മടുത്തു… ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിട്ടേക്കും.

FOOT BALL GENERAL KERALA

കൊച്ചി:

കേരളത്തിന്റെ സ്വന്തം ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിടാനുള്ള ആലോചനയിൽ. കൊച്ചി കോർപ്പറേഷൻ, ജി.സി.ഡി.എ., പോലീസ്, കേരള ഫുട്ബോൾ അസോസിയേഷൻ എന്നിവയുടെ നിസ്സഹകരണംമൂലം ഹോം ഗ്രൗണ്ടായ കൊച്ചി ജവാഹർലാൽ നെഹ്രു സ്റ്റേഡിയം വിടാൻ ആലോചിക്കുന്നതായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിലെ ഉന്നതകേന്ദ്രങ്ങൾ സൂചിപ്പിച്ചു. മൂന്നാം തീയതി നടക്കുന്ന ഉന്നതതല യോഗത്തിൽ തീരുമാനമുണ്ടായേക്കും.

വർഷങ്ങൾക്കുമുമ്പ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) ടീമായിരുന്ന കൊച്ചി ടസ്കേഴ്സ് കേരളയും സമാന സാഹചര്യങ്ങൾ നേരിട്ടിരുന്നു. കലൂർ സ്റ്റേഡിയത്തിൽ കളി നടത്താനുള്ള അനുമതിമുതൽ സുരക്ഷവരെ എല്ലാകാര്യങ്ങളിലും വൻ തടസ്സങ്ങളാണ് നേരിടേണ്ടിവരുന്നതെന്ന് മാനേജ്മെന്റ് വൃത്തങ്ങൾ പറഞ്ഞു. അതിനുപുറമേ വിനോദനികുതികൂടി അടിച്ചേൽപ്പിക്കുമെന്നാണ് കോർപ്പറേഷന്റെ പുതിയ ഭീഷണി. ഫുട്ബോൾ മത്സരങ്ങൾ നടത്താൻവേണ്ട സാഹചര്യമൊരുക്കേണ്ട കെ.എഫ്.എ.യും കാര്യമായൊന്നും ചെയ്യുന്നില്ലെന്നാണ് ബ്ലാസ്റ്റേഴ്സ് അധികൃതരുടെ വാദം. ടീമിന്റെ പരിശീലനത്തിന് പനമ്പിള്ളി നഗറിലെ സ്റ്റേഡിയം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടുമുണ്ടായി തർക്കങ്ങൾ. ഇതുസംബന്ധിച്ച കരാർ ഒപ്പിടുന്നതിൽ കേരള സ്പോർട്സ് കൗൺസിലും ജില്ലാ സ്പോർട്സ് കൗൺസിലും തമ്മിലുള്ള വടംവലിയും ബ്ലാസ്റ്റഴ്സിനെ വലച്ചു. സർക്കാർ ഇടപെട്ട് കേരള സ്പോർട്സ് കൗൺസിൽ തന്നെ കരാറൊപ്പിടാൻ നിർദേശം നൽകുകയായിരുന്നു. സർക്കാർ ഇടപെടലുണ്ടായതുകൊണ്ടുമാത്രമാണ് മത്സരങ്ങൾ ഇത്രയെങ്കിലും നടത്താനായതെന്നും ഇത്തരത്തിൽ ഇനി മുന്നോട്ടുപോകാനാകില്ലെന്നുമാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പറയുന്നത്.