GENERAL STORY

പ്രശസ്ത കഥാകാരി അഷിത അന്തരിച്ചു..

img

പ്രശസ്ത കഥാകാരി അഷിത തൃശൂരിൽ അന്തരിച്ചു. ഇന്നു പുലർച്ചെ ഒരു മണിക്ക് തൃശൂർ അശ്വിനി ആശുപത്രിയിലായിരുന്നു അന്ത്യം. 63 വയസായിരുന്നു. ചെറുകഥകളിൽ തുറന്നുപറച്ചിലിന്റെ പുതിയൊരു ലോകം സൃഷ്ടിച്ച കഥാകാരിയാണ്. നിരവധി ബാലസാഹിത്യ കൃതികൾ രചിച്ചിട്ടുണ്ട്. പരിഭാഷയിലൂടെ മറ്റു ഭാഷാസാഹിത്യം മലയാളത്തിനു പരിചയപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു. വിസ്‌മയചിഹ്നങ്ങൾ, അപൂർണവിരാമങ്ങൾ, അഷിതയുടെ കഥകൾ തുടങ്ങി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് തൃശൂരിൽ നടക്കും.

  • പഴയന്നൂരില്‍ ജനിച്ചു. ദല്‍ഹി, ബോംബെ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം.

    “വിസ്മയചിഹ്നങ്ങള്‍” (1987),“അപൂര്‍ണ വിരാമങ്ങള്‍” (1993),“അഷിതയുടെ കഥകള്‍” (1996)“മഴമേഘങ്ങള്‍”, “ഒരു സ്ത്രീയും പറയാത്തത്”(1998) “നിലാവിന്‍റെ നാട്ടില്‍” (2002),“ശിവസേവന സഹവര്‍ത്തനം”, “മയില്‍പ്പീലി സ്പര്‍ശം”, “ഭൂമി പറഞ്ഞ കഥകള്‍” (1999),“പദവിന്യാസങ്ങള്‍” (1999) തുടങ്ങിയവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ഇടശ്ശേരി അവാര്‍ഡ്, അങ്കണം അവാര്‍ഡ്, തോപ്പില്‍ രവി ഫൗണ്ടേഷന്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം സ്മാരക സമിതിയുടെ യുവസാഹിത്യകാരിക്കുള്ള അവാര്‍ഡ് തുടങ്ങി ധാരാളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

    അഷിതയുടെ കഥകളില്‍ സ്ത്രീയുടെ പല അവസ്ഥകളെയും വളരെ ഹൃദയസ്പൃക്കാംവിധം അവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീയുടെ അവസ്ഥ മാത്രമല്ല, സമൂഹത്തെക്കുറിച്ചുള്ള ധാരണയും അവരുടെ കഥകളില്‍ കൃത്യമായി നിഴലിക്കുന്നുണ്ട്. സന്ധ്യ കഴിഞ്ഞാല്‍ കത്തുന്ന തെരുവുവിളക്കുകള്‍ പോലും നിഷ്കരുണവും ആഭാസകരവുമായ ചിരിയോടെയാണ് സാധാരണ സ്ത്രീകളെ എതിരേല്ക്കുന്നത്. ഏതവസ്ഥയിലും മനുഷ്യന് താങ്ങാവേണ്ട നിയമപാലകരാകട്ടെ, അങ്ങേയറ്റം ക്രൂരതയോടെ മിക്കപ്പോഴും പെരുമാറുന്നു. ഭ്രാന്താശുപത്രിയില്‍ നിന്നും, അസുഖമില്ലാത്തതിനാല്‍ പുറത്തു പോകാന്‍ വിധിക്കപ്പെട്ട ഒരു സ്ത്രീ തികച്ചും അനാഥയായിപ്പോകുന്നു. ഇത് അഷിതയുടെ കഥയിലെ അവസ്ഥയല്ല. സമൂഹത്തില്‍, നമ്മുടെ മുന്നില്‍ നടക്കുന്ന കാഴ്ചയാണ്. വായനക്കാരന്‍റെ മനസ്സില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ ഈ കഥയ്ക്ക് സാധിക്കുന്നുണ്ട്.

    %d bloggers like this: