ദില്ലി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനുമായുള്ള മത്സരങ്ങള്‍ ഇന്ത്യ ഉപേക്ഷിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. പാകിസ്താനുമായുള്ള മത്സരങ്ങള്‍ ഒഴിവാക്കിയാലും ഇന്ത്യക്ക് മുന്നോട്ടു പോകാനുള്ള ശക്തിയുണ്ടെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു. ജൂണ്‍ 16ന് മാഞ്ചസ്റ്ററിലാണ് ഇന്ത്യാ-പാകിസ്താന്‍ മത്സരം നടക്കുക.
വളരെ വേദനാജനകമായ സംഭവമാണ് പാകിസ്താനില്‍ നിന്നും ഉണ്ടായിരിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. പാകിസ്താനുമായി ഇനിയൊരു ബന്ധവും ഉണ്ടെന്ന് കരുതുന്നില്ല. ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ അവര്‍ നമ്മളോട് ഇങ്ങനെ തന്നെ ചെയ്തു കൊണ്ടിരിക്കും. ക്രിക്കറ്റിലായാലും അങ്ങനെ തന്നെ വേണമെന്നും ഇന്ത്യ പാകിസ്താനെതിരെ കളിക്കുമെന്ന് താന്‍ കരുതുന്നിന്നെന്നും രാജ്യമാണ് ഏറ്റവും വലുതെന്നും ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.
ലോകകപ്പ് ക്രിക്കറ്റ് തുടങ്ങാന്‍ ഇനിയും സമയമുണ്ടെന്നതിനാല്‍ ലോകകപ്പില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ട കാര്യമില്ലെന്നും ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല വ്യക്തമാക്കിയിരുന്നു. ക്രിക്കറ്റും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തരുതെന്നാണ് ആഗ്രഹിക്കുന്നതെങ്കിലും തീവ്രവാദത്തെ പിന്തുണക്കുന്ന പാക് നിലപാട് മാറ്റുംവരെ ആ രാജ്യവുമായി ക്രിക്കറ്റ് ബന്ധങ്ങള്‍ പുനരാരംഭിക്കാനാവില്ലെന്നും ശുക്ല പറഞ്ഞിരുന്നു.
