
ന്യൂഡല്‍ഹി :
അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ഫോനിയെ നേരിടാന്‍ വന്‍ സുരക്ഷ സന്നാഹമൊരുക്കി ഒഡീഷ . കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ഉണ്ടാകാന്‍ പോകുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിതെന്നാണ് വിലയിരുത്തല്‍ . ഒഡീഷയിലെ 14 ജില്ലകളില്‍ നിന്നായി 11.5 പേരെയാണ് ഫോനി ആഞ്ഞടിക്കുന്നതിന് മുന്നോടിയായി ഒഴിപ്പിക്കുന്നത് . ഇതിനോടകം മൂന്നര ലക്ഷം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി . തീര പ്രദേശത്തും തെക്കന്‍ ജില്ലകളിലുമായുള്ള 880 ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കായാണ് ഇവരെ മാറ്റുന്നത് .
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12നും രണ്ടിനും ഇടയില്‍ ഒഡീഷയിലെ പുരിക്ക് തെക്ക് കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍ . പതിനായിരം ഗ്രാമങ്ങളേയും 52 പട്ടണങ്ങളേയും ഫോനി നേരിട്ട് ബാധിക്കുമെന്നാണ് വിലയിരുത്തല്‍ .
മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ വരെ ഫോനി ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ് . ഒഡീഷയിലെ ഒന്‍പത് ജില്ലകള്‍ക്ക് പുറമെ ആന്ധ്രപ്രദേശ് , ബംഗാള്‍ എന്നിവിടങ്ങളിലെ 10 ജില്ലകളില്‍ കൂടി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .
ഫോനിക്ക് മുന്നോടിയായി ഗതാഗത സംവിധാനങ്ങള്‍ക്കും പ്രദേശത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് . മേഖലയിലെ വിമാനത്താവളങ്ങള്‍ അടച്ചു . ഭുവനേശ്വറില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നിര്‍ത്തി വച്ചു . ബംഗാളില്‍ കൊല്‍ക്കത്തയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇന്ന് രാവിലെയോടെ അവസാനിപ്പിക്കും . പട്ന-എറണാകുളം എക്സ്പ്രസ് ഉള്‍പ്പെടെ 223 ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി . കാലാവസ്ഥ സാധാരണ നിലയില്‍ എത്തിയതിനു ശേഷം മാത്രമേ സര്‍വീസുകള്‍ പുനരാരംഭിക്കു . വിനോദ സഞ്ചാരികളോട് എത്രയും വേഗം കൊല്‍ക്കത്ത വിടണമെന്ന് ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് .
അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി കര , നാവിക , വ്യോമ സേനകള്‍ക്ക് പുറമെ തീര സംരക്ഷണ സേന , ദേശീയ ദുരന്ത നിവാരണ സേന , ഒഡീഷ ദ്രുത കര്‍മ്മ സേന , അഗ്നിശമന സേന എന്നിവരും രംഗത്തുണ്ട് . ആളുകളെ ഒഴിപ്പിക്കുന്നതിനും അവര്‍ക്ക് ഭക്ഷണവും മരുന്നുമുള്‍പ്പെടെയുള്ള അവശ്യ സൗകര്യങ്ങള്‍ എത്തിക്കുന്നതിനും പ്രാദേശിക ഭരണ കൂടങ്ങള്‍ക്ക് സേന സഹായം നല്‍കുന്നുണ്ട് .