മഞ്ചേശ്വരത്ത് യു.ഡി.എഫിന് പിന്തുണ ആഹ്വാനം ചെയ്ത് SDPI അടക്കമുള്ള സംഘടനകള്‍ രംഗത്ത്.

KERALA POLITICS

കാസര്‍കോട്

മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.ജെ.പിയെ തടയാന്‍ യു.ഡി.എഫിന് പിന്തുണ ആഹ്വാനം ചെയ്ത് വിവിധ സംഘടനകള്‍ രംഗത്ത്. കഴിഞ്ഞ ദിവസം ഉപ്പളയില്‍ ചേര്‍ന്ന മഞ്ചേശ്വരം നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുല്‍ മജീദ് ഫൈസിയാണ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ സ്ഥാനാര്‍ത്ഥിയുടെ പരാജയം ഉറപ്പുവരുത്താന്‍ ഏറ്റവും വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്തിയെ വിജയിപ്പിക്കുക എന്നതാണ് പാര്‍ട്ടി നിലപാടെന്നും മജീദ് ഫൈസി വ്യക്തമാക്കിയിരുന്നു.

നേരത്തെ വെല്‍ഫയര്‍ പാര്‍ട്ടി യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. സംസ്ഥാന തലത്തില്‍തന്നെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണക്കുമെന്നാണ് നേതാക്കള്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ സ്ഥാനാര്‍ത്ഥി പര്യടനത്തിലും മറ്റും സജീവമായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടി.

മഞ്ചേശ്വരത്ത് സമസ്ത ഇ.കെ- എ.പി വിഭാഗം, പി.ഡി.പി, ജമാഅത്ത് ഇസ്ലാമി എന്നിവയുടെയും പിന്തുണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് തന്നെയാണ്. വോട്ടെടുപ്പിലും ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാന്‍ യു.ഡി.എഫിന് സാധിച്ചാല്‍ വലിയ ഭൂരിപക്ഷം നേടാനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.