പി ജെ ആന്റെണി എന്ന നിഷേധി…

COVER STORY GENERAL

പൊരുത്തപ്പെടലിന്റെ ഭാഷ വശമില്ലാതിരുന്ന നിഷേധിയായ കലാകാരന്‍ പി ജെ ആന്റണിയുടെ വിയോഗത്തിന് മാര്‍ച്ച് 14ന് നാലുദശകം തികയുന്നു. അനുവാചകരിൽ ധീരമായ ഒരോർമയായി അവശേഷിക്കുന്ന പ്രതിഭാശാലിയുടെ സൃഷ്ടികള്‍ക്ക് ഇന്നും പ്രസക്തിയേറെ

“”കാട്ടാളന്മാർ നാടുഭരിച്ചീ
നാട്ടിൽ തീമഴ പെയ്തപ്പോൾ
പട്ടാളത്തെ പുല്ലായ് കരുതിയ
മട്ടാഞ്ചേരി മറക്കാമോ?”

മുഷ്ടി ചുരുട്ടി അന്തരീക്ഷത്തിലേക്കെറിഞ്ഞ് അലറിപ്പാടുന്ന ചെറുപ്പക്കാരന്റെ തടിച്ച കൂട്ടുപുരികങ്ങളുടെ കീഴെയുള്ള ചെമ്പന്‍ കണ്ണുകളില്‍ നിന്ന് തീ പാറുന്നുണ്ടായിരുന്നു. മട്ടാഞ്ചേരി വെടിവയ്പിൽ രോഷംകൊണ്ട്‌ അയാള്‍ എഴുതിയ വരികള്‍ ഒരു കാലഘട്ടത്തിന്റെ പടപ്പാട്ടായി. അത്‌ “ഇൻക്വിലാബിന്റെ മക്കള്‍’ എഴുതിയ പി ജെ ആന്റണി ആയിരുന്നു, പിന്നീട് മലയാളത്തിന് ആദ്യമായി ഭരത് അവാര്‍ഡ് നേടികൊടുത്ത ചലച്ചിത്രനടന്‍.

പക്ഷെ, പനക്കൂട്ടത്തിൽ ജോസഫ് ആന്റണി വെറുമൊരു സിനിമാതാരം മാത്രമായിരുന്നില്ല. നൂറ്റിപ്പതിനഞ്ചോളം നാടകങ്ങൾ, രണ്ട് നോവൽ, ഏഴ് ചെറുകഥാ സമാഹാരം, അഞ്ച് കവിത–— ഗാന സമാഹാരം, ഗായകൻ, ചരിത്രം സൃഷ്ടിച്ച നാടകങ്ങളുടെ സംവിധായകൻ, പത്രാധിപർ… കർമകാണ്ഡത്തിൽ വിട്ടുവീഴ്ച ലവലേശമില്ലാതെ അവസാനത്തെ ശ്വാസംവരെ സജീവം. പൊരുത്തപ്പെടലിന്റെ ഭാഷ വശമുണ്ടായിരുന്നില്ല. നോട്ടത്തിലും ഭാവത്തിലും പ്രവൃത്തിയിലുമെല്ലാം അങ്ങേയറ്റം പരുക്കനും ധിക്കാരിയും. എന്നാൽ, ഹൃദയത്തിൽ വിശുദ്ധിയും കാരുണ്യവും നന്മയും കാത്തുസൂക്ഷിക്കുന്ന വെറും മനുഷ്യനെ അവതരിപ്പിക്കാൻ ആന്റണിയെക്കവിഞ്ഞാരുമുണ്ടായിരുന്നില്ല.

രണ്ടാംലോക യുദ്ധത്തിൽ നാവികഭടനായി വീറോടെ പോരാടിയതും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ കലാശക്കൊട്ടായ നാവികകലാപത്തിന്റെ മുൻനിര പോരാളിയായതും അധികമാരും അറിയാത്ത ചരിത്രം. നാടകക്കാരനായി മാറിയ ആന്റണിയെ നാടും വീടും താന്തോന്നിയെന്ന് മുദ്രകുത്തി. ആലുവ ലത്തീൻ കത്തോലിക്കാ പള്ളിയിലെ ദൈവഭയമുള്ള അൾത്താര ബാലനായിരുന്ന ആന്റണി പിന്നീട് പള്ളിയെയും പട്ടക്കാരനെയും കടന്നാക്രമിക്കുന്ന നാടകക്കാരനായി. ഒരുമിച്ചഭിനയിച്ച നായികയെ വിളിച്ചിറക്കിക്കൊണ്ടുപോയി താലികെട്ടി. ഒടുവിൽ ലഹരിയുടെ മുമ്പിൽമാത്രം അടിയറവുപറഞ്ഞപ്പോഴും, മതത്തോടും താരസമ്പ്രദായത്തോടും വ്യവസ്ഥാപിത പ്രസ്ഥാനങ്ങളോടും സകല മാമൂലുകളോടും കലഹിച്ചുകൊണ്ട് തലയുയർത്തിപ്പിടിച്ചുതന്നെ നിന്നു.

കർത്താവേ എന്തർഥം!

കേരളത്തെ ചുവപ്പണിയിച്ച 1950കളിൽ തോപ്പിൽഭാസിയുടെ “നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യോടൊപ്പം പി ജെ ആന്റണിയുടെ “ഇൻക്വിലാബിന്റെ മക്കളും’ വിലക്കുകൾക്കും നിരോധനത്തിനും വിധേയമായി. ”(കമ്യൂണിസ്റ്റ്) വിരുദ്ധമുന്നണി അറബിക്കടലിൽ! കർത്താവേ എന്തർഥം!” എന്ന സംഭാഷണശകലം അന്ന് നാടേറ്റെടുത്ത മുദ്രാവാക്യമായി മാറി.
ആന്റണിയും എൻ ഗോവിന്ദൻകുട്ടിയും ശങ്കരാടിയും ജെ പി പന്താടനും ചേർന്ന് തുടങ്ങിയ പ്രതിഭാ ആർട്സ് ക്ലബ്ബും അവിടെനിന്ന് വഴിപിരിഞ്ഞുകൊണ്ട് ആരംഭിച്ച പ്രതിഭാ തിയറ്റേഴ്സും (പിന്നീടത് പി ജെ തിയറ്റേഴ്സായി) ഏരൂർ വാസുദേവിന്റെ കെപിടിഎയും അവതരിപ്പിച്ച ആന്റണിയുടെ നാടകങ്ങൾ തിളയ്ക്കുന്ന സാമൂഹ്യ യാഥാർഥ്യങ്ങളുടെ രംഗാവിഷ്കാരങ്ങളായി. ഉഴവുചാൽ, മുന്തിരിച്ചാറിൽ കുറെ കണ്ണുനീർ, കടലിരമ്പുന്നു, ദൈവവും മനുഷ്യനും പൊതുശത്രുക്കൾ, റൗഡി, നീലക്കടൽ അങ്ങനെ എത്രയെത്ര നാടകങ്ങൾ അമ്പതുകളിലെ അരങ്ങുകളെ ധന്യമാക്കി.

READ ALSO  ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച നാല് ബംഗ്ലാദേശികള്‍ പിടിയില്‍

അതിനുമുമ്പുതന്നെ “തെറ്റിദ്ധാരണ’ എന്ന നാടകത്തിലൂടെ ഹാർമോണിസ്റ്റിനെ അണിയറയിലേക്ക് മാറ്റിക്കൊണ്ട് ആന്റണി അരങ്ങ് അഴിച്ചുപണിതു. എഡ്ഡിമാസ്റ്റർ, ശങ്കരാടി, ഗോവിന്ദൻകുട്ടി, മുത്തയ്യ, വർഗീസ് തിട്ടേൽ, കാലായ്ക്കൽ കുമാരൻ, പോഞ്ഞിക്കര ഗംഗാധരൻ, ആർടിസ്റ്റ് ദാമു, പി കെ ശിവദാസ്, ഷാഡോ ഗോപിനാഥ്, സുരേന്ദ്രൻ, എ ജി മാത്യു, ഖാൻ, മേരി എഡ്ഡി, പി കെ മേദിനി, കല്യാണിക്കുട്ടിയമ്മ, ബിയാട്രിസ്, പുഷ്പവല്ലി, ഗായത്രി, ചേർത്തല ശ്രീമതി തുടങ്ങി പ്രതിഭാധനർ കൊച്ചിയിലെ നാടകപ്രവർത്തനങ്ങളിൽ ആന്റണിക്ക് കൂട്ടായി.

“”കൊട്ടും വാദ്യവും കേൾക്കണം ദൂരെ
തെക്കെ കുന്നിന്റെ പൊറകേന്നു
തെക്കുതെക്കൊരു നാട്ടീന്ന് നിന്നെ
കെട്ടാനാളു വരണൊണ്ട്…”
കാൽപ്പനികഭംഗിയും നാടൻസൗന്ദര്യവും തുടിച്ചുനിൽക്കുന്ന ഈരടികൾ കെപിഎസി നാടകഗാനങ്ങളോടൊപ്പം നാടാകെ പാടിനടന്നു. കാമ്പിശ്ശേരി അനശ്വരനാക്കിയ “കമ്യൂണിസ്റ്റാക്കി’യിലെ പരമുപിള്ളയ്ക്ക് ആന്റണി വ്യത്യസ്ത ഭാഷ്യം ചമച്ചു.

ഒറ്റ രാത്രികൊണ്ട് “വിമോചനം’

തകഴിയുടെ രണ്ടിടങ്ങഴി ചലച്ചിത്രമാക്കിയപ്പോൾ കോരൻ എന്ന നായകനാകാൻ സത്യനെയോ നസീറിനെയോ അല്ല, ആന്റണിയെയാണ് മെരിലാൻഡ് സുബ്രഹ്മണ്യം കണ്ടെത്തിയത്. മിസ് കുമാരിയുടെ ചക്കിയോടൊത്ത് “”തുമ്പപ്പൂ പെയ്യണ പൂനിലാവേ” എന്ന പ്രണയഗാനം പാടുന്ന, പൗരുഷത്തിന്റെ മൂർത്തീഭാവമായ കോരൻ പ്രേക്ഷകരിലും നിരൂപകരിലും ഒരുപോലെ പ്രതീക്ഷയുണർത്തി.

സി ജെ തോമസിന്റെ വിഷവൃക്ഷവും ഗീഥാ ആർട്സിന്റെ “ഏപ്രിൽ അഞ്ചു’മൊക്കെയായി വിമോചനസമരം അരങ്ങുതകർക്കുന്ന കാലമായിരുന്നു അത്. ഒരുദിവസം മുഖ്യമന്ത്രി ഇ എം എസ് ആന്റണിയെ വിളിച്ചുവരുത്തി ഒരു നാടകമെഴുതാൻ ആവശ്യപ്പെട്ടു. എറണാകുളം ഗസ്റ്റ്ഹൗസിലെ രണ്ട് മുറിയിലായി നോട്ട്ബുക്കുമായി ഇരുന്ന രണ്ട് സഹായികൾക്ക് ഓരോ രംഗം വീതം പറഞ്ഞുകൊടുത്ത് എഴുതിച്ച ആ നാടകം നേരം വെളുത്തപ്പോൾ പൂർത്തിയായി,- “വിമോചനം’. അക്കാലത്ത് പ്രോഗ്രസീവ് കത്തോലിക്കാ ലീഗ് ഉണ്ടാക്കാനും ആന്റണി മുൻകൈയെടുത്തു.

മുടിയനായ പുത്രനിൽ സത്യൻ അഭിനയിച്ച രാജൻ എന്ന തെമ്മാടിയായ നായകന്റെ ചങ്ങാതി വാസുവായി ആന്റണി രംഗത്തുവന്നപ്പോൾ രണ്ട് മഹാപ്രതിഭകളുടെ ആദ്യ ഒത്തുചേരലായി. തന്നെക്കാൾ പന്ത്രണ്ട് വയസ്സിന് മൂപ്പുള്ള സത്യന്റെ അപ്പനായ കറിയാച്ചനായി ആദ്യകിരണങ്ങളിൽ (1964) വേഷമിട്ടു. തച്ചോളി ഒതേനനിൽ ഒതേനനും കതിരൂർ ഗുരുവും തമ്മിലുള്ള കലാശപ്പെയ്ത്ത് രണ്ട് മഹാനടന്മാരുടെ നടനവൈഭവത്തിന്റെ ഏറ്റുമുട്ടൽ കൂടിയായി.

READ ALSO  ഡല്‍ഹി കോടതിയില്‍ വെടിവയ്പ്പ്; 3 പേര്‍ കൊല്ലപ്പെട്ടു; അഭിഭാഷക വേഷത്തില്‍ അക്രമികളാണ് വെടിയുതിര്‍ത്തത്

ബഷീറിന്റെ അപൂർവസൃഷ്ടിയായ നാണുക്കുട്ടൻ (എംഎൻ) എന്ന വില്ലൻ, ഭാർഗവീനിലയത്തിലെ ഭാർഗവിയെയും സാഹിത്യകാരനെയും ശശികുമാർ എന്ന പാവം കാമുകനെയും പോലെ ചിരസ്മരണീയനായി. “”ആ പൂച്ചക്കണ്ണും കൊമ്പൻമീശയും അസുന്ദരമായ മുഖവും സ്വാർഥിയായ ആ കൊലപാതകിയുടെ രൂപം ഗർഹണീയമാക്കാൻ ധാരാളം പോരും” സിനിക് മാതൃഭൂമിയിലെഴുതി.

എം ടി വാസുദേവൻ നായരുടെ തൂലികയില്‍ നിന്നും ആന്റണിയിലെ പരുക്കനായ ധിക്കാരിക്ക് പൊരുത്തപ്പെടാൻ പറ്റിയ കഥാപാത്രങ്ങൾ നിരവധിയുണ്ടായി. പി എൻ മേനോൻ ആദ്യമായി സംവിധാനംചെയ്ത റോസിയുടെ തിരക്കഥയും സംഭാഷണവും ആന്റണിയുടേതായിരുന്നു. ആന്റണി നായകനായി, ഉപനായകൻ അന്നത്തെ ഏറ്റവും വിലപിടിപ്പുള്ള താരമായ പ്രേംനസീര്‍.

മികച്ച സംവിധായകനുള്ള ആദ്യസംസ്ഥാന അവാർഡ് എ വിൻസെന്റിന് നേടിക്കൊടുത്ത നദിയുടെ (1969) കഥയും സംഭാഷണവും ആന്റണിയുടേതായിരുന്നു. ആലുവാപ്പുഴയോരത്ത് കുളിച്ചു താമസിക്കാനെത്തിയ, രണ്ട് കെട്ടുവഞ്ചികളിലെ കുടുംബങ്ങളുടെ ഇടയിലെ വൈരത്തിന്റെയും വൈരാഗ്യത്തിന്റെയും കഥപറയുന്ന നദിയിലെ മദ്യം തലച്ചോറിനെ കീഴ്പ്പെടുത്തിയ വർക്കി പ്രേക്ഷകരിൽ ഭീതിയും വെറുപ്പുമുണർത്തി. “”ദുഃഖങ്ങൾക്കിന്നു ഞാൻ അവധി കൊടുത്തു…” എന്ന് പാടി ദുഃഖത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന അമ്പലപ്രാവിലെ മേനോൻ ഒരുപക്ഷേ ആന്റണി കൂടിയായിരുന്നു. ഒരുഘട്ടത്തില്‍ മദ്യം ആന്റണിയെ പ്രചോദിപ്പിക്കുന്ന ലഹരിയായി മാറി.

അമരത്വം നേടിയ വെളിച്ചപ്പാട്

നിർമാല്യത്തിലെ വെളിച്ചപ്പാടിനെ അവതരിപ്പിക്കാൻ എം ടി കണ്ടുവച്ചത് ശങ്കരാടിയെയാണ്. എന്നാൽ, തന്റെ രൂപം അതിന് പറ്റിയതല്ലെന്ന് പറഞ്ഞൊഴിഞ്ഞ ശങ്കരാടി പകരം നിർദേശിച്ചത് ആന്റണിയെയാണ്. എം ടിയുടെ ആവശ്യപ്രകാരം മദ്യപാനത്തിൽനിന്ന് ഏതാണ്ട് പൂർണമായും വിട്ടുനിന്ന ആന്റണി നിർമാല്യത്തിന്റെ ഷൂട്ടിങ് ക്യാമ്പിലെ ഏറ്റവും അച്ചടക്കമുള്ള അംഗമായി. കനമില്ലാത്ത ഡ്യൂപ്പ് ചിലമ്പിടാൻ തയ്യാറായില്ല, കാൽ മുറിഞ്ഞിട്ടും ഭാരമുള്ള ചിലമ്പിട്ടുതന്നെ അഭിനയിച്ചു.

ഉത്സവം കൊടിയേറുന്ന സന്ധ്യാനേരത്ത് പലിശക്കാരൻ മാപ്പിളയ്ക്ക് ശരീരം വിൽക്കുന്ന ഭാര്യയോട് ”എന്റെ നാലുമക്കളെ പെറ്റ നീയോ നാരായണീ” എന്ന് ചങ്കുപൊട്ടി ചോദിക്കുന്ന, അവസാനത്തെ വെളിച്ചപ്പെടലിനായി അമ്പലത്തിലേക്കുള്ള പോക്കിൽ ആൾക്കാരുടെ കുശലാന്വേഷണങ്ങൾക്കൊക്കെ മറുപടിയായി ചുണ്ടുകോട്ടി മന്ദഹസിക്കാൻ ശ്രമിക്കുന്ന, ഒടുവിൽ നെഞ്ചകത്തിലെ ചോര പ്രതിഷ്ഠയുടെ മുഖത്തേക്ക് ആത്മനിന്ദയോടെ നീട്ടിത്തുപ്പുന്ന വെളിച്ചപ്പാട് പി ജെ ആന്റണിയിലൂടെ അമരത്വം നേടി.

ഭരത് അവാർഡും മികച്ച നടന്റെ സംസ്ഥാന അവാർഡും നാടകവേദിയിലെ തിരക്കുകളുമൊന്നും ആന്റണിയിലെ കലാപകാരിയായ കലാകാരനെ തൃപ്തിപ്പെടുത്തിയില്ല. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ സാമ്പത്തിക പ്രയാസങ്ങൾക്കറുതിയുമുണ്ടായില്ല. പെരിയാർ എന്ന ആദ്യത്തെ സംവിധാന സംരംഭം പരാജയമായി.

READ ALSO  ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച നാല് ബംഗ്ലാദേശികള്‍ പിടിയില്‍

രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിൽനിന്ന്‌ ഭരത്‌ അവാർഡ്‌ ഏറ്റുവാങ്ങുന്ന പി ജെ ആന്റണി (1973)
രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിൽനിന്ന്‌ ഭരത്‌ അവാർഡ്‌ ഏറ്റുവാങ്ങുന്ന പി ജെ ആന്റണി (1973)

അടിയന്തരാവസ്ഥയിലെ “കാളരാത്രി’

അടിയന്തരാവസ്ഥയും രാജൻ സംഭവവും ആന്റണിയിലെ വിപ്ലവകാരിയെയും മനുഷ്യസ്നേഹിയെയും ഒരുപാട് അസ്വസ്ഥനാക്കുകയും പ്രകോപിതനാക്കുകയും ചെയ്തു. അങ്ങനെയാണ് “കാളരാത്രി’ എന്ന നാടകം പിറന്നത്. രാജനും ഈച്ചരവാര്യരും കെ കരുണാകരനുമുൾപ്പെടെയുള്ള കഥാപാത്രങ്ങൾ അരങ്ങത്തെത്തി. ആന്റണിയും തിലകനും എൻ എസ് ഇട്ടനുമൊക്കെ അഭിനയിച്ച നാടകത്തിന്റെ അവതരണം ഒരുപാട് സ്ഥലങ്ങളിൽ തടസ്സപ്പെട്ടു. “അമ്മ’ എന്ന നാടകത്തിന്റെ നേർക്കും ആക്രമണമുണ്ടായി.

നിശിതമായ സാമൂഹ്യവിമർശനത്തിന്റെയും മർമഭേദിയായ ആക്ഷേപഹാസ്യത്തിന്റെയും തീഷ്ണമായ അരങ്ങനുഭവങ്ങളായിരുന്നു സോഷ്യലിസം, ചക്രായുധം എന്ന നാടകങ്ങൾ. സോക്രട്ടീസിന്റെ കഥയായിരുന്നു ആന്റണിയുടെ മാസ്റ്റർപീസ്. ആരുടെയും മുമ്പിൽ മുട്ടുമടക്കാത്ത സോക്രട്ടീസിൽ ആന്റണിയുടെ ആത്മാംശം നിറഞ്ഞുനിന്നു.
എം ടിയുടെ തിരക്കഥയിൽ, പി എ ബക്കർ സംവിധാനംചെയ്ത ചെറുകാടിന്റെ മണ്ണിന്റെ മാറിലെ കൊമ്പൻ കൊണ്ടേരനാണ് ആന്റണിയുടെ അവസാന സിനിമാകഥാപാത്രം. മണ്ണിനെ പ്രാണനെപ്പോലെ സ്നേഹിച്ച, അത്തിക്കോട്ടുമലയുടെ അടിവാരത്തിൽ ഉഴുതുമറിച്ച സ്വന്തം മണ്ണിന്റെ മാറിൽ വീണ് ജീവിതമൊടുങ്ങുന്ന കൊമ്പൻ കൊണ്ടേരൻ.

ആജന്മനിഷേധി

1979 മാർച്ച് 14. ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കിയതിന്റെ പിറ്റേന്ന് വൈകിട്ട് മദിരാശിയിലെ ലോഡ്ജ് മുറിയിൽ ആന്റണി ചോര ഛർദിച്ചുവീണു. ഭാര്യ മേരി ആന്റണിയെയും മക്കൾ ജോസഫ്, ഗീത എന്നിവരെയും അക്ഷരാർഥത്തിൽ അനാഥരാക്കി എറണാകുളത്തെ പോണേക്കര പള്ളിമുറ്റത്തെ ആറടിമണ്ണിൽ ആന്റണി അവസാനിച്ചു.

ലോകം കണ്ട ഏറ്റവും വലിയ അഭിനയ സംവിധായക പ്രതിഭകളിലൊരാളായ ഓർസൺ വെൽസ് സ്വന്തം ജീവിതത്തെ ഒരിക്കൽ ഇങ്ങനെ വിശേഷിപ്പിച്ചു: “”He is a man who has within him that devil of self destruction that lives in every genius.”-
കലയുടെ ബലിപീഠത്തിൽ ജീവിതത്തെ തർപ്പണംചെയ്ത അത്തരമൊരു ജീനിയസായിരുന്നു പി ജെ ആന്റണി. സാധാരണ മനുഷ്യരുടെ ഇടയിൽ അസാധാരണനും ആജന്മനിഷേധിയും പ്രതിഷേധിയുമായിരുന്ന അപൂർവപ്രതിഭ.

കടപ്പാട്: ദേശാഭിമാനി

img