Kasargod പരിസ്ഥിതി.

മണലൂറ്റുകാർക്കെതിരേ നാടൊരുമിച്ച് പ്രക്ഷോഭത്തിന്..

img

വലിയപറമ്പ്:

നാടിന്‍റെ നിലനിൽപ്പ് തന്നെ അവതാളത്തിലാവുന്ന തരത്തിൽ മണലൂറ്റൽ നടക്കുന്ന വലിയപറമ്പിന്‍റെ വടക്കൻ മേഖലയിൽ ഇതിനെതിരെ പ്രക്ഷോഭത്തിന്‌ നാടൊരുങ്ങുന്നു.

ഇതിന്‍റെ ഭാഗമായി പരിസ്ഥിതി ഗ്രാമസഭയും വിളിച്ചു ചേർക്കും. മാവിലാകടപ്പുറം യുപി സ്കൂളിൽ നടന്ന കൺവൻഷനിലാണ് സമരപരിപാടികൾക്ക് രൂപം നൽകിയത്. മണലൂറ്റൽ വ്യാപകമായ പശ്ചാത്തലത്തിലാണ് നാടിനു ഭീഷണിയാകുന്ന മണൽ ഊറ്റിയെടുക്കുന്നവർക്കെതിരേ ഒരു നാട് കൈകോർക്കുന്നത്.
വലിയപറമ്പ് പഞ്ചായത്തിലെ 13 വാർഡുകളിലും പരിസ്ഥിതി ഗ്രാമസഭ വിളിച്ചുചേർക്കാനും പഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. അബ്ദുൾ ജബ്ബാറിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
ദിവസവും 1000 ത്തോളം ലോഡ് മണലാണ് ഈ മേഖലയിൽ നിന്നും മറുനാടുകളിലേക്ക് പോകുന്നതായി നാട്ടുകാർ ആരോപിക്കുന്നത്. മണൽ ഊറ്റിയെടുത്ത് കടത്തുന്നത് മൂലം മത്സ്യമേഖലയിലും കടുത്തക്ഷാമമാണ് നേരിടുന്നതെന്ന് യോഗം വിലയിരുത്തി. മത്സ്യകുഞ്ഞുങ്ങളെ പോലും നശിപ്പിക്കുന്ന തരത്തിൽ പ്രജനനത്തെ ബാധിക്കുകയാണ്.

READ ALSO  കര്‍ഷകക്ഷേമ ബോര്‍ഡ് അടുത്ത മാസം മുതല്‍

ഉപ്പുവെള്ളം കയറുന്നതിനാൽ ശുദ്ധജലക്ഷാമവും ഇവിടങ്ങളിൽ നേരിടുകയാണ്.
മറ്റിടങ്ങളിൽ നിന്ന് കുടിവെള്ളം എത്തിക്കേണ്ട സ്ഥിതിയാണ് ഇപ്പോളുള്ളത്. പുലിമുട്ട് സ്ഥാപിച്ചെങ്കിലും മാവിലാകടപ്പുറം പന്ത്രണ്ടിൽ, പടന്നകടപ്പുറം, വലിയപറമ്പ് സെൻട്രൽ മുതൽ തെക്കോട്ടുള്ള ഭാഗങ്ങളിലും വ്യാപകമായി മണൽത്തിട്ട ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. തീരദേശ റോഡ് പോലും കടലെടുക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
ജില്ലാ കളക്ടർ, പോർട്ട് ഓഫീസർ ഉൾപ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കാണുന്നതിനായി സബ് കമ്മിറ്റിക്കും രൂപം നൽകി.

പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ജനങ്ങൾക്ക് പരിസ്ഥിതി അവബോധം നൽകാനും പ്രാദേശിക പ്രശ്നങ്ങൾ കണ്ടെത്താനും പരിസ്ഥിതി ഗ്രാമസഭ വിളിച്ചുചേർക്കാൻ തീരുമാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. ശാരദ,അംഗങ്ങളായ സുമ കണ്ണൻ,എം.കെ.എം. അബ്ദുൽ ഖാദർ,എം.വി. സരോജിനി,എം.സി. സുഹറ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.വി. ഗംഗാധരൻ,വി.വി. ഉത്തമൻ,കെ.കെ. കുഞ്ഞബ്ദുള്ള,എം. അബ്ദുൾസലാം,കെ.എം.സി. ഇബ്രാഹിം,ഉസ്മാൻ പാണ്ട്യാല,വി.എം. ബാലൻ,ഒ.കെ. ബാലകൃഷ്ണൻ,കെ. മധുസൂദനൻ,എം.ടി. ഷഫീക്ക്,ഖാദർ പാണ്ട്യാല, എൻ. സലാം,കെ. മുസ്തഫ,പി.വി. രാമകൃഷ്ണൻ,കെ. അജേഷ്,കെ.എം. സുരാഗ്,കെ. കുമാരൻ എന്നിവർ പ്രസംഗിച്ചു.

%d bloggers like this: