TRIVANDRUM

പോലീസിന്റെ നീന്തല്‍ കുളത്തില്‍ പരിശീലനം നടത്തിയ കുട്ടികള്‍ക്ക് പനി ; രക്ഷിതാക്കള്‍ കോടതിയില്‍..

img

തിരുവനന്തപുരം :

പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ പോലീസ് വകുപ്പിന് കീഴിലുള്ള നീന്തല്‍ കുളത്തില്‍ പരിശീലനം നടത്തിയ 70തോളം കുട്ടികള്‍ക്ക് കടുത്ത പനിയും ഛര്‍ദ്ദിയും . അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പരാതിയുമായി രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചു .

ക്ലോറിന്‍ രഹിതമാണ് കുളം എന്നുള്ളതായിരുന്നു പോലീസിന്റെ നീന്തല്‍ കുളത്തിന്റെ പ്രത്യേകതയായി ഉയര്‍ത്തിക്കാട്ടിയിരുന്നത് . ഈ മാസം ഒന്ന് മുതല്‍ ഏഴ് വരെ നീന്തല്‍ പരിശീലനത്തിനെത്തിയ കുട്ടികള്‍ക്കാണ് അണു ബാധയുണ്ടായത് .

എട്ട് വയസുവരെയുള്ള കുട്ടികള്‍ക്ക് ബേബിപൂളും മുതിര്‍ന്ന കുട്ടികള്‍ക്ക് വലിയ പൂളുമാണ് പരിശീലനത്തിനായി നല്‍കിയിരുന്നത് . ഇതില്‍ വലിയ പൂളില്‍ പരിശീലിച്ച കുട്ടികള്‍ക്കാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത് .

1500 രൂപയാണ് പരിശീലനത്തിനായുള്ള ഫീസ്.
പോലീസ് വകുപ്പിന് കീഴിലാണ് നീന്തല്‍കുളം പ്രവര്‍ത്തിക്കുന്നത് . അതിനാലാണ് രക്ഷിതാക്കള്‍ പരാതിയുമായി കോടതിയെ സമീപിക്കുന്നത് .

അതേ സമയം , പരാതി അടിസ്ഥനരഹിതമാണെന്നാണ് പൂള്‍ അഡ്മിനിസ്‌ട്രേറ്ററുടെ വാദം . വാട്ടര്‍ അതോറിറ്റിയില് നിന്നാണ് നീന്തല്‍ കുളത്തില്‍ വെള്ളം എത്തിക്കുന്നത് .

രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൂള്‍ അഞ്ച് ദിവസം അടച്ചിട്ട് വൃത്തിയാക്കുകയും പൂളിലെ വെള്ളം പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്‌തെന്നും അഡ്മിനിസ്‌ട്രേറ്റര്‍ വ്യക്തമാക്കി . പരിശോധനാ ഫലം രണ്ട് ആഴ്ചയ്ക്കു ശേഷം മാത്രമേ ലഭിക്കുകയുള്ളൂ .

%d bloggers like this: