BREAKING NEWS NATIONAL POLITICS

ബെംഗളൂരുവില്‍ തടങ്കല്‍പാളയം ഒരുങ്ങി; മതിലില്‍ മുള്ളുവേലി.

ബെംഗളൂരു:
ദേശീയ പൗരത്വപട്ടിക ദക്ഷിണേന്ത്യയിലേക്ക് വ്യാപിപ്പിക്കുമെന്നും കണക്കെടുപ്പ് തുടങ്ങിയെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി പ്രസ്താവിക്കുകയും ചെയ്തതിനു പിന്നാലെ ബെംഗളൂരുവിലെ തടങ്കല്‍പാളയം തയ്യാറായതായി റിപോര്‍ട്ട്. ഇന്ത്യയിലെ ഐടി ഹബ്ബെന്ന് വിശേഷണമുള്ള ബെംഗളൂരുവില്‍നിന്ന് വെറും 35 കിലോമീറ്റര്‍ അകലെ നേല്‍മംഗലയില്‍ തടങ്കല്‍പ്പാളയം പൂര്‍ണസജ്ജമായതായി അറിയിച്ചത്. ഇവിടെ പാര്‍പ്പിക്കുന്നവര്‍ രക്ഷപ്പെടാതിരിക്കാന്‍ ക്യാംപിന്റെ മതിലുകള്‍ മുള്ളുവേലികള്‍ സ്ഥാപിച്ചതായി ‘ദി കോഗ്നൈറ്റ്.കോം’ റിപോര്‍ട്ട് ചെയ്തു. ബെംഗളൂരു സെന്‍ട്രല്‍ എംപി പി സി മോഹന്റെ ചോദ്യത്തിന് ഉത്തരമായി, തടങ്കല്‍പ്പാളയം സജ്ജീകരണം അന്തിമഘട്ടത്തിലാണെന്ന് നേരത്തേ കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് മറുപടി നല്‍കിയിരുന്നു. മാത്രമല്ല, ബംഗ്ലാദേശില്‍നിന്ന് അനധികൃതമായി കുടിയേറിയവരെന്ന് ആരോപിച്ച് 143 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 114 പേരെ നാടുകടത്തുകയും ചെയ്തിരുന്നു.

2018-ല്‍ കോണ്‍ഗ്രസ്-ജനതാദള്‍(എസ്) സഖ്യസര്‍ക്കാര്‍ സംസ്ഥാനം ഭരിക്കുമ്പോഴാണ് തടങ്കല്‍പ്പാളയം സ്ഥാപിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ട് കത്ത് നല്‍കിയതെന്നതാണ് പ്രധാനവസ്തുത. ബിജെപി ഭരിക്കുന്ന കര്‍ണാടകയിലെ ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ വ്യാഴാഴ്ചയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനാവശ്യമായ കണക്കെടുപ്പ് തുടങ്ങിയെന്നും അറിയിച്ചത്.

ഇന്ത്യയിലുടനീളം എന്‍ആര്‍സി നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെന്നും അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ആളുകള്‍ വന്ന് സ്ഥിരതാമസമാക്കുന്ന സംസ്ഥാനങ്ങളിലൊന്നായതിനാല്‍ കര്‍ണാടകയിലും ധാരാളം പ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ എല്ലാ വിവരങ്ങളും ശേഖരിക്കുകയും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തി മുന്നോട്ട് പോവുമെന്നും ബൊമ്മൈ പറഞ്ഞിരുന്നു. അസമിനു ശേഷം എന്‍ആര്‍സി നടപ്പാക്കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമായി കര്‍ണാടക മാറുമെന്നാണു കരുതുന്നത്. അസമില്‍ കഴിഞ്ഞ മാസം പുറത്തിറക്കിയ അന്തിമ പൗരത്വപട്ടികയില്‍ നിന്ന് 19 ലക്ഷം പേരാണ് പുറത്തായത്. അസമില്‍ ആദ്യമായി എന്‍ആര്‍സി തയ്യാറാക്കിയത് 1951ലാണ്. ഇതുപ്രകാരം പൗരത്വം തെളിയിക്കാന്‍ അസം ജനത 1971 മാര്‍ച്ച് 25ന് മുമ്പ് അസമില്‍ ജനിച്ചതായി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. ഇതാണ് നിരവധി നിയമപ്രശ്‌നങ്ങളെല്ലാം മറികടന്ന് കഴിഞ്ഞ മാസം അന്തിമ പട്ടിക പുറത്തിറത്തിയത്.

READ ALSO  കോണ്‍ഗ്രസ് നേതാവിന്‍റെ റാലിയില്‍ കാവിയണിഞ്ഞ് പൊലീസ്; വിവാദം..

അയല്‍ രാജ്യമായ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുകയാണ് എന്‍ആര്‍സിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും മുസ് ലിംകളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ നിരന്തരം സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച പശ്ചിമ ബംഗാളില്‍ നടത്തിയ പ്രസംഗത്തിനിടെയും ആഭ്യന്തര മന്ത്രി അമിത് ഷാ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. പൗരത്വ ഭേദഗതി ബില്ല് നടപ്പാക്കുമ്പോള്‍ രാജ്യത്തെ ഹിന്ദുക്കളും സിഖുകാരും ജൈനരും ബുദ്ധന്‍മാരും ക്രിസ്ത്യാനികളും ആശങ്കപ്പെടേണ്ടെന്നായിരുന്നു അമിത്ഷായുടെ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: