WAYANAD

പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ റൂട്ട് മാറ്റിയോടിച്ചു ; കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് കൈയ്യടി , ഒപ്പം യാത്രക്കാര്‍ക്കും..

img

കോഴിക്കോട് :

യാത്രക്കിടെ ശ്വാസ തടസം അനുഭവപ്പെട്ട രണ്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായി റൂട്ട് മാറ്റി വണ്ടിയോടിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവറാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് . കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എല്‍.15 എ 461 നമ്പര്‍ ബസിലെ ഡ്രൈവറാണ് കുഞ്ഞിന്റെ രക്ഷകനായത് .

ഇന്നലെ സന്ധ്യയോടെ അടിവാരത്തു നിന്നും ബസില്‍ കയറിയ നൂറാംതോട് സ്വദേശികളായ ബാബു , അബിദ ദമ്പതികളുടെ രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് പെട്ടെന്ന് ശ്വാസ തടസം അനുഭവപ്പെടുകയായിരുന്നു . എന്തു ചെയ്യണമെന്നറിയാതെ ഇരുവരും പകച്ചു നിന്നപ്പോഴാണ് ഡ്രൈവര്‍ ഇവരുടെ സഹായത്തിനെത്തിയത് . യാത്രക്കാരും ഒപ്പം നിന്നതോടെ കെ.എസ്.ആര്‍.ടി.സി ബസ് റൂട്ട് മാറ്റി മദര്‍ മേരി ആശുപത്രിയിലേക്ക് പോവുകയായിരുന്നു .

താമരശേരി ചുങ്കത്തു നിന്നും മിനി ബൈപ്പാസ് വഴി ബസ് തിരിച്ചാണ് മദര്‍ മേരി ആശുപത്രിയിലേക്ക് എത്തിയത് . കുഞ്ഞിന് പനിയുടെ ലക്ഷണം കണ്ടതിനാല്‍ ഡോക്ടറെ കാണാന്‍ പുറപ്പെട്ടതായിരുന്നു ബാബുവും അബിദയും . യാത്രക്കിടയില്‍ കുഞ്ഞ് പാല്‍ കുടിക്കാതിരിക്കുകയും തുടര്‍ന്ന് ശ്വാസ തടസം നേരിടുകയുമായിരുന്നു .

കുഞ്ഞിന് ഷിഗല്ല പനിയുടെ ലക്ഷണങ്ങള്‍ കാണുന്നതിനാല്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളേജിലേക്ക് കൂടുതല്‍ പരിശോധനക്കായി റഫര്‍ ചെയ്തിരിക്കുകയാണ് .

%d bloggers like this: