COVER STORY

ഫാസിസം തേരോട്ടം നടത്തിയ കാലത്ത് ഞാനെന്റെ പൂച്ചയുടെ പടങ്ങൾ പോസ്റ്റ് ചെയ്യുകയായിരുന്നെന്ന് ഭാവിയിൽ കൊച്ചുമക്കളോട് പറയാൻ ഇടവരാതിരിക്കാനാണ് ഞാനീ ചിന്തകൾ പങ്കുവയ്ക്കുന്നത്.. Deepak Raju എഴുതുന്നു..

img

“ഫാസിസം തേരോട്ടം നടത്തിയ കാലത്ത് ഞാനെന്റെ പൂച്ചയുടെ പടങ്ങൾ പോസ്റ്റ് ചെയ്യുകയായിരുന്നെന്ന് ഭാവിയിൽ കൊച്ചുമക്കളോട് പറയാൻ ഇടവരാതിരിക്കാനാണ് ഞാനീ ചിന്തകൾ പങ്കുവയ്ക്കുന്നത്” – “ബസ്ഫീഡ് ഇന്ത്യ” എന്ന ഓൺലൈൻ മാധ്യമത്തിന്റെ സ്ഥാപക എഴുതിയ വാക്കുകളാണ്.

വായിച്ചപ്പോൾ തോന്നി അതു കൊണ്ടാണ്, അതുകൊണ്ട് മാത്രമാണ്, ഞാനും ഇവിടെ രാഷ്ട്രീയം പറയുന്നത് എന്ന്. ഉറങ്ങാൻ കിടന്നിട്ടും ആ വരികൾ മനസ്സിൽനിന്ന് മാഞ്ഞു പോകാതിരുന്നതുകൊണ്ട് ഒരു പോസ്റ്റ് കൂടി ഇടാനായി എഴുന്നേറ്റു വന്നു.

ഇന്ത്യയിലും കേരളത്തിലും ഭൂരിപക്ഷം ആളുകളും ഏതെങ്കിലും ദൈവങ്ങളിൽ വിശ്വസിക്കുന്നവരാണ്. ഈ ദൈവങ്ങളും അവരുടെ മതങ്ങളുമൊക്കെ അപകടത്തിലാണെന്നത് സ്ഥിരം പല്ലവിയുമാണ്. പക്ഷേ, നിങ്ങളുടെ വിശ്വാസങ്ങൾ ശരിയാണെങ്കിൽ ഈ ദൈവങ്ങളൊക്കെ സർവശക്തരും സ്വയം രക്ഷിക്കാനുള്ള കഴിവുള്ളവരുമാണ്. അവർക്ക് നിങ്ങളുടെ പ്രൊട്ടക്ഷൻ ആവശ്യമില്ല. നിങ്ങളുടെ വോട്ടും.

ഇന്ത്യൻ ഭരണഘടന അങ്ങനെയല്ല. അത് സർവ്വശക്തമല്ല. മനുഷ്യൻ മനുഷ്യന് വേണ്ടി ഉണ്ടാക്കിയതാണ്. അതിൻ്റെ രക്ഷ മനുഷ്യന്റെ കയ്യിൽ തന്നെയാണ്. ഞാനും നിങ്ങളും ആവശ്യസമയത്ത് രക്ഷിച്ചില്ലെങ്കിൽ അത് വെറും കടലാസായി മാറും.

അതുകൊണ്ട് എന്താണ് കുഴപ്പം? ഇന്ത്യ ഒരു രാജ്യമാണെന്നും, എന്ത് തരം രാജ്യമാണെന്നും നിർവചിക്കുന്നത് ഈ ഭരണഘടനയാണ്. മനുഷ്യർ തുല്യരാണെന്നും അവർക്ക് അവകാശങ്ങൾ ഉണ്ടെന്നും ഉള്ള തത്വങ്ങളുടെ അടിസ്ഥാനം ഭരണഘടനയിലാണ്. പാർലമെന്റിനെ പാർലമെന്റ് ആക്കുന്നതും, മന്ത്രിയെ മന്ത്രി ആക്കുന്നതും കോടതിയെ കോടതി ആക്കുന്നതും ഒക്കെ ഭരണഘടന തന്നെ. ഭരണഘടന ഇല്ലെങ്കിൽ ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരുപിടി മണ്ണാണ്; നമ്മൾ വെറുമൊരു ആൾക്കൂട്ടവും.

ഇതെങ്ങനെ നിങ്ങളെ ബാധിക്കുന്നു എന്ന് ചോദിച്ചാൽ, നിങ്ങൾ ഇന്നനുഭവിക്കുന്ന അവകാശങ്ങളുടെയൊക്കെ ഉറവിടം ഭരണഘടനയിലാണ്. നിങ്ങൾ പൊതു വഴിയേ നടക്കുമ്പോൾ ആരും നിങ്ങളെ വിലക്കാത്തതും, ആരുടേയും തീണ്ടാപ്പാടകലത്ത് നിൽക്കേണ്ടി വരാത്തതും ഇങ്ങനെ ഒരാവകാശമാണ്. സ്ഥലം എസ്ഐക്ക് നിങ്ങളോട് എന്തെങ്കിലും ഒരനിഷ്ടം തോന്നിയാൽ ഉടൻ നിങ്ങളെ വെടിവച്ച് കൊല്ലാനോ ജയിലിലടക്കാനോ പറ്റാത്തത് ഈ ഭരണഘടന ഉള്ളതുകൊണ്ടാണ്. അളന്ന് നിങ്ങൾ അതിരുകൾ സ്ഥാപിച്ച പറമ്പും ഗേറ്റ് കെട്ടിയടച്ച നിങ്ങടെ വീടും നിങ്ങളുടേതാകുന്നതും ഈ ഭരണഘടന കാരണമാണ്. ഭരണഘടന ഇല്ലാത്ത ഒരവസ്ഥയിൽ നിങ്ങളുടെ അവകാശങ്ങൾക്ക്, നിങ്ങളെക്കാൾ പ്രബലനായ ഒരാൾക്ക് മറിച്ച് തോന്നുന്നത് വരെയേ ആയുസുള്ളൂ.

ഈ ഭരണഘടനക്ക് ഒരു കുഴപ്പമുണ്ട്. നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതുപോലെ തന്നെ അത് മറ്റുള്ളവരുടെ അവകാശങ്ങളും സംരക്ഷിക്കും, നിങ്ങൾക്ക് വിയോജിപ്പ് ഉള്ളപ്പോൾ പോലും. പക്ഷേ, ചില സാഹചര്യങ്ങളിൽ ഭരണഘടനയുടെ പ്രവർത്തനങ്ങളോട് നിങ്ങൾക്ക് വിയോജിപ്പ് ഉണ്ട് എന്നതുകൊണ്ട് മാത്രം ഭരണഘടന കത്തിക്കാൻ കൂട്ടുനിൽക്കുന്നത് വിമാനത്തിൽ ഡ്രിങ്ക്സ് കിട്ടാത്തതിൽ കെറുവിച്ച് യാത്രക്കിടെ കോക്ക്പിറ്റിൽ കയറി പൈലറ്റുമാരെ കൊല്ലുന്നതിന് തുല്യമാണ്.

ഭരണഘടന ഇന്ന് ഭീഷണിയിലാണ്. ഭരണഘടനാ സ്ഥാപനങ്ങൾ പലതും ചെയ്യേണ്ട പണി ചെയ്യാതെ സർക്കാരിന്റെ ഏറാന്മൂളികൾ ആയിട്ടുണ്ട്. ഭരണഘടന തരുന്ന, സർക്കാർ സംരക്ഷിക്കേണ്ട, അവകാശങ്ങൾ ഉപയോഗിച്ചതിന്റെ പേരിൽ മാത്രം കുറെ മനുഷ്യർ കൊന്നു തള്ളപ്പെട്ടിട്ടുണ്ട്. “ആ പണ്ടാരം കത്തിക്കണം” എന്നൊക്കെ ഭരണഘടനയെക്കുറിച്ച് പറയാൻ ഇരുട്ടിന്റെ മറയോ മദ്യലഹരിയോ വേണ്ടെന്ന് ആയിട്ടുണ്ട്. ഇപ്പോൾ നടക്കുന്നത് ഒരു അവസാന ചെറുത്തു നിൽപ്പാണ്.

അടുത്തയിടെ ഞാൻ “ആസ്റ്ററിക്സ് ആൻഡ് ഒബെലിക്സ്” എന്ന കാർട്ടൂൺ പരമ്പര വായിച്ച് തുടങ്ങിയിട്ടുണ്ട്. ഫ്രഞ്ച്കാരുടെ പ്രദേശം (ഗോൽ) മുഴുവൻ റോമാ സാമ്രാജ്യത്തിന്റെ തേരോട്ടത്തിൽ വീണുപോയപ്പോഴും അവസാന ചെറുത്ത്നിൽപ്പ് നടത്തുന്ന ഒരു കൊച്ചു ഗ്രാമത്തിന്റെ, അവിടുത്തെ വീരന്മാരുടെ കഥ. ഞാനെപ്പോഴും വീമ്പ് പറയും കാവിഭീകരതയെ ചെറുത്തുനിൽക്കുന്ന കേരളം ആ ഗ്രാമം പോലെയാണെന്ന്. രാജ്യം മുഴുവൻ അവരുടെ തേരോട്ടത്തിൽ വീണു പോയാലും പ്രതീക്ഷയുടെ ഈ ചെറിയ തുരുത്ത് ബാക്കിയുണ്ടാവും. അവിടെ നമ്മൾ പൊരുതും. ഓണവും, ക്രിസ്മസും ഈദുമൊക്കെ ഒന്നിച്ച് ആഘോഷിക്കുന്ന നമ്മുടെ ജീവിത രീതി തുടരാൻ. ബീഫിന്റെ കാര്യം വരുമ്പോ വഴക്കിന്റെ വിഷയം ആർക്കാണ് കൂടുതൽ കിട്ടിയത് എന്ന് മാത്രമാവുന്ന നമ്മുടെ ആചാരം സൂക്ഷിക്കാൻ. ഞായറാഴ്ച രാവിലെ ശ്രീകൃഷ്ണൻ സീരിയൽ കണ്ടിട്ട് പള്ളിയിലേക്കോടുന്ന, എല്ലാ മലയാള മാസവും അടുത്ത വീട്ടുകാർക്ക് കണികാണാൻ പാകത്തിന് കുളിചൊരുങ്ങി പോകുന്ന, എൻ്റെ ബാല്യകാല സ്മരണകൾ അടുത്ത തലമുറയ്ക്ക് വെറും പഴങ്കഥകൾ ആകാതിരിക്കാൻ. ഇനി ഇതൊന്നും നടന്നില്ലെങ്കിലും പൊരുതി എന്ന് കൊച്ചുമക്കളോട് പറയാൻ.

ദൈവങ്ങൾ അപകടത്തിലാണെങ്കിൽ അവർ അവരെത്തന്നെ നോക്കിക്കോളും. ഭരണഘടന അപകടത്തിലാണ്. നമ്മുടെ പ്രതീക്ഷയുടെ ഈ അവസാന തുരുത്തും. ഇത് രണ്ടും രക്ഷിക്കാൻ നമ്മളേയുള്ളൂ. ദയവായി അതിനായി വോട്ട് ചെയ്യുക.

%d bloggers like this: