GENERAL

പി.വി. അൻവറിനു തിരിച്ചടി: തടയണ പൊളിക്കണമെന്ന്‌ വീണ്ടും ഹൈക്കോടതി.

img

കൊച്ചി:

പി.വി. അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിൽ ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിച്ചു വെള്ളം ഒഴുക്കിവിടാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. രണ്ടാഴ്ചയ്ക്കകം തടയണ പൊളിച്ചുമാറ്റണമെന്ന മുൻ ഉത്തരവ് 10 മാസം കഴിഞ്ഞിട്ടും നടപ്പാക്കിയില്ലെന്ന പരാതിക്കാരന്റെ വാദം പരിഗണിച്ചാണു ചീഫ് ജസ്റ്റിസ് ഋഷികേശ് റായി, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരുൾപ്പെടുന്ന ബെഞ്ച് ഉത്തരവിട്ടത്.

വരുന്ന മഴക്കാലത്തിനു മുമ്പു തടയണ പൊളിച്ചു നീക്കണമെന്നു സർക്കാർ വിദഗ്ധ സമിതി നേരത്തെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തടയണയുടെ താഴെ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്കും വനത്തിനും വന്യജീവികൾക്കും പ്രകൃതിക്കും തടയണ ഭീഷണിയാണെന്നു പരിശോധന നടത്തിയ സമിതി റിപ്പോർട്ട് നൽകിയിരുന്നു. ജലസേചന എക്സിക്യുട്ടീവ് എൻജിനീയർ, ജില്ലാ ജിയോളജിസ്റ്റ് തുടങ്ങിയവർ ഉൾപ്പെടുന്ന സമിതിയാണു പഠനം നടത്തിയത്.

READ ALSO  മന്ത്രിസഭായോഗ തീരുമാനങ്ങള്‍

തടയണയിൽ വൻതോതിൽ വെള്ളം സംഭരിച്ചിരിക്കുന്നതിന്റെ ചിത്രങ്ങൾ പരാതിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോടതിക്കു കൈമാറി. പി.വി അൻവർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ പെട്ടെന്ന് ഉത്തരവുണ്ടാകരുതെന്ന് അൻവറിനു വേണ്ടി ഹാജരായ അഭിഭാഷകൻ അഭ്യർഥിച്ചു. തടയണ പൊളിച്ചുനീക്കണമെന്നു നേരത്തെ നിലപാടെടുത്ത സ്റ്റേറ്റ് അറ്റോർണി മൺസൂണിനു മുമ്പ് തടയണയിലെ വെള്ളം ഒഴുക്കിവിട്ടാൽ മതിയെന്നു നിലപാട് മാറ്റുകയും ചെയ്തു. എന്നാൽ തടയണയുടെ താഴ്‌വാരത്തുള്ളവരുടെ ജീവനും സ്വത്തിനുമാണു പരിഗണനയെന്നും തടയണയുടെ വശംപൊളിച്ചു വെള്ളം ഒഴുക്കിവിടണമെന്നും ഉത്തരവു നടപ്പാക്കിയില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

READ ALSO  ചെമ്മണ്ണാര്‍ ഗ്യാപ് റോഡ് നിര്‍മ്മിക്കുക അന്താരാഷ്ട്ര നിലവാരത്തില്‍

വേനലവധിക്കുശേഷം കോടതി ചേരുന്ന ആദ്യ ആഴ്ചയിൽ കേസ് വീണ്ടും പരിഗണിക്കും. ചീങ്കണ്ണിപ്പാലിയിൽ പി.വി. അൻവർ കൈവശമാക്കിയ സ്ഥലത്ത് മലയിടിച്ചാണ് ആദിവാസികൾക്കു കുടിവെള്ളമാകേണ്ട വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടഞ്ഞ് തടയണ കെട്ടിയിട്ടുള്ളത്. ഇതു പൊളിച്ചുനീക്കാൻ 2015 സെപ്റ്റംബർ ഏഴിന് അന്നത്തെ കലക്ടർ ടി. ഭാസ്‌കരൻ ഉത്തരവിട്ടിരുന്നു. പി.വി. അൻവർ പിന്നീടു തടയണ കെട്ടിയ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്കു മാറ്റുകയായിരുന്നു. വീണ്ടും പരാതി ഉയർന്നതോടെ ദുരന്തനിവാരണ നിയമപ്രകാരം ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കാൻ 2017 ഡിസംബർ 8ന് മലപ്പുറം കലക്ടർ അമിത് മീണ ഉത്തരവിട്ടു. തന്റെ ഭാഗം കേൾക്കാതെയാണു കലക്ടറുടെ ഉത്തരവെന്നു കാണിച്ച് അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് തടയണ പൊളിക്കുന്നതു താൽക്കാലികമായി സ്റ്റേ ചെയ്തു.

READ ALSO  കോവിഡ് സൃഷ്ടിച്ചത് സ്പാനിഷ് ഫ്ലൂവിനു സമാനമായ സാഹചര്യം: മുഖ്യമന്ത്രി

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയിൽ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകർന്നുണ്ടായ ഉരുൾപൊട്ടലിൽ 14 പേർ മരണപ്പെട്ട സംഭവം ചൂണ്ടികാട്ടി ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നൽകാൻ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് എം.പി. വിനോദ് ഹൈക്കോടതിയെ സമീപിച്ചു കേസിൽ കക്ഷിചേരുകയായിരുന്നു..

%d bloggers like this: