Ernamkulam KERALA

ബ്രോഡ്‌വേ തീപിടുത്തം ; ഷോര്‍ട്ട് സര്‍ക്ക്യൂട്ടെന്ന വാദം തള്ളി കെ.എസ്.ഇ.ബി..

img

എറണാകുളം :ബ്രോഡ് വേ തീപിടുത്ത കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് സൂചന. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്ത കാരണമെന്ന അഗ്‌നിശമന വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് കെ.എസ്.ഇ.ബി തള്ളി .ജനറേറ്ററില്‍ നിന്നോ,തകരാറിലായ എയര്‍ക്കണ്ടീഷന്‍ കംപ്രസറില്‍ നിന്നോ ഉണ്ടായ തീ ആളിപടര്‍ന്നതാകാമെന്നാണ് കെ.എസ്.ഇ.ബിയുടെ പ്രാഥമിക വിലയിരുത്തല്‍.ഇതിനിടെ കച്ചവട സ്ഥാപനങ്ങളിലെ അഗ്‌നിശമന സംവിധാനങ്ങള്‍ കാലാനുസൃതമായി നവീകരിക്കണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചു.തിങ്കളാഴ്ച രാവിലെ പത്തു മണിയോടെ ബ്രോഡ് വേ ക്‌ളോത്ത് ബസാറില്‍ ഉണ്ടായ തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്നായിരുന്നു പ്രാഥമിക നിഗമനം . ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അഗ്‌നിശമന വിഭാഗം ജില്ലാ കളക്ടര്‍ക്ക് നല്‍കിയിരുന്നു .എന്നാല്‍ ഇതുമായി യോജിക്കുന്നതല്ല കെ.എസ്.ഇ.ബിയുടെ കണ്ടെത്തലുകള്‍ . ഷോര്‍ട്ട് സര്‍ക്ക്യൂട്ടിന് കാരണമായ തെളിവുകളൊന്നും ആദ്യം തീ പടര്‍ന്ന കെ.സി.പാപ്പു ആന്റ് സണ്‍സില്‍ കണ്ടെത്താനായിട്ടില്ലെന്നാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ അറിയിച്ചത് . ഇവിടെ മുകള്‍ നിലയില്‍ വച്ചിരുന്ന പെട്രോള്‍ ജനറേറ്ററില്‍ നിന്നോ , തീ ആദ്യം ഉയര്‍ന്ന ഭാഗത്തുണ്ടായിരുന്ന എ.സി.കംപ്രസറില്‍ നിന്നോ തീ ഉയര്‍ന്നതാകാമെന്നാണ് കെ.എസ്.ഇ.ബി വിലയിരുത്തല്‍ .പെട്രോള്‍ ജനറേറ്റര്‍ ഇവിടെ പ്രവര്‍ത്തിപ്പിച്ചിരുന്നുവെന്ന് പാര്‍ട്ണര്‍ കെ.പി.ജോണി പറഞ്ഞു .തീപിടുത്തത്തില്‍ മൂന്ന് കടകള്‍ പൂര്‍ണമായും , രണ്ടെണ്ണം ഭാഗികമായും കത്തിനശിച്ചിരുന്നു . ബ്രോഡ് വെയിലെ ഇടുങ്ങിയ വഴികള്‍ ഫയര്‍ ഫോഴ്സിന്റെ ദ്രുത ഗതിയിലുള്ള രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമായിരുന്നു .കച്ചവട സ്ഥാപനങ്ങള്‍ അഗ്‌നി ശമന സംവിധാനങ്ങള്‍ കാലാനുസൃതമായി നവീകരിച്ചില്ലെങ്കില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് തീപിടുത്ത സാഹചര്യത്തില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന്‍ അറിയിച്ചു .ഫോറന്‍സിക് വിഭാഗം , ബോംബ് സ്‌ക്വാഡ് , കൊച്ചി നഗരസഭാ കെട്ടിട വിഭാഗം , റവന്യൂ വിഭാഗം എന്നിവര്‍ തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ പരിശോധന നടത്തി . ഡോഗ് സ്‌ക്വാഡും എത്തി .അടുത്തടുത്ത് നിരവധി കച്ചവട സ്ഥാപനങ്ങള്‍ പ്രവൃത്തിക്കുന്ന ബ്രോഡ് വേയില്‍ ഇടയ്ക്കിടെ ചെറുതും വലുതുമായ തീപിടുത്തങ്ങള്‍ ഉണ്ടാകുന്നത് കച്ചവടക്കാരെയും , ഇവിടെ എത്തുന്നവരെയും ആശങ്കയിലാക്കുന്നുണ്ട് ./

%d bloggers like this: