
തിരുവനന്തപുരം :പൊലീസുദ്യോഗസ്ഥരുടെ അക്കാദമിക് യോഗ്യത ശരിയായി ഉപയോഗിക്കാൻ പുതിയ പദ്ധതി വരുന്നു . സംസ്ഥാനത്തെ മുഴുവൻ പൊലീസുകാരുടെയും വിദ്യാഭ്യാസ യോഗ്യതയുടെ വിശദപട്ടിക ഉടൻ തയ്യാറാക്കും .ഇതിനായി പൊലീസ് ആസ്ഥാനത്ത് ഐ.ജിയുടെ മേൽനോട്ടത്തിൽ ‘ ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് സെൽ ’ തുടങ്ങും . സേവനം മെച്ചപ്പെടുത്താനായി പുറത്തുള്ളവരെ ആശ്രയിക്കാതെ സേനയിലുള്ളവരെ തന്നെ പരമാവധി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം .ഉന്നത സാങ്കേതിക വിദ്യാഭ്യാസ യോഗ്യതയുള്ള ഏതാനും പേരെ രണ്ടു മാസംമുമ്പ് ഫോറൻസിക് , സൈബർ സെൽ , എസ്.സി.ആർ.ബി , കംപ്യൂട്ടർ വിഭാഗം എന്നിവിടങ്ങളിൽ നിയമിച്ചിരുന്നു . ഇതിന്റെ ചുവടു പിടിച്ചാണ് മുഴുവൻ പൊലീസുകാരുടെയും വിദ്യാഭ്യാസ യോഗ്യത കണ്ടെത്തി അവരെ അനുയോജ്യമായ സ്ഥലങ്ങളിൽ നിയമിക്കുന്നത് . ഇതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവിമാർക്ക് സംസ്ഥാന പൊലീസ് മേധാവി കത്തയച്ചു .ഇവ ക്രോഡീകരിക്കാൻ പൊലീസ് ആസ്ഥാനത്തെ ‘ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് സെല്ലിൽ ’ മിനീസ്റ്റീരിയിൽ ജീവനക്കാരനെ നിയമിക്കും .സംസ്ഥാന പൊലീസിൽ സൈബർ മേഖലയിലടക്കം ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ഒട്ടേറെപ്പേരുണ്ട് . ഇവരുടെ കഴിവ് ശരിയായി ഉപയോഗപ്പെടുത്താനുമാകുന്നില്ല . എന്നാൽ , ചില സാങ്കേതിക മേഖലകളിൽ പുറത്തുള്ളവരെ ഉപയോഗിക്കുന്നുമുണ്ട് . പൊലീസ് ആസ്ഥാനത്തെ കംപ്യൂട്ടർ മെയിന്റനൻസ് , വീഡിയോ കോൺഫറൻസിങ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നത് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ ഒരു എസ്.ഐ ഉൾപ്പെടെ പത്തോളം പേരാണ് . ഇത്രയും പേരുടെ സേവനം ടെലികമ്യൂണിക്കേഷൻ വിഭാഗത്തിന് നഷ്ടപ്പെടുകയാണ് . പുതിയ പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകും .