർ എന്ന ഗ്രാമത്തിൽ ധാരാളം ഭൂസ്വത്തുക്കൾ ഉള്ള പഴയ ഫ്യൂഡൽ തറവാട്ടിൽ ഒരു അഡ്വക്കെറ്റിന്റെ രണ്ടാമത്തെ മകനായിട്ടായിരുന്നു ഉണ്ണി മേനോന്റെ ജനനം.മൂത്ത മകൻ നന്നേ ചെറുപ്പത്തിൽ മരിച്ചത് കൊണ്ട് ഇദ്ദേഹത്തെ വളരെ ലാളിച്ചാണ് വളർത്തിയത്.

ഉന്നത വിദ്യാഭ്യാസത്തിന് കേരളവർമ്മ കോളേജിൽ എത്തിയത് മുതലാണ് സിനിമയിൽ കാണിച്ചത് പോലെയുള്ള ജീവിതം ആരംഭിച്ചതത്രേ. കൈയിൽ ധാരാളം പൈസയും സുഹൃത്തുക്കൾക്ക് വേണ്ടി എന്തും ചെയ്യാനുള്ള സാഹസിക മനോഭാവവും ആണ് തനിക്ക് ഇത്ര വലിയ സൗഹൃദവലയം ഉണ്ടാക്കിത്തന്നത് എന്ന് ഉണ്ണി മേനോൻ വിശ്വസിക്കുന്നു. പെരുവല്ലൂർ എന്ന ഗ്രാമത്തിൽ നിന്ന് തൃശ്ശൂർ നഗരത്തിലേക്ക് വരുന്നത് ഭയങ്കര റിലാക്സേഷൻ ആയിരുന്നു എന്ന് ആൾ ഓർത്തെടുക്കുന്നു.പത്തൻസിലെ മസാലദോശ, ഐസിട്ട നാരങ്ങ വെള്ളം, സുഹൃത്തുക്കൾക്കൊപ്പം ബാറിൽ പോകുന്നത്, സിനിമ കാണാൻ എർണാംകുളത്തേയ്ക്കുള്ള യാത്രകൾ അങ്ങനെ അങ്ങനെ…….

ആ കാലത്തെ സാഹിത്യ രാഷ്ട്രീയ സിനിമാ മേഖലകളിലെ പ്രമുഖരെല്ലാം ഉണ്ണി മേനോന്റെ സുഹൃത്തുക്കൾ ആയിരുന്നു.പി പത്മരാജനെക്കൂടാതെ ഭരതൻ, രാമു കാര്യാട്ട്(ചെമ്മീൻ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ആദ്യാവസാനം ഉണ്ണി മേനോൻ രാമു കാര്യാട്ടിനൊപ്പമുണ്ടായിരുന്നു) വൈക്കം മുഹമ്മദ് ബഷീർ, വികെഎൻ, ശോഭന പരമേശ്വരൻ നായർ ,ഉറൂബ്, എംടി വാസുദേവൻ നായർ തുടങ്ങിയ സാഹിത്യകാരൻമാരും ,പ്രേം നസീർ ,സത്യൻ, മധു, സുകുമാരൻ അടക്കമുള്ള സിനിമ നടൻമാരും, കരുണാകരൻ, സുധീരൻ, കെ പി വിശ്വനാഥൻ, ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാരും ഉണ്ണി മേനോന്റെ അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. ആരേയും അസൂയപ്പെടുത്തുന്ന സൗഹൃദവലയം.

തൂവാനത്തുമ്പികൾ സിനിമയിൽ കാണിച്ചിട്ടുള്ള പല കാര്യങ്ങളും — കോളേജിൽ പോയി കാമുകിയെ കാണുന്നത്, ആടിന്റെ തലവാങ്ങാൻ മാർക്കറ്റിൽ പോകുന്നത്, ബാറിലെ സീനുകൾ ഒക്കെ തന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ തന്നെയാണെന്ന് ഉണ്ണിമേനോൻ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം ജീവിതത്തിൽ സിനിമയിൽ കാണിക്കുന്നത് പോലെ ഒരു ക്ലാര ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോൾ അത് പത്മരാജന്റെ ഇമാജിനേഷൻ ആണെന്നാണ് മറുപടി പറഞ്ഞത്. ആ കാലത്ത് പ്രീമിയർ ലോഡ്ജ് കേന്ദ്രീകരിച്ച് ക്ലാരമാരും അവരെ തേടിയെത്തുന്ന കസ്റ്റമർമാരും, സിനിമയിൽ ബാബു നമ്പൂതിരി അവതരിപ്പിക്കുന്ന തങ്ങളെ പോലെയുള്ള പിമ്പുമാരും ധാരാളം ഉണ്ടായിരുന്നു.പത്മരാജന് ഇവരെ ഒക്കെ പരിചയമുണ്ടായിരുന്നു. അതിൽ നിന്നാണ് ആ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയതത്രേ.

കേരളവർമ്മയിൽ നിന്ന് മലയാളം BA കഴിഞ്ഞ ശേഷം ഉണ്ണിമേനോൻ എർണാംകുളം ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി(മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവിടെ ഉണ്ണിമേനോന്റെ ക്ലാസ്മേറ്റ് ആയിരുന്നു). കുറച്ചു കാലം അഭിഭാഷകനായി പ്രാക്റ്റീസ് ചെയ്തു. അത് കഴിഞ്ഞ് 1975 ൽ ദുബായിലേക്ക് പോയി. തൂവാനത്തുമ്പികൾ റിലീസ് ആകുമ്പോൾ ആൾ ദുബായിൽ ആയിരുന്നു. സിനിമ കാണുന്നത് ഒക്കെ അവിടെ വച്ചാണ്.

ഉണ്ണിമേനോന്റെ ലേറ്റർലൈഫ് അൽപ്പം ട്രാജഡിയാണ്. ഇദ്ദേഹത്തിന് രണ്ട് ആൺമക്കൾ ആണ് ഉണ്ടായിരുന്നത്. രണ്ട് പേരും പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാഭ്യാസം ഒക്കെ നേടിയവരായിരുന്നു. ഒരു പകർച്ചവ്യാധി വന്ന് രണ്ട് പേരും ഒരു മാസത്തെ വ്യത്യാസത്തിൽ മരണമടഞ്ഞു.അതോട്കൂടി ഗൾഫിലെ ജോലി ഉപേക്ഷിച്ച് ആൾ നാട്ടിൽ വന്നു. ഇപ്പോൾ ഭാര്യയുമൊത്ത് താമസിക്കുന്നു.പ്രായം 79 കഴിഞ്ഞ് എൺപത് ആകാറായി.കേൾവിക്കുറവ് ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ ആൾ അനുഭവിക്കുന്നുണ്ട്. എങ്കിലും അടിച്ച് പൊളിച്ച് ജീവിച്ച യൗവ്വനകാലത്തെക്കുറിച്ച് ഒരു റിഗ്രറ്റും ഇല്ല എന്നു പറഞ്ഞു. മോഹൻലാലിനെ എപ്പോഴെങ്കിലും പരിചയപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ആ ആഗ്രഹം ഇപ്പോഴും ബാക്കിയാണ് എന്നായിരുന്നു മറുപടി.

%d bloggers like this: